വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി  (1696-1787) : ആഗസ്റ്റ്‌ 1

വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി  (1696-1787) : ആഗസ്റ്റ്‌ 1
ഫലം വേണ്ടവരെല്ലാം വൃക്ഷത്തിന്റെ ചുവട്ടില്‍ ചെല്ലണം; യേശുവിനെ ലഭിക്കേണ്ടവര്‍ മേരിയുടെ പക്കല്‍ ചെല്ലണം; മേരിയെ കണ്ടെത്തുന്നവര്‍ തീര്‍ച്ചയായും യേശുവിനെയും കണ്ടെത്തും.
വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

ഏഴു മക്കളുള്ള ഒരു സമ്പന്ന കുടുംബത്തിലെ മൂത്തമകനായിരുന്നു അല്‍ഫോന്‍സസ്. എല്ലാ വര്‍ഷവും അച്ഛനുമൊത്ത് ഏതെങ്കിലും ആശ്രമത്തില്‍ പോയി ധ്യാനത്തില്‍ പങ്കെടുക്കുക പതിവായിരുന്നു. അസാധാരണ ബുദ്ധിസാമര്‍ത്ഥ്യവും കഴിവുമുണ്ടായിരുന്ന അല്‍ഫോന്‍സസ് പതിനാറാമത്തെ വയസ്സില്‍ നിയമത്തില്‍ ഡോക്ടറേറ്റു പാസ്സായി. ഉടന്‍ പ്രാക്ടീസു തുടങ്ങിയ അദ്ദേഹം അഭിഭാഷകനായി വിജയിക്കുകയും ചെയ്തു. പക്ഷേ, ഇരുപത്തിയേഴാമത്തെ വയസ്സില്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ദൈവികമായ ഒരു പ്രചോദനത്താല്‍ പ്രാര്‍ത്ഥനയിലും കാരുണ്യപ്രവര്‍ത്തികളിലും മുഴുകി ജീവിക്കാന്‍ തുടങ്ങി. അങ്ങനെ സാധുജനസേവനം വ്രതമാക്കി 1726-ല്‍ പൗരോഹിത്യം സ്വീകരിച്ചു. "അയല്‍ ക്കാരന്റെ ധാര്‍മ്മികനന്മ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ കാരുണ്യപ്രവൃത്തി" എന്നദ്ദേഹം മനസ്സിലുറപ്പിച്ചു.

പ്രായോഗിക ജീവിതത്തില്‍ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ദൈവത്തിന്റെ തിരുമനസ്സ് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു അല്‍ഫോന്‍സസിന്റേത്. അങ്ങനെ 1732 നവംബര്‍ 9-ന് പരമ വിശുദ്ധനായ രക്ഷകന്റെ നാമത്തില്‍ ഒരു സന്ന്യാസസഭയ്ക്ക് ആരംഭം കുറിച്ചു. അതാണ് പിന്നീട് "റെഡംപ്റ്ററിസ്റ്റ്" സഭയായി പ്രചാരം നേടിയത്. ഇരുപതു വര്‍ഷം കൊണ്ട് ഇറ്റലിയിലെ നേപ്പിള്‍സ് മുഴുവന്‍ മിഷന്‍ സ്പിരിറ്റോടെ യാത്ര ചെയ്തു.

1952 നു ശേഷം നിരന്തരമായ എഴുത്തിലേക്കു തിരിഞ്ഞു. ധര്‍മ്മശാസ്ത്രമായിരുന്നു മുഖ്യവിഷയം. വിവിധ സന്യാസസഭകള്‍ അനുവര്‍ത്തിച്ചുപോന്ന വ്യത്യസ്തമായ ധാര്‍മ്മിക പദ്ധതികള്‍ക്കെല്ലാം മദ്ധ്യവര്‍ത്തിയായ ഒരു ചിന്തയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. "ധര്‍മ്മശാസ്ത്രപണ്ഡിതന്മാരിലെ രാജകുമാരനാ"യ അല്‍ഫോന്‍സസിന് കന്യകാ മാതാവിനോടും പരിശുദ്ധ കുര്‍ബാനയോടും പ്രത്യേക ഭക്തിയുണ്ടായിരുന്നു. അനേകം ശ്രദ്ധേയമായ രചനകള്‍ക്ക് ഇതു വഴിതെളിച്ചു. "The Glories of Mary", "The Way of Salvation", "The True Spouse of Christ" ഇവ മുഖ്യ കൃതികളാണ്. കൊച്ചുകൊച്ച് അപേക്ഷകളും നന്ദിപ്രകടനങ്ങളും സ്‌നേഹവചസ്സുകളും അദ്ദേഹം രചിച്ച പ്രാര്‍ത്ഥനകളുടെ പ്രധാന ഭാഗമാണ്. "പ്രാര്‍ത്ഥിക്കുന്നവന്‍ രക്ഷപ്പെടും; പ്രാര്‍ത്ഥിക്കാത്തവന്‍ നശിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. എല്ലാംകൂടി ഏറെക്കുറെ നൂറ്റി പതിനൊന്ന് രചനകള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയ്ക്ക് നാലായിരത്തോളം പതിപ്പുകള്‍ അറുപതു ഭാഷകളിലായി ഉണ്ടായിട്ടുണ്ട്. ജ്ഞാനമില്ലാത്ത ഭക്തി വ്യര്‍ത്ഥമാണ്; ഭക്തി കൂടാതെയുള്ള ജ്ഞാനവും അപകടമാണ്. അറിവും വിശുദ്ധിയും ഒരുമിച്ചേ പോകുകയുള്ളുവെന്ന് ഉദാഹരണസഹിതം അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

