രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തീക്ഷ്ണമതിയായ ഒരു ബിഷപ്പായിരുന്നു വി. അപ്പൊള്ളിനാരിസ്. ഫ്രീജിയായിലെ (ടര്‍ക്കി) ഹിരാപ്പൊളിസ് എന്ന പ്രദേശത്തെ മെത്രാനായിരുന്നു അദ്ദേഹം. സഭയുടെ വിശ്വാസസത്യങ്ങള്‍, അനുകൂലമായ വാദമുഖങ്ങള്‍ അവതരിപ്പിച്ച്, അംഗീകരിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു.
റോമന്‍ ചക്രവര്‍ത്തി മാര്‍ക്കസ് അവുറേലിയസിനെ സംബോധന ചെയ്ത് ക്ഷമായാചനയുടെ രൂപത്തില്‍ വിശ്വാസസംരക്ഷണാര്‍ത്ഥം അദ്ദേഹം രചിച്ച കൃതിയുടെ പേരില്‍ 'അപ്പോളജിസ്റ്റ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളുടെ സഹായത്താല്‍ അദ്ദേഹത്തിനുണ്ടായ വിജയങ്ങളുടെ കാര്യം മറക്കരുതെന്നും അവര്‍ക്കു സംരക്ഷണം നല്‍കണമെന്നും വിശുദ്ധന്‍ ചക്രവര്‍ത്തിയോട് അഭ്യര്‍ത്ഥിച്ചു.
ഇതിനു മറുപടിയായി മാര്‍ക്കസ് അവുറേലിയസ് ചക്രവര്‍ത്തി അവരോടുള്ള കടപ്പാടു വ്യക്തമാക്കിക്കൊണ്ട് ഒരു വിളംബരം നടത്തി. വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ ആരും കുറ്റപ്പെടുത്താന്‍ പാടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ മറികടക്കാന്‍ താന്‍ അശക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ അനേകം ക്രിസ്ത്യാനികള്‍ രക്തസാക്ഷികളായി. വി. അപ്പൊള്ളിനാരിസും അക്കൂട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചു.