മാനസാന്തരപ്പെട്ട യഹൂദനായിരുന്നു ക്ലമന്റ് എന്നാണ് പാരമ്പര്യം പറയുന്നത്. പത്രോസിന്റെയും പൗലോസിന്റെയും ശിഷ്യനായിരുന്നു. പൗലോസ് ഫിലിപ്പിയര്‍ക്കുള്ള തന്റെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ക്ലമന്റ് എന്ന സഹപ്രവര്‍ത്തകനും ഇദ്ദേഹമാണെന്നു കരുതുന്നു. ലിയോണ്‍സിലെ വി. ഇരണേവൂസ് രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വി. ക്ലമന്റിനെപ്പറ്റി ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്:
''അപ്പസ്‌തോലന്മാരെ അയാള്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. അവരുടെ വാക്കുകള്‍ അയാളുടെ ചെവിയില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.'' വി. അനാക്ലിറ്റസിനുശേഷം പോപ്പായ ക്ലമന്റ് 88 മുതല്‍ 100 വരെ സഭയെ ഭരിച്ചു. സഭയുടെ നാലാമത്തെ പോപ്പായ ക്ലമന്റിനെ ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് തടവിലാക്കി ക്രിമിയയിലേക്ക് നാടുകടത്തി.
അവിടെ രണ്ടായിരത്തോളം വരുന്ന ക്രിസ്ത്യാനികള്‍ക്ക് ആശ്വാസവും സഹായവുമായിരുന്നു അദ്ദേഹം. വി. ക്ലമന്റിനെ കടലിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ക്ലമന്റിന്റെ ലേഖനങ്ങള്‍ സാര്‍വ്വത്രികമായി അംഗീകരിക്കുകയും ഞായറാഴ്ചകളില്‍ പൗരസ്ത്യരും പാശ്ചാത്യരും പള്ളികളില്‍ വായിക്കുകയും ചെയ്തിരുന്നു. 96-ല്‍ അദ്ദേഹം രചിച്ച കൊറിന്ത്യന്‍സിനുള്ള ലേഖനം വളരെ പ്രസിദ്ധമാണല്ലോ. സഭയുടെ ആദ്യകാലത്തെ അമൂല്യ രേഖകളില്‍ ഒന്നാണ് ആ ലേഖനം.