വിശുദ്ധ ജോണ്‍ സഹാഗുണ്‍ (1419-1479) : ജൂണ്‍ 12

വിശുദ്ധ ജോണ്‍ സഹാഗുണ്‍ (1419-1479) : ജൂണ്‍ 12
Published on
ഉത്തര സ്‌പെയിനിലെ സഹാഗുണ്‍ ആണ് ജോണിന്റെ ജന്മസ്ഥലം. ജൂവാന്‍ ഗൊണ്‍സാലസ് കാട്രില്ലൊ എന്നായിരുന്നു മാമ്മോദീസാപ്പേര്. അതിസമര്‍ത്ഥനും പ്രതിഭാശാലിയുമായ ജോണ്‍ ബിഷപ്പ് ബര്‍ഗോയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ജോണിനെ സ്വന്തം സംരക്ഷണത്തില്‍ വിദ്യാഭ്യാസം ചെയ്യിച്ചു. 26-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച ജോണ്‍ കത്തീഡ്രലിലെ കാനന്‍ ആയി നിയമിതനായി. പിന്നീട് സലമാങ്കാ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷത്തെ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. എങ്കിലും 1463-ല്‍ ഒരു സര്‍ജറിയെ തുടര്‍ന്ന് സിറ്റിയിലുള്ള അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്ന് സന്ന്യാസിയായി. അധികം താമസിയാതെ ആശ്രമത്തിലെ നൊവിസ് മാസ്റ്ററായി നിയമിതനായ ജോണ്‍ പ്രിയോറുമായി.

വി. കുര്‍ബാനയോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ജോണ്‍ ദിവസവും രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ ദിവ്യബലിയുടെ സമയം വരെ ആരാധനയും പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടും. എല്ലാത്തരം തിന്മകളെയും അശുദ്ധികളെയും പാപസാഹചര്യങ്ങളെയുംപറ്റി നിര്‍ഭയം, നിസ്സങ്കോചം അദ്ദേഹം ദീര്‍ഘമായി സംസാരിച്ചിരുന്നു. അദ്ദേഹത്തെ ശത്രുക്കള്‍ വധിക്കാന്‍ വന്നു. ശത്രുക്കള്‍പോലും അദ്ദേഹത്തിന്റെ നിഷ്‌കളങ്കവും വിശുദ്ധവുമായ വാക്കുകള്‍ കേട്ട് മനസ്താപപ്പെട്ടു തിരിച്ചുപോയി. കഠിന പാപികള്‍പോലും അദ്ദേഹത്തിന്റെ മുമ്പില്‍ എല്ലാം തുറന്നുപറഞ്ഞു. വ്യക്തിപരവും കുടുംബപരവുമായ അനേകം പ്രശ്‌നങ്ങള്‍ക്ക് ജോണിന്റെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയിരുന്നു.

1479 ജൂണ്‍ 11-ാം തീയതി ജോണ്‍ നിര്യാതനായി. ഒരു പാപിയെ മാനസാന്തരപ്പെടുത്തിയപ്പോള്‍ , പാപത്തില്‍ കൂട്ടാളിയായിരുന്ന ഒരു പ്രഭ്വി ജോണിനു വിഷം കൊടുക്കുകയായിരുന്നു എന്നു പറയപ്പെടുന്നു.

ആത്മാവിന്റെ കണ്ണാണ് ധ്യാനം; പ്രകാശത്തിന്റെയും സത്യത്തിന്റെയും രശ്മികള്‍ അതിലൂടെ കടന്നുപോകുന്നു.
-വി. ബര്‍ണാര്‍ദ്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org