വിശുദ്ധ യാക്കോബ് ശ്ലീഹാ (63) : ജൂലൈ 25

വിശുദ്ധ യാക്കോബ് ശ്ലീഹാ (63) : ജൂലൈ 25
നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ, അത് അനുവര്‍ത്തിക്കുന്നവരാകുവിന്‍. പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണ്.

യാക്കോബ് ശ്ലീഹായും സുവിശേഷകര്‍ത്താവായ യോഹന്നാന്‍ ശ്ലീഹായും സഹോദരന്മാരാണ്. "ഇടിമിന്നലിന്റെ പുത്രന്മാര്‍" എന്ന് അറിയപ്പെടുന്ന ഇവര്‍, ഗലീലിയിലെ ഒരു മുക്കുവനായിരുന്ന സെബദിയുടെ മക്കളാണ്. സലോമിയാണ് അവരുടെ അമ്മ. കന്യകാമേരിയുടെ സഹോദരിയാണ് സലോമി എന്നു വിശ്വസിക്കപ്പെടുന്നു. എങ്കില്‍, യാക്കോബും, യോഹന്നാനും ക്രിസ്തുവിന്റെ സഹോദരന്മാരാണ് (കസിന്‍സ്). അവര്‍ പിതാവിനെ മത്സ്യബന്ധനത്തില്‍ സഹായിച്ചിരുന്നു. സൈമണ്‍ പീറ്ററും അദ്ദേഹത്തിന്റെ സഹോദരന്‍ അന്ത്രയോസും സഹപ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ നാലുപേരുമാണ് ക്രിസ്തുവിന്റെ ശിഷ്യരുടെ ഇടയിലെ മുഖ്യസ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയവര്‍. ക്രിസ്തു പ്രതാപവാനായ രാജാവാകുമ്പോള്‍ അവിടുത്തെ ഇടത്തും വലത്തും ഇരിക്കാനുള്ള അവകാശം തന്റെ പുത്രന്മാര്‍ക്കു നല്‍കണമേ എന്ന് സലോമി മക്കള്‍ക്കുവേണ്ടി ക്രിസ്തുവിനോട് അപേക്ഷിക്കുന്നുമുണ്ട്.

വിശുദ്ധരായ പീറ്ററിനെയും ജയിംസിനെയും ജോണിനെയും വിശ്വാ സത്തിന്റെയും പ്രതീക്ഷയുടെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളായിട്ടാണ് സഭ കാണുന്നത്. ജായിരൂസിന്റെ മകളെ ഉയിര്‍പ്പിക്കുന്ന അത്ഭുതം കാണാനുള്ള ഭാഗ്യം സിദ്ധിച്ചതും ഇവര്‍ മൂവര്‍ക്കുമാണ്. ക്രിസ്തുവിന്റെ മലയിലെ രൂപാന്തരീകരണവും ഗത്സമനിയിലെ പീഡാസഹനവും നേരില്‍ കാണാനുള്ള അവസരം ലഭിച്ചതും ഇവര്‍ക്കു മാത്രമാണ്.

ചെറിയ യാക്കോബും വലിയ യാക്കോബും എന്ന പരാമര്‍ശം ഉണ്ടായതുതന്നെ യാക്കോബ്ശ്ലീഹാ വന്‍കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു എന്നതിനാലാവാം. ആദ്യം രക്തസാക്ഷിത്വം വരിച്ച അപ്പസ്‌തോലനും യാക്കോബ്ശ്ലീഹായാണ്. കുഞ്ഞുപൈതങ്ങളെ വധിക്കാന്‍ കൂട്ടുനിന്ന ഹെറോദേസ് രാജാവിന്റെ കൊച്ചുമകനായ ഹെറോദേസ് അഗ്രിപ്പാ ഒന്നാമന്‍ ഭരണമേറ്റെടുത്തശേഷം യഹൂദന്മാരെ ഏതു വിധേനയും പ്രസാദിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ്, ക്രിസ്തുവിലുള്ള വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന യാക്കോബ്ശ്ലീഹായെ കസ്റ്റഡിയില്‍ എടുക്കുന്നതും ശിരഛേദം ചെയ്ത് വധിക്കുന്നതും.

യാക്കോബ് ശ്ലീഹായോടൊപ്പം അദ്ദേഹത്തിന്റെ ന്യായാധിപനും വധിക്കപ്പെട്ടതായി അലക്‌സാണ്ഡ്രിയായിലെ ക്ലമന്റിന്റെ കാലത്ത് (205) പ്രചരിച്ചിരുന്ന ഒരു പാരമ്പര്യവുമുണ്ട്. യാക്കോബ്ശ്ലീഹായെ വിചാരണചെയ്ത ന്യായാധിപന്‍, വിചാരണസമയത്തെ യാക്കോബിന്റെ ധീരതയും ആത്മവിശ്വാസവും കണ്ട് അത്ഭുതപരതന്ത്രനായി വിധിക്കുശേഷം ശ്ലീഹായോടു ക്ഷമ ചോദിച്ചത്രെ! ശ്ലീഹായുടെ വിശ്വാസം ഏറ്റെടുത്തെന്നു ബോധ്യമായതിനാല്‍ ന്യായാധിപനും അദ്ദേഹത്തോടൊപ്പം വധിക്കപ്പെടുകയായിരുന്നു.

വി. യാക്കോബ് സ്‌പെയിനില്‍ സുവിശേഷവേല ചെയ്തതായി 9-ാം നൂറ്റാണ്ടുമുതല്‍ പ്രചരിക്കുന്ന ഒരു പാരമ്പര്യവുമുണ്ട്. അദ്ദേഹത്തിന്റെ മൃതശരീരം ഐബീരിയന്‍ പെനിന്‍സുലായിലുള്ള കമ്പോസ്റ്റെലായില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചതായാണ് ആ പാരമ്പര്യം. മദ്ധ്യകാലഘട്ടത്തില്‍ അവിടെയുള്ള യാക്കോബിന്റെ ശവകുടീരം പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായിരുന്നുവത്രെ. സ്‌പെയിനിന്റെയും ചിലിയുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായി ആദരിക്കപ്പെടുന്നത് വി. യാക്കോബ്ശ്ലീഹായാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org