അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ കാതറൈന്‍ (4-ാം നൂറ്റാണ്ട്) : നവംബര്‍ 25

സഭയിലെ ഒരു പ്രവാചക വിശുദ്ധയും ക്രിസ്ത്യന്‍ തത്ത്വജ്ഞാനികളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമാണ് വി. കാതറൈന്‍
അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ കാതറൈന്‍ (4-ാം നൂറ്റാണ്ട്) : നവംബര്‍ 25
ആദ്യകാലത്തെ രക്തസാക്ഷികളില്‍ വനിതകളുടെ കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന ഒരു വിശുദ്ധയാണ് കാതറൈന്‍. വെറും രക്തസാക്ഷി മാത്രമല്ല, സഭയിലെ ഒരു പ്രവാചക വിശുദ്ധയുമാണ് അവര്‍. കാരണം, ദാര്‍ശനികതലത്തില്‍ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി ബൗദ്ധികമായി പടവെട്ടിയ ഒരു പ്രതിഭാശാലിയാണ് അവര്‍. ക്രിസ്ത്യന്‍ തത്ത്വജ്ഞാനികളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമാണ് വി. കാതറൈന്‍.

സഭയുടെ കലാശേഖരത്തില്‍ അലക്‌സാണ്ഡ്രിയായിലെ കാതറൈനിനെ അവതരിപ്പിച്ചിരിക്കുന്നത് തലയില്‍ കിരീടവും കൈയില്‍ പുസ്തകവുമായി കൂര്‍ത്ത ആണികളുള്ള വീല്‍ തിരിക്കുന്നതായിട്ടാണ്. കിരീടം രാജകീയ ജന്മത്തെയും പുസ്തകം വിജ്ഞാനത്തെയും വീല്‍ രക്തസാക്ഷിത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിന്റെ വിശദീകരണം ഇതാണ്.
അലക്‌സാണ്ഡ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ പിറന്ന കാതറൈന്‍ അപാരമായ പാണ്ഡിത്യമുള്ള ഒരു യുവതിയായിരുന്നു. പരിശുദ്ധ കന്യകയുടെ ഒരു ദര്‍ശനം വഴി മാനസാന്തരപ്പെട്ട കാതറൈന്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാക്‌സെന്റിയസ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. ചക്രവര്‍ത്തിയെ നേരില്‍ക്കണ്ട് വാദമുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അവള്‍ പ്രതിഷേധിച്ചു. അവളുടെ മുമ്പില്‍ വാദിച്ചു ജയിക്കാന്‍ കഴിയാതെ പോയ ചക്രവര്‍ത്തി അമ്പതു സമര്‍ത്ഥരായ തത്ത്വജ്ഞാനികളുടെ ഒരു സംഘത്തെത്തന്നെ കാതറൈന് എതിരായി അണിനിരത്തി. പക്ഷേ, കാതറൈനിന്റെ ബുദ്ധിശക്തിയുടെ മുമ്പില്‍ അടിയറവു പറഞ്ഞ ജ്ഞാനികള്‍ക്കും കാതറൈനും മരണം വിധിക്കപ്പെട്ടു. ജ്ഞാനികളെ ജീവനോടെ ചുട്ടുകൊന്നപ്പോള്‍, കാതറൈന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അവിടെ കിടന്നുകൊണ്ട് ജയിലര്‍മാരെയും ചക്രവര്‍ത്തിയുടെ ഭാര്യ ഫൗസ്റ്റീനായെയും കാതറൈന്‍ മാനസാന്തരപ്പെടുത്തി. അതോടെ, കൂര്‍ത്ത ആണികളുള്ള ചക്രത്തില്‍ ബന്ധിച്ച് വധിക്കാനായിരുന്നു ചക്രവര്‍ത്തിയുടെ ഉത്തരവ്. പക്ഷേ, സമയ മായപ്പോള്‍ ചക്രം പൊട്ടിത്തെറിച്ചു. കാതറൈന്‍ അത്ഭുതകരമായി പരുക്കി ല്ലാതെ രക്ഷപ്പെടുകയും ചെയ്തു. അവസാനം ശിരസ് ഛേദിച്ച് അവളെ വധിക്കുകയായിരുന്നു. വെട്ടിമാറ്റപ്പെട്ട ശിരസും ശരീരവും മാലാഖമാര്‍ ഏറ്റുവാങ്ങി സീനായ് മലയുടെ മുകളില്‍ കൊണ്ടുപോയി സ്ഥാപിച്ചെന്നും, 800-ാം വര്‍ഷത്തില്‍ അവ അവിടെ കണ്ടെത്തിയെന്നും പറയപ്പെടുന്നു.

പറുദീസായില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ രക്ഷാകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം; കുരിശിന്റെ ഫലങ്ങള്‍ അനുഭവിക്കണം. ഈശോ പറയുന്നു: ഞാന്‍ നല്ല ഇടയനാകുന്നു, ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ നല്‍കുന്നു. ഇതാണു സ്‌നേഹം.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org