വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878-1903) : ഏപ്രില്‍ 12

വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878-1903) : ഏപ്രില്‍ 12
ഏകാന്തതയും ശാന്തതയുമായിരുന്നു എപ്പോഴും ജെമ്മയ്ക്കിഷ്ടം. മിതമായേ സംസാരിക്കുമായിരുന്നുള്ളൂ. ബാല്യകാലം വിവിധതരം കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 1894-ല്‍ ഒരു പ്രത്യേക അസുഖത്തിന്റെ പേരില്‍, സ്‌കൂളില്‍ പോകുന്നത് ഡോക്ടര്‍ വിലക്കി. ഒരു ദിവസം വി. കുര്‍ബാന സ്വീകരിച്ചശേഷം മുട്ടുകുത്തി നില്ക്കുമ്പോള്‍ ഈശോയുടെ സ്വരം: ''ജെമ്മ, കാല്‍വരിയില്‍ നിന്നെയും ഞാന്‍ പ്രതീക്ഷിക്കുന്നു.''

ഇറ്റലിയിലെ ലൂക്കാസിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള ടസ്‌കന്‍ ഗ്രാമത്തിലാണ് വി. ജെമ്മ ഗല്‍ഗാനി 1878 മാര്‍ച്ച് 12-ന് ജനിച്ചത്. തന്റെ പീഡാനുഭവങ്ങളുടെ സാക്ഷികളാകുവാന്‍ കര്‍ത്താവ് കാലാകാലങ്ങളില്‍ തിരഞ്ഞെടുത്ത ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ജെമ്മ.

എട്ടുമക്കളില്‍ നാലാമത്തെ കുട്ടിയായിരുന്നു ജെമ്മ. അച്ഛന്‍ എന്റിക്കോ, കെമിസ്റ്റും വളരെ നല്ല മനുഷ്യനുമായിരുന്നു. പക്ഷേ, മക്കള്‍ക്ക് അമ്മ അവുറേലിയായുടെ സ്‌നേഹവാത്സല്യങ്ങള്‍ അധികകാലം അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. രോഗിയായ അമ്മ 1886-ല്‍ മരിച്ചു. അമ്മയില്‍ നിന്നാണ്, ഈശോയുടെ പീഡാനുഭവങ്ങളോടുള്ള ഭക്തി ജെമ്മയില്‍ മുളയെടുത്തത്. 9-ാമത്തെ വയസ്സില്‍, പ്രഥമദിവ്യകാരുണ്യസമയത്ത്, ജെമ്മയില്‍ എന്തെന്തു വികാരങ്ങളാണുണ്ടായതെന്ന് അവള്‍ക്കുതന്നെ വിവരിക്കുവാനാകുമായിരുന്നില്ല. നന്മയില്‍ ഉറച്ചുനില്‍ക്കുവാന്‍ അവളെടുത്ത പ്രതിജ്ഞ ഒരിക്കലും ലംഘിക്കപ്പെട്ടില്ല.

ഏകാന്തതയും ശാന്തതയുമായിരുന്നു എപ്പോഴും ജെമ്മയ്ക്കിഷ്ടം. മിതമായേ സംസാരിക്കുമായിരുന്നുള്ളൂ. ബാല്യകാലം വിവിധതരം കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 1894-ല്‍ ഒരു പ്രത്യേക അസുഖത്തിന്റെ പേരില്‍, സ്‌കൂളില്‍ പോകുന്നത് ഡോക്ടര്‍ വിലക്കി. ഒരു ദിവസം വി. കുര്‍ബാന സ്വീകരിച്ചശേഷം മുട്ടുകുത്തി നില്ക്കുമ്പോള്‍ ഈശോയുടെ സ്വരം: ''ജെമ്മ, കാല്‍വരിയില്‍ നിന്നെയും ഞാന്‍ പ്രതീക്ഷിക്കുന്നു.''

