വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് റോസി (1698-1764) : മെയ് 23

വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് റോസി (1698-1764) : മെയ് 23
പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവരോട് സുവിശേഷം പ്രസംഗിക്കുന്നതിലായിരുന്നു വിശുദ്ധന്റെ ശ്രദ്ധ. രാവിലെയും വൈകുന്നേരവുമായിരുന്നു അതിനു യോജിച്ച സമയം. തൊഴിലാളികള്‍ കൂട്ടമായി പാര്‍ക്കുന്ന ഇടങ്ങള്‍ തേടി വിശുദ്ധന്‍ യാത്ര ചെയ്തു. പകല്‍ ബാക്കി സമയം മുഴുവന്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികളെ സന്ദര്‍ശിക്കുകയായിരുന്നു പതിവ്.

ഇറ്റലിയില്‍ ജനീവായിലാണ് 1698 ഫെബ്രുവരി 22-ന് ജോണ്‍ ബാപ്റ്റിസ്റ്റ് ജനിച്ചത്. വളരെ സാധു കുടുംബത്തില്‍ ജനിച്ച അദ്ദേഹം പഠിച്ചതും വൈദികനായിത്തീര്‍ന്നതും മറ്റുള്ളവരുടെ സഹായത്താലാണ്.

പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവരോട് സുവിശേഷം പ്രസംഗിക്കുന്നതിലായിരുന്നു വിശുദ്ധന്റെ ശ്രദ്ധ. രാവിലെയും വൈകുന്നേരവുമായിരുന്നു അതിനു യോജിച്ച സമയം. തൊഴിലാളികള്‍ കൂട്ടമായി പാര്‍ക്കുന്ന ഇടങ്ങള്‍ തേടി വിശുദ്ധന്‍ യാത്ര ചെയ്തു. പകല്‍ ബാക്കി സമയം മുഴുവന്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികളെ സന്ദര്‍ശിക്കുകയായിരുന്നു പതിവ്. അങ്ങനെ 1731-ല്‍, രാത്രികളില്‍ തെരുവില്‍ അലയുന്ന ഹതഭാഗ്യര്‍ക്കു സംരക്ഷണം നല്‍കാനായി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

ഡോമിനിക്കന്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്ന സമയത്ത് വിശുദ്ധന്‍ രോഗിയായിരുന്നു. എങ്കിലും 1721 മാര്‍ച്ച് 8-ന് പ്രത്യേക അനുവാദത്തോടെ പൗരോഹിത്യപദവിയിലെത്തി. എങ്കിലും. മറ്റുള്ളവരുടെ കുമ്പസാരം കേള്‍ക്കാന്‍ അദ്ദേഹം തുടങ്ങിയിരുന്നില്ല. 1738-ലാണ് ഒരു ബിഷപ്പിന്റെ നിര്‍ദ്ദേശത്താല്‍ കുമ്പസാരം കേള്‍ക്കാന്‍ അദ്ദേഹം ആരംഭിച്ചത്. അതിനുശേഷം മണിക്കൂറുകളോളം അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കാന്‍ തുടങ്ങി. തടവുകാരുടെയും സാധുക്കളുടെയും രോഗികളുടെയും വിദ്യാഭ്യാസമില്ലാത്തവരുടെയും മറ്റും കുമ്പസാരം കേള്‍ക്കുന്നതിലായിരുന്നു വിശുദ്ധന്റെ ശ്രദ്ധ.

1764 മെയ് 23-ന് റോമിലായിരുന്നു വി. ജോണ്‍ ബാപ്റ്റിസ്റ്റിന്റെ അന്ത്യം. 1860-ല്‍ പോപ്പ് പയസ് IX അദ്ദേഹത്തെ ദൈവദാസന്മാരുടെ പട്ടികയില്‍ പെടുത്തി. 1881 ഡിസംബര്‍ 8-ന് പോപ്പ് ലിയോ XIII വിശുദ്ധനെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org