വിശുദ്ധ എലീജിയസ് (588-660) : ഡിസംബര്‍ 1

വിശുദ്ധ എലീജിയസ് (588-660) : ഡിസംബര്‍ 1

ഫ്രാന്‍സില്‍ ലിമോഗെ നഗരത്തിലാണ് റോമന്‍ മാതാപിതാക്കളുടെ മകനായി എലീജിയസ് ജനിച്ചത്. സമര്‍ത്ഥനായ സ്വര്‍ണ്ണപ്പണിക്കാരനും ഇരുമ്പുപണിക്കാരനുമായിരുന്നു അയാള്‍. രാജാവായ ക്ലോട്ടെയര്‍ രണ്ടാമനുവേണ്ടി സ്വര്‍ണ്ണവും വിലപിടിപ്പുള്ള കല്ലുകളും ഉപയോഗിച്ച് മനോഹരമായ ഒരു സിംഹാസനം ഉണ്ടാക്കി. കളങ്കമില്ലാത്ത ജീവിതവും സത്യസന്ധതയും കണ്ട് അവനെ മര്‍സെയില്‍സിലെ നാണയശാലയിലെ മാസ്റ്ററാക്കി. അവിടെയായിരിക്കുമ്പോഴും പാവപ്പെട്ട തടവുകാരെ സഹായിക്കാന്‍ അയാള്‍ സംഭാവനകള്‍ സംഭരിച്ചുകൊണ്ടിരുന്നു. ജയില്‍ മോചിതരായ സാക്‌സണ്‍സ്, ബ്രട്ടന്‍സ്, മൂര്‍സ് എന്നിവര്‍ ധാരാളമായി ആ തുറമുഖത്തു വന്നുകൊണ്ടിരുന്നു. അത്മായനായിരുന്ന അദ്ദേഹം സന്ന്യാസികള്‍ക്കായുള്ള ഐറിഷ് നിയമം, വി. കൊളുമ്പന്‍ ഹോളില്‍ പ്രാവര്‍ത്തികമാക്കിയത്, നടപ്പിലാക്കിക്കൊണ്ട് കൊട്ടാരത്തിനുള്ളിലെ ജീവിതം സംസ്‌കാരസമ്പന്നമാക്കി.

ധാരാളം ആശ്രമങ്ങളും മഠങ്ങളും സ്ഥാപിക്കുന്നതിന് എലീജിയസ് മുന്‍കൈയെടുത്തു. പാരീസിലുള്ള ഒരു കോണ്‍വെന്റില്‍ മുന്നൂറോളം കന്യകകളുണ്ടായിരുന്നു. 639-ല്‍ ഡാഗൊബെര്‍ട്ട് ഒന്നാമന്‍ മരണമടഞ്ഞപ്പോള്‍ എലീജിയസ് കൊട്ടാരം വിട്ടുപോകുകയും പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അടുത്ത വര്‍ഷം തന്നെ നോയല്‍ എന്ന രൂപതയുടെ ബിഷപ്പായി നിയമിതനായി. ഫ്‌ളാണ്ടേഴ്‌സ് എന്ന പ്രദേശം ഉള്‍ പ്പെട്ടതായിരുന്നു ആ രൂപത. വിഗ്രഹാരാധകരും അന്ധവിശ്വാസികളും ധാരാളമുണ്ടായിരുന്ന ആ രൂപതയെ അത്തരം മൂഢവിശ്വാസങ്ങളില്‍നിന്നു മോചിതമാക്കി സത്യവിശ്വാസം പ്രചരിപ്പിക്കുവാനായിരുന്നു പിന്നീടുള്ള ഇരുപതു വര്‍ഷത്തെ എലീജിയസിന്റെ ശ്രമം. 660 ഡിസംബര്‍ 1-ന് അദ്ദേഹം നിര്യാതനായി.
ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന എലീജിയസ് ഇന്നും ഫ്‌ളാണ്ടേഴ് സിലും ഫ്രാന്‍സിലും ഏറ്റവും ജനസമ്മതനായ വിശുദ്ധനാണ്. സ്വര്‍ണ്ണപ്പണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. എലീജിയസ്.

മക്കളേ, കരയാതിരിക്കൂ; എന്നോടൊപ്പം സന്തോഷിക്കൂ. ഈ മുഹൂര്‍ത്തമാണ് ഞാന്‍ കാത്തിരുന്നത്. ഈ ലോകത്തിന്റെ കഷ്ടപ്പാടുകളില്‍ നിന്നെല്ലാമുള്ള മോചനമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്.
വി. എലീജിയസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org