1899 ഫെബ്രുവരിയില്‍ രോഗം കലശലായി. അസഹ്യമായ വേദന ക്ഷമയോടെ സഹിച്ചുകൊണ്ട് അവള്‍ കന്യാവ്രത പ്രതിജ്ഞയെടുത്തു. എന്നിട്ട്, വി. മാര്‍ഗരറ്റ് മേരിയെ സ്തുതിച്ചുകൊണ്ടുള്ള നൊവേനയില്‍ പങ്കെടുത്തു. വി. ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് നൊവേനയില്‍ അവളോടൊപ്പം കൂടാമെന്ന് അറിയിച്ചു. എല്ലാ ദിവസവും രാത്രിയില്‍ വി. ഗബ്രിയേല്‍ പ്രാര്‍ത്ഥിക്കാന്‍ ജെമ്മയെ സഹായിച്ചു.

ജെമ്മ ആദ്ധ്യാത്മിക പിതാവിനെ വിളിച്ചു വരുത്തി. കുമ്പസാരിച്ചു കുര്‍ബ്ബാന സ്വീകരിച്ചു. പിന്നീട് കിടക്കവിട്ട് എണീറ്റപ്പോള്‍ അസുഖം പൂര്‍ണ്ണമായി ഭേദപ്പെട്ടിരുന്നു. പൂര്‍ണ്ണമായി സുഖപ്പെട്ടു എന്നറിഞ്ഞപ്പോള്‍, ശിഷ്ടകാലം ഏതെങ്കിലും മഠത്തില്‍ കഴിയാന്‍ ആഗ്രഹിച്ചെങ്കിലും ആരോഗ്യസ്ഥിതി അതിനനുവദിച്ചില്ല.

1899-ല്‍ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ജെമ്മയുടെ ശരീരത്തില്‍ ഈശോയുടെ തിരുമുറിവുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം എല്ലാ വ്യാഴാഴ്ചയും വൈകിട്ടുമുതല്‍ വെള്ളിയാഴ്ച ഉച്ച കഴിയുന്നതുവരെ അതു നീണ്ടുനിന്നു. മുറിവുകള്‍ പ്രത്യക്ഷപ്പെടുക മാത്രമല്ല, രക്തം വിയര്‍ക്കുകയും ചമ്മട്ടിയടി ഏല്‍ക്കുകയും മുള്‍മുടി ധരിപ്പിക്കപ്പെടുകയുമൊക്കെ ചെയ്യുന്നതു പോലെ അനുഭവപ്പെട്ടിരുന്നു. ഇതിനു പുറമെ അസാധാരണമായ ദര്‍ശന ങ്ങളും വെളിപ്പെടുത്തലുകളും ആനന്ദാനുഭവങ്ങളും എല്ലാം നടന്നുകൊണ്ടിരുന്നു. പ്രവചനങ്ങള്‍ നടത്തുകയും പ്രകൃത്യതീത കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്യുക പതിവായിരുന്നു.

പാഷനിസ്റ്റു ഫാദേഴ്‌സിന്റെ നേതൃത്വത്തില്‍ ജെമ്മയുടെ അനുഭവങ്ങളെല്ലാം ലോകമെമ്പാടും പ്രചരിച്ചു. ജെമ്മയുടെ പ്രാര്‍ത്ഥനാസഹായത്താല്‍ ധാരാളം അത്ഭുതകരമായ അനുഗ്രഹങ്ങളും വിശ്വാസികള്‍ക്കു ലഭിച്ചുകൊണ്ടിരുന്നു.

1903 ഏപ്രില്‍ 11 ദുഃഖശനിയാഴ്ച ആ പുണ്യവതിയുടെ ഈലോക ജീവിതം അവസാനിച്ചു. പാപികള്‍ക്കുവേണ്ടിയുള്ള ഒരു സ്‌നേഹബലിയായിരുന്നു ജെമ്മയുടെ ജീവിതം. 1933 മെയ് 14-ന് വാഴ്ത്തപ്പെട്ടവള്‍ എന്നു പ്രഖ്യാപിക്കപ്പെട്ട ജെമ്മയെ 1940 മെയ് 3ന് സ്വര്‍ഗ്ഗാരോഹണദിവസം, പോപ്പ് പന്ത്രണ്ടാം പീയൂസ് വിശുദ്ധയെന്നു പ്രഖ്യാപിച്ചു.

മക്കള്‍ മാതാപിതാക്കളില്‍നിന്ന് നാലു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് - സംരക്ഷണം, ശിക്ഷണം, അനുശാസനം, സന്മാതൃക.
വി. ജോണ്‍ ബാപ്റ്റിസ്റ്റ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org