വി. ജോണ്‍ ഫിഷര്‍ (1469-1535) – ജൂണ്‍ 22

വി. ജോണ്‍ ഫിഷര്‍ (1469-1535) – ജൂണ്‍ 22

1469-ല്‍ റോബര്‍ട്ട് ഫിഷര്‍ എന്ന സാധാരണ വസ്ത്രവ്യാപാരിയുടെ മകനായി ജോണ്‍ ഫിഷര്‍ ജനിച്ചു. ജോണിന്റെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. എങ്കിലും 14-ാമത്തെ വയസ്സില്‍ ജോണ്‍ ഫിഷര്‍ കേം ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. അവിടെ പഠനത്തില്‍ മികവു തെളിയിച്ച ജോണ്‍ മിഖേല്‍ഹൗസിന്റെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 22-ാമത്തെ വയസ്സില്‍ പ്രത്യേക അനുവാദത്തോടെ പൗരോഹിത്യവും സ്വീകരിച്ചു. പിന്നീട്, പടിപടിയായി വളര്‍ന്ന് സീനിയര്‍ പ്രൊക്ടര്‍, ഡോക്ടര്‍ ഓഫ് ഡിവിനിറ്റി, മാസ്റ്റര്‍ ഓഫ് മിഖേല്‍ ഹൗസ്, വൈസ്ചാന്‍സിലര്‍ ഓഫ് കേംബ്രിഡ്ജ്. 1502-ല്‍ ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ അമ്മ മാര്‍ഗരറ്റ് ബീഫോര്‍ട്ടിന്റെ ചാപ്ലയിനായി.

1504-ല്‍ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ അദ്ദേഹം ആ സ്ഥാനത്തു തുടരുകയും ചെയ്തു. 1504-ല്‍ ത്തന്നെ ഹെന്‍ട്രി എട്ടാമന്‍ രാജാവ് അദ്ദേഹത്തെ റോച്ചസ്റ്ററിന്റെ ബിഷപ്പായി നോമിനേറ്റ് ചെയ്തു. അത്ര താല്പര്യമില്ലാതെയാണ് ആ സ്ഥാനം ഏറ്റതെങ്കിലും ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ചു. ഇടവകകള്‍ സന്ദര്‍ശിക്കുകയും സ്ഥൈര്യലേപനം നല്‍കുകയും തന്റെ കീഴിലുള്ള വൈദികര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് ദരിദ്രരെയും രോഗികളെയും സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ആശാനിഗ്രഹത്തിന്റെയും തപസ്സിന്റെയും ജീവിതം തുടരുകയും ചെയ്തു. ഉറക്കം നാലുമണിക്കൂറായി ചുരുക്കി. ഭക്ഷണമേശയില്‍ ഒരു തലയോട്ടി സ്ഥാപിച്ചിരുന്നു; മരണത്തെപ്പറ്റി ചിന്തിക്കാന്‍. പുസ്തകങ്ങളായിരുന്നു ജോണിനെ ഏറ്റവും സന്തോഷിപ്പിച്ച കൂട്ടുകാര്‍.

മാര്‍ട്ടിന്‍ ലൂഥറിന്റെ ആശയങ്ങള്‍ ഇംഗ്ലണ്ടില്‍ പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ജനങ്ങളെ ബോധവല്ക്കരിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു ജോണ്‍ ഫിഷര്‍. പാണ്ഡിത്യവും പ്രസംഗപാടവവുംകൊണ്ട് ലണ്ടനിലും യൂണിവേഴ്‌സിറ്റികളിലുമുള്ള ബുദ്ധിജീവികളെയെല്ലാം അദ്ദേഹം കൈയിലെടുത്തു. കൂടാതെ, ലൂഥറിനെതിരെ അനേകം വാല്യങ്ങള്‍ എഴുതി അദ്ദേഹം പ്രസിദ്ധം ചെയ്തു.

രാജാവ് ഹെന്‍ട്രി എട്ടാമന്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് മാര്‍പാപ്പയുടെ അനുവാദമില്ലാതെ രണ്ടാമതു ചെയ്ത വിവാഹത്തെപ്പറ്റിയുള്ള വിവാദത്തില്‍ പങ്കെടുക്കേണ്ടിവന്ന ജോണ്‍ ഫിഷര്‍, വിവാഹത്തിന്റെ പരിശുദ്ധിയും സഭയുടെ നിയമങ്ങളും പോപ്പിന്റെ അധികാരവും ഉയര്‍ത്തിപ്പിടിച്ചു. അതോടെ അദ്ദേഹം രാജാവിന്റെ നോട്ടപ്പുള്ളിയായി. രണ്ടുവര്‍ഷം കഴിഞ്ഞ്, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായി രാജാവിനെ കാണാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു.

വൃദ്ധനായ ബിഷപ്പ് ഫിഷറിന്റെ നിരന്തരമായ എതിര്‍പ്പു നിമിത്തം, എങ്ങനെയും അദ്ദേഹത്തെ നിശ്ശബ്ദനാക്കണമെന്ന് ഹെന്‍ട്രി എട്ടാമന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. അതിനായി ആദ്യം അദ്ദേഹത്തെ ഒരു കള്ളക്കേസില്‍ കുടുക്കി. എന്നിട്ട് വിചാരണപോലും ചെയ്യാതെ ടവറില്‍ ഒരു വര്‍ഷം തടവിലിട്ടു. തടവിലായിരുന്നപ്പോള്‍ കൂടെക്കൂടെ ഫിഷറിനെ ചോദ്യം ചെയ്തിരുന്നു. അവസാനം അദ്ദേഹം തീര്‍ത്തുപറഞ്ഞു: "ദൈവത്തിന്റെ നിയമമനുസരിച്ച് രാജാവ് ഒരിക്കലും സഭയുടെ പരമാധികാരിയല്ല; ഒരിക്കലും ആകുകയുമില്ല."

രാജ്യദ്രോഹക്കുറ്റം ചുമത്തി ഫിഷറിന്റെ ശിരസ്സ് ഛേദിക്കാന്‍ വിധിച്ചു. 1535 ജൂണ്‍ 22-ന് വിധി നടപ്പാക്കി. മൃതശരീരം പള്ളിമുറ്റത്തുതന്നെ അലസമായി സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ശിരസ്സ് ലണ്ടന്‍ ബ്രിഡ്ജില്‍ പ്രദര്‍ ശിപ്പിച്ചിരുന്നു.

ധാരാളം ആളുകള്‍ ഫിഷറുടെ കല്ലറ തേടി വന്നുതുടങ്ങിയപ്പോള്‍ ഭൗതികാവശിഷ്ടങ്ങള്‍ ടവറിലെ പള്ളിയിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് 450 വര്‍ഷത്തിനുശേഷം 1935-ല്‍ പോപ്പ് പയസ് XI ജോണ്‍ ഫിഷറെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

"സത്യസന്ധതയിലും പാണ്ഡിത്യത്തിലും ആത്മാവിന്റെ ശ്രേഷ്ഠതയിലും നിസ്തുലനായിരുന്നു വി. ജോണ്‍ ഫിഷര്‍" – എറാസ്മസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org