ഇംഗ്ലണ്ടില്‍ ക്രഡിറ്റന്‍ എന്ന സ്ഥലത്തു ജനിച്ച വി. ബോനിഫസിന്റെ മാമ്മോദീസാപ്പേര് 'സന്തോഷവും സമാധാനവും' എന്ന് അര്‍ത്ഥം വരുന്ന വിന്‍ഫ്രിഡ് എന്നായിരുന്നു. ചെറുപ്പം മുതല്‍ ബനഡിക്‌ടൈന്‍ സന്ന്യാസികളുടെ ശിക്ഷണത്തില്‍ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നുവന്ന അദ്ദേഹം സമര്‍ത്ഥനായ വചനപ്രഘോഷകനും ബൈബിള്‍ പണ്ഡിതനുമായി മാറി. അങ്ങനെ 30-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിക്കുകയും ഒമ്പതു വര്‍ഷത്തിനുശേഷം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസ്‌ലാന്റിലേക്കു പോവുകയും ചെയ്തു.
722-ല്‍ "നന്മ പ്രവര്‍ത്തിക്കുന്നവന്‍" എന്ന് അര്‍ത്ഥമുള്ള ബോനിഫസ് എന്ന ലത്തീന്‍ നാമം സ്വീകരിച്ചുകൊണ്ട് ഹെസ്സിയയുടെയും തുറിങ്കിയയുടെയും ബിഷപ്പായി നിയമിതനായി. ഹെസ്സിയായില്‍വച്ച് ഇടിമിന്നലിന്റെ ദേവന് പ്രതിഷ്ഠിച്ചിരുന്ന ഒരു ഓക്കുമരം വെട്ടി പള്ളി പണിത സംഭവം വളരെ പ്രസിദ്ധമാണ്. അനിഷ്ടസംഭവമൊന്നും ഉണ്ടാകാതെ അന്നദ്ദേഹം രക്ഷപെട്ടു. മാത്രമല്ല, ജര്‍മ്മനിയില്‍ ധാരാളം മാനസാന്തരങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പ്രാദേശിക വൈദികരെ പരിശീലിപ്പിക്കാനായി ഹെസ്സിയായില്‍ ഒരു മിഷണറി സെന്റര്‍ ബോനിഫസ് ആരംഭിക്കുകയും ചെയ്തു.
തെറ്റായ ആശയങ്ങള്‍ പ്രചരിച്ചിരുന്ന തുറിങ്കിയയിലും ബോനിഫസിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ധാരാളം പേര്‍ സത്യവിശ്വാസം സ്വീകരിച്ചു. മോണാസ്റ്ററികളും കോണ്‍വെന്റുകളും സ്‌കൂളുകളും ധാരാളമായി പടുത്തുയര്‍ത്തി. ഇംഗ്ലീഷുകാരായ സന്ന്യാസിമാരെയും കന്യാസ്ത്രീകളെയും വരുത്തി ഈ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതപ്പെടുത്തി.
738-ല്‍ മാര്‍പാപ്പായുടെ പ്രതിനിധിയായിത്തീര്‍ന്ന ബോനിഫസ് ബവേറിയായിലെ സഭയുടെ പുന:സംവിധാനം നടത്തുകയും 742-ല്‍ ആദ്യത്തെ ജര്‍മ്മന്‍ സിനഡ് സംഘടിപ്പിക്കുകയും ചെയ്തു. 748-ല്‍ അദ്ദേഹം ആര്‍ച്ചുബിഷപ്പായി. എല്ലാ വര്‍ഷവും ഫുള്‍ഡായിലെ ആശ്രമത്തില്‍ സന്ന്യാസികള്‍ക്കു ട്രെയിനിംഗ് നല്‍കാന്‍ അദ്ദേഹം കുറെ സമയം കണ്ടെത്തിയിരുന്നു. ഇന്നും ഫുള്‍ഡ ജര്‍മ്മന്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനവേദിയാണ്.
എഴുപത്തഞ്ചാമത്തെ വയസ്സില്‍ ബോനിഫസ് ഫ്രീസ്‌ലാന്റിലേക്കു ഒരു പ്രേഷിത യാത്രകൂടി നടത്തി. പക്ഷേ, അവിടെ വച്ച് ആയുധധാരിക ളായ അവിശ്വാസികളുടെ ആക്രമണത്തിന് ഇരയായി. 755 ജൂണ്‍ 5-ന് മാനസാന്തരപ്പെട്ട നാല്പതു വിശ്വാസികളോടും പന്ത്രണ്ട് വൈദികരോടുമൊപ്പം ബോനിഫസ് വധിക്കപ്പെട്ടു. ഫുള്‍ഡായിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.
വിശ്വാസികളുടെയും വിവിധ സഭകളുടെയും ആചാരങ്ങളുടെയും കൂട്ടായ്മയ്ക്കായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച വി. ബോനിഫസിനെ നയിച്ചത് രണ്ടു ലക്ഷ്യങ്ങളായിരുന്നു. ഒന്ന്, വൈദികരുടെയും ബിഷപ്പുമാരുടെയും മാര്‍പ്പാപ്പയോടുള്ള വിധേയത്വം. രണ്ട്, ബനഡിക്‌ടൈന്‍ ആശ്രമങ്ങളുടെ മാതൃകയിലുള്ള ആരാധാനാലയങ്ങളുടെ സ്ഥാപനം.