വിശുദ്ധ ഫുള്‍ബര്‍ട്ട് (960-1029) : ഏപ്രില്‍ 10

വിശുദ്ധ ഫുള്‍ബര്‍ട്ട് (960-1029) : ഏപ്രില്‍ 10
ബുദ്ധിപരമായി പക്വത നേടാന്‍, ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍, ക്രമമായും ദൈവികമായ താത്പര്യത്തോടെയും പഠിക്കണം. അതായത്. സത്യം എന്താണെന്ന് അറിയാനും ഇഷ്ടപ്പെടാനും ഉള്‍കൊള്ളാനുമുള്ള ആത്മാര്‍ത്ഥമായ മനസ്സുവേണം.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബെരിയോണെ

ഫ്രാന്‍സിലെ പിക്കാര്‍ഡിയാണ് ഫുള്‍ബര്‍ട്ടിന്റെ ജന്മദേശം. റെയിംസിലെ വിഖ്യാതമായ ബനഡിക്‌ടൈന്‍ ആശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. 999-ല്‍ പോപ്പ് സില്‍വെസ്റ്റര്‍ രണ്ടാമനായിത്തീര്‍ന്ന പ്രസിദ്ധനായ ഗെര്‍ബര്‍ട്ട്, ഫുള്‍ബര്‍ട്ടിന്റെ അദ്ധ്യാപകനായിരുന്നു.

ഫുള്‍ബര്‍ട്ടാണ് കാര്‍ത്രസിലെ കത്തീഡ്രല്‍ സ്‌കൂളിന്റെ സ്ഥാപകന്‍. ഈ സ്ഥാപനം പിന്നീട് വളരെ പ്രസിദ്ധമായിത്തീര്‍ന്നു. ജര്‍മ്മനി, ഇറ്റലി, ഇംഗ്ലണ്ട് മുതലായ വിദേശരാജ്യങ്ങളില്‍നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ആ സ്‌കൂളില്‍ വന്നു വിദ്യാഭ്യാസം ചെയ്തിരുന്നു. ഫുള്‍ബര്‍ട്ടിന്റെ വിജ്ഞാനത്തെയും കഴിവിനെയും അംഗീകരിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ 'ആദരണീയനായ സോക്രട്ടീസ്' എന്നാണു വിളിച്ചിരുന്നത്.

ഇരുപത്തിരണ്ട് വര്‍ഷക്കാലം അദ്ദേഹം കാര്‍ത്രസിന്റെ മെത്രാനായിരുന്നു. പൗരോഹിത്യജീവിതത്തില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അന്ന് അദ്ദേഹം ശ്രമിച്ചു. സഭാകാര്യങ്ങള്‍ കൂടുതലായി അത്മായരെ ഏല്പിക്കുന്നതില്‍ അദ്ദേഹം തല്പരനായിരുന്നില്ല. മാത്രമല്ല, അന്നത്തെ ചില മെത്രാന്മാരുടെ വഴിവിട്ട ജീവിതരീതിയെ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ക്ലൂണിയിലെ വി. ഓഡിലോയും വാഴ്ത്തപ്പെട്ട റിച്ചാര്‍ഡും വി. ആബോ ഫ്‌ളൂറിയും അദ്ദേഹത്തിന്റെ ഉറ്റമിത്രങ്ങളായിരുന്നു. അവരുടെ സന്ന്യാസജീവിതത്തിലെ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു.

പ്രതിഭാധനനായ ഒരു കവിയുമായിരുന്നു വി. ഫുള്‍ബര്‍ട്ട്. മാതൃഭക്തനായിരുന്ന അദ്ദേഹം മാതാവിനെപ്പറ്റി അനേകം സ്തുതിപ്പുകള്‍ രചിച്ചിട്ടുണ്ട്. മാതാവിന്റെ അമലോത്ഭവതിരുനാള്‍ സ്വന്തം രൂപതയില്‍ ആഘോഷിച്ചുതുടങ്ങിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

1029 ഏപ്രില്‍ 10-ന് അദ്ദേഹത്തിന്റെ ഈലോകവാസം അവസാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org