വിശുദ്ധ ക്രിസ്പിനും വിശുദ്ധ ക്രിസ്പീനിയനും (-304) : ഒക്‌ടോബര്‍ 25

വിശുദ്ധ ക്രിസ്പിനും വിശുദ്ധ ക്രിസ്പീനിയനും (-304) : ഒക്‌ടോബര്‍ 25
രണ്ടാം നൂറ്റാണ്ടില്‍ വിശ്വാസപ്രഘോഷണം നടത്താന്‍ ഫ്രാന്‍സിലെ ഗോളിലെത്തിയ രണ്ടു റോമന്‍ സഹോദരന്മാരാണ് ക്രിസ്പിനും ക്രിസ്പീനിയനും. കുലീന കുടുംബത്തില്‍ ജനിച്ച അവര്‍ സോയിബണില്‍ താമസിച്ചുകൊണ്ട്, പകല്‍ സമയത്ത് സുവിശേഷ പ്രചരണം നടത്തുകയും രാത്രിയില്‍, പൗലോസ് ശ്ലീഹായെപ്പോലെ, ഉപജീവനത്തിന് എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ചെരുപ്പുകുത്തുകയായിരുന്നു അവര്‍ ഏറ്റെടുത്ത ജോലി. അവിശ്വാസികള്‍ അവരുടെ വാക്കുകള്‍ ശ്രവിക്കുകയും അവരുടെ ജീവിതമാതൃകകണ്ട് വിസ്മയിക്കുകയും ചെയ്തു. അവരുടെ പരസ്‌നേഹം, നിസ്വാര്‍ത്ഥത, ഭക്തി, സ്ഥാനമാനങ്ങളോടുള്ള നിസ്സംഗത, പ്രശസ്തിയോടുള്ള അവജ്ഞ, സമ്പാദ്യത്തോടുള്ള താല്പര്യക്കുറവ് – എല്ലാം അവര്‍ അത്ഭുതത്തോടുകൂടിയാണ് വീക്ഷിച്ചത്. അനേകര്‍ അവരുടെ വിശ്വാസം സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു.

അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോള്‍ ആരോ മാക്‌സിമിയന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ അവര്‍ക്കെതിരെ പരാതിയുമായി എത്തി. പരാതിക്കാരെ തൃപ്തിപ്പെടുത്താനായി ചക്രവര്‍ത്തി മിഷണറിസഹോദരന്മാരെ റിക്ടിയോവാറസ് എന്ന ക്രൂരനായ ക്രിസ്തുമതവിരോധിയുടെ പക്കലേക്ക് അയച്ചു. അയാള്‍ മിഷണറിമാരെ ക്രൂരമായി പീഡിപ്പിച്ചു. വെള്ളത്തില്‍ മുക്കിയും തിളപ്പിച്ച വെള്ളത്തിലിട്ടും വധിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ നിരാശനായി അയാള്‍ തന്നെ, മിഷണറിമാരെ കൊല്ലാനൊരുക്കിയിരുന്ന തീക്കുണ്ഡത്തില്‍ ചാടി മരിച്ചു. അതിനുശേഷം മാക്‌സിമിയന്റെ കല്പനപ്രകാരം മിഷണറിമാരെ ശിരഛേദം ചെയ്തു വധിച്ചു.
പിന്നീട് അവരുടെ കബറിടത്തിനു മുകളില്‍ മനോഹരമായ ഒരു ദൈവാലയം പണികഴിപ്പിക്കപ്പെട്ടു. ആശാരിയായിരുന്ന വി. എലീജിയസാണ് ആ ദൈവാലയം മോടിപിടിപ്പിച്ചത്. ചെരുപ്പുകുത്തികളുടെയും മറ്റെല്ലാ തോല്‍പ്പണിക്കാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായാണ് വി. ക്രിസ്പിനും വി. ക്രിസ്പീനിയനും അറിയപ്പെടുന്നത്.

രക്തസാക്ഷികള്‍ തടവിലാക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചുട്ടുകരിക്കപ്പെടുകയും ചെയ്യപ്പെട്ടു – എന്നാലും അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.
വിശുദ്ധ അഗസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org