സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20
"ഈശോയുടെ തിരുനാമത്തോടുള്ള ലുത്തിനിയ" ബര്‍ണര്‍ദീനിന്റെ സൃഷ്ടിയാണെന്നു കരുതപ്പെടുന്നു. IHS എന്ന ചിഹ്നം പ്രചരിപ്പിച്ചതും അദ്ദേഹമാണ്. ഗ്രീക്കില്‍ ഈശോയുടെ പേരിന്റെ സംഗ്രഹമാണത്.

ഇറ്റലിയിലെ സീയെന്നായില്‍ സമ്പന്നകുടുംബത്തിലാണ് വി. ബര്‍ ണര്‍ദീന്‍ 1380 സെപ്തംബര്‍ 8ന് ജനിച്ചത്. പക്ഷേ, മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മയും ഏഴുവര്‍ഷം കഴിഞ്ഞ് അച്ഛനും മരിച്ചു. അനാഥനായ ബര്‍ണര്‍ദീന്‍ ഒരു അമ്മായിയുടെ സംരക്ഷണയിലാണു വളര്‍ന്നത്. പിന്നീട്, "ഇറ്റലിയുടെ അപ്പസ്‌തോലനായി"ത്തീര്‍ന്ന ബര്‍ണര്‍ദീന്‍ പതിനേഴാമത്തെ വയസ്സില്‍ കാനന്‍ലോയും സിവില്‍ലോയും പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് അതു പാതിവഴിയില്‍ ഉപേക്ഷിച്ച് സന്ന്യാസത്തിലേക്കു കടന്നത്. രോഗികളെയും നിര്‍ദ്ധനരെയും സഹായിക്കുന്നതിനുവേണ്ടി പ്രസിദ്ധമായ സീയെന്ന ഹോസ്പിറ്റലിനോട് അനുബന്ധിച്ച് രൂപംകൊണ്ട "മാതാവിന്റെ സഹോദരങ്ങള്‍" എന്ന കൂട്ടായ്മയില്‍ ചേര്‍ന്നായിരുന്നു ബര്‍ണര്‍ദീന്റെ ആദ്യത്തെ പ്രവര്‍ത്തനങ്ങള്‍.

1400-ല്‍ സീയെന്നായില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. ആശുപത്രി രോഗികളെക്കൊണ്ടു നിറഞ്ഞു. ആവശ്യത്തിനു സ്റ്റാഫില്ലാതിരുന്ന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പന്ത്രണ്ടു യുവസുഹൃത്തുക്കളുടെ സഹായത്തോടെ ബര്‍ണര്‍ദീന്‍ നാലുമാസം ഏറ്റെടുത്തു നടത്തി. രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്തിട്ട് അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. കര്‍ശനമായ സന്ന്യാസജീവിതം ആരംഭിച്ചു.

ആദ്യം ദൈവരാജ്യം അന്വേഷിക്കുക; സഹോദരസ്‌നേഹത്തില്‍ വളരുക; മറ്റുള്ളവരെ ഉപദേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ആദ്യമേതന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.
– വി. ബര്‍ണര്‍ദീന്‍

സീയെന്നായ്ക്ക് സമീപം കാപ്രിയോളയില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ആശ്രമത്തില്‍ പന്ത്രണ്ട് നിശ്ശബ്ദവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയശേഷം 1417-ല്‍ ദൈവം അദ്ദേഹത്തിനുവേണ്ടി കരുതിവച്ചിരുന്ന മിഷണറി പ്രവര്‍ത്തനത്തിന് അദ്ദേഹം തയ്യാറായി തൊണ്ട അടഞ്ഞ് ശബ്ദമില്ലാതിരുന്ന ബര്‍ണര്‍ദീന് അത്ഭുതകരമായി സ്വരം തിരിച്ചുകിട്ടി. അന്ന്, 37-ാം വയസ്സില്‍ അദ്ദേഹം ശ്രോതാക്കളുടെ ഹരമായി മാറി. അങ്ങനെ മരണത്തിനു കീഴടങ്ങുന്നതുവരെ, എല്ലാവിഭാഗം ജനങ്ങളുടെയും ആത്മഹര്‍ഷമായി, ആദ്ധ്യാത്മികോര്‍ജ്ജമായി അദ്ദേഹം ഇറ്റലിയില്‍ നിറഞ്ഞുനിന്നു.

നഗരങ്ങളിലെ ഭരണപരിഷ്‌കാരങ്ങളില്‍പോലും ബര്‍ണര്‍ദീനിന്റെ നിര്‍ദ്ദേശങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടു.

"ഈശോയുടെ തിരുനാമത്തോടുള്ള ലുത്തിനിയ" ബര്‍ണര്‍ദീനിന്റെ സൃഷ്ടിയാണെന്നു കരുതപ്പെടുന്നു. IHS എന്ന ചിഹ്നം പ്രചരിപ്പിച്ചതും അദ്ദേഹമാണ്. ഗ്രീക്കില്‍ ഈശോയുടെ പേരിന്റെ സംഗ്രഹമാണത്. പക്ഷേ, ഇതിന്റെ പേരിലുണ്ടായ ആരോപണങ്ങള്‍ക്കു വിശദീകരണം നല്‍കാനായി ബര്‍ണര്‍ദീനിനൊപ്പം സമകാലീനനായിരുന്ന വി. ജോണ്‍ കപ്പിസ്ട്രാനും പോപ്പിന്റെ മുമ്പിലെത്തി. ഇവരുടെ വിശദീകരണം ശ്രവിച്ച മാര്‍പാപ്പായുടെ നിര്‍ദ്ദേശപ്രകാരം 80 ദിവസം നീണ്ടുനിന്ന ഒരു സുവിശേഷപ്രസംഗപരമ്പര തന്നെ അവര്‍ക്കു റോമില്‍ നടത്തേണ്ടിവന്നു.

ബിഷപ്പാകണമെന്നുള്ള ആവശ്യം മൂന്നുപ്രാവശ്യം അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ചു. എന്നാല്‍ 1438 മുതല്‍ 1443 വരെ അദ്ദേഹം ആശ്രമത്തിലെ വികാരി ജനറാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ സന്ന്യാസിമാരുടെ അംഗസംഖ്യ 130-ല്‍ നിന്ന് 4000 ആയി വളര്‍ന്നു.

1449 മെയ് 20-ന് ബര്‍ണര്‍ദീന്‍ നേപ്പിള്‍സിലേക്കുള്ള യാത്രയ്ക്കിടയില്‍ ചരമമടഞ്ഞു. മരണശേഷം രേഖപ്പെടുത്തപ്പെട്ട അത്ഭുതങ്ങളുടെ ബാഹുല്യം നിമിത്തം 1450 മെയ് 24-ന് തന്നെ പോപ്പ് നിക്കോളാസ് അഞ്ചാമന്‍ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.

വി. ബര്‍ണര്‍ദീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരുന്നത് വി. ഫ്രാന്‍സീസ് അസ്സീസിയുടെ പള്ളിയിലായിരുന്നു. പിന്നീട്, വിശുദ്ധന്റെ പേരില്‍ത്തന്നെ ഒരു ബസിലിക്ക പണിത് 1471 മെയ് 17-ന് ഭൗതികാവശിഷ്ടങ്ങള്‍ അങ്ങോട്ടു നീക്കംചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org