സെ. അഗാത്താ ദേയിഗോത്തി എന്ന കൊച്ചു രൂപതയുടെ ബിഷപ്പായി 1762-ല്‍ അദ്ദേഹം നിയമിതനായി. പതിമ്മൂന്നു വര്‍ഷക്കാലം ആ രൂപതയെ അടിമുടി നവീകരിക്കുന്നതിലുള്ള യജ്ഞത്തിലായിരുന്നു അല്‍ഫോന്‍സസ്. സെമിനാരികളിലെ വൈദിക പരിശീലനം, വൈദികരുടെ ജീവിതം, സന്ന്യാസ ഭവനങ്ങള്‍ എല്ലാം ശ്രദ്ധാപൂര്‍വ്വം നവീകരിക്കപ്പെട്ടു. കൂടാതെ, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി; ആരാധനക്രമം സംബന്ധിച്ച കശപിശകള്‍ അവസാനിപ്പിച്ചു; വിശ്വാസി സമൂഹത്തെ നന്നായി ബോധവല്‍ക്കരിച്ചു; രോഗീശുശ്രൂഷയ്ക്കും ദരിദ്രരുടെ സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി.

ഏതായാലും രൂപതയെ രക്ഷിക്കാന്‍ വേണ്ടി അല്‍ഫോന്‍സസ് ചെയ്ത കഠിനാദ്ധ്വാനം അദ്ദേഹത്തെ തീരാരോഗിയാക്കി. മെത്രാന്റെ ഭാരിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് 79 വയസ്സായിരുന്നു. പിന്നീടുള്ള 12 വര്‍ഷക്കാലം ജീവിതത്തിലെ അവരോഹണ സമയമായിരുന്നു. കേള്‍വിശക്തി നഷ്ടപ്പെട്ടു; ഭാഗികമായി കാഴ്ചയും മങ്ങി; മിക്ക സമയവും കിടക്കയെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു.

അതിനേക്കാള്‍ ദയനീയമായത് 1749-ല്‍ പോപ്പ് ബനഡിക്ട് XIV അംഗീകാരം നല്‍കിയ റെഡംപ്റ്ററിസ്റ്റു സഭാനിയമങ്ങള്‍ക്കു മാറ്റം വരുത്താന്‍ താന്‍ അനുമതി നല്‍കുന്നതായുള്ള സമ്മതപത്രത്തില്‍, അതാണെന്നറിയാതെ ഒപ്പിടേണ്ടിവന്നതാണ്. അതിന്റെ ഫലമായി റെഡംപ്റ്ററിസ്റ്റു സഭയിലുണ്ടായിരുന്ന സകല അധികാരങ്ങളിലും നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. അങ്ങനെ ആ സഭ രണ്ടായി പിളര്‍ന്നു; അദ്ദേഹത്തിന്റെ ഹൃദയവും.

എങ്കിലും, അദ്ദേഹം സ്വയം ആശ്വസിപ്പിച്ചിരുന്നു; ജീവിതത്തില്‍ പല കഷ്ടപ്പാടുകളും സംഭവിക്കുന്നു; ദൗര്‍ഭാഗ്യം എന്നു നമ്മള്‍ വിലയിരുത്തുന്നു. പക്ഷേ നമ്മള്‍ അറിയുന്നില്ല, അവയൊക്കെ ദൈവം നമുക്കു നല്‍കുന്ന അനുഗ്രഹങ്ങളാണെന്ന്…" വൈരുദ്ധ്യങ്ങള്‍, രോഗങ്ങള്‍, പ്രലോഭനങ്ങള്‍, ആദ്ധ്യാത്മിക വിരസത, മാനസികവും ശാരീരികവുമായ വേദനകള്‍ – എല്ലാം നമ്മെ പറുദീസയിലെ സുന്ദരശില്പങ്ങളാക്കാന്‍ വേണ്ടി ദൈവം ഉപയോഗിക്കുന്ന കൊത്തുളിയാണ്."

1787 ജൂലൈ 18 ന് അല്‍ഫോന്‍സസ് മരണമടഞ്ഞു. 1816 സെപ്റ്റംബര്‍ 15 ന് പോപ്പ് പയസ് VII അദ്ദേഹത്തെ ദൈവദാസനും, 1839 മെയ് 26 ന് പോപ്പ് ഗ്രിഗരി XVI വിശുദ്ധനുമാക്കി. 1871 മാര്‍ച്ച് 23-ന് പോപ്പ് പയസ് IX അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വിശുദ്ധനാക്കപ്പെട്ട ഒരേയൊരു സന്മാര്‍ഗ്ഗ ശാസ്ത്രപണ്ഡിതനാണ് വി. അല്‍ഫോന്‍സസ് ലിഗോരി. അതുകൊണ്ട് സന്മാര്‍ഗ്ഗ ശാസ്ത്രാദ്ധ്യാപകരുടെയെല്ലാം സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമാണ് അദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org