വിശുദ്ധ ജോസ്മരിയ എസ്‌ക്രിവാ ബലാഗര്‍ (1902-1975) : ജൂണ്‍ 26

വിശുദ്ധ ജോസ്മരിയ എസ്‌ക്രിവാ ബലാഗര്‍ (1902-1975) : ജൂണ്‍ 26
ഏതു സാഹചര്യത്തിലും മനുഷ്യന്റെ ഏതു പ്രവൃത്തിയും പ്രാര്‍ത്ഥനയാവാം എന്ന സങ്കല്പത്തിലാണ് ജോസ്മരിയയുടെ "ഓപുസ് ദേയി" എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തിയത്. മാനുഷികമായ ഏതു പ്രവൃത്തിയും ദൈവത്തെ മുഖാമുഖം കാണുന്നതിനുള്ള വേദിയാണ്. ഇവിടെയെല്ലാം, പ്രവര്‍ത്തിക്കുന്നവന്റെ ഉദ്ദേശ്യശുദ്ധിയാണു പ്രധാനം. നിങ്ങള്‍ ജോലി ചെയ്യുകയോ കളിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് പ്രാര്‍ത്ഥനയാവാം. പ്രാര്‍ത്ഥനയാകണം. എങ്കിലേ ക്രിസ്തീയ ജീവിതം അര്‍ത്ഥവത്താകൂ. ക്രൈസ്തവവിശ്വാസം വെറുതെ ഉരുവിടാനുള്ളതല്ല; പ്രവര്‍ത്തിക്കുവാനുള്ളതാണ്.

സ്‌പെയിനില്‍ ബാര്‍ബരിസ്റ്റോയില്‍ 1902 ജനുവരി 9-ന് ആറുമക്കളില്‍ രണ്ടാമനായി ജോസ്മരിയ ജനിച്ചു. 16 വയസ്സായപ്പോഴേക്കും തനിക്കെന്തോ പ്രത്യേക ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു. ജോസ്മരിയ പ്രതികരിച്ചു. കര്‍ത്താവേ, ഞാനിവിടെ യുണ്ട്; അങ്ങ് എന്തിനാണ് എന്നെ വിളിച്ചത്?" പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (സരഗോസ) പഠനം പൂര്‍ത്തിയാക്കിയ ജോസ്മരിയ 1925 മാര്‍ച്ച് 28-ന് പൗരോഹിത്യം സ്വീകരിച്ചു. 1927-ല്‍ മാഡ്രിഡില്‍ സിവില്‍ നിയമപഠനം ആരംഭിച്ചതോടെ പ്രവര്‍ത്തനമേഖല വികസിച്ചു. കലാകാരന്മാരും വിദ്യാഭ്യാസപ്രവര്‍ത്തകും തൊഴിലാളികളും ബുദ്ധിജീവികളും സൈനികരും വൈദികരും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള വ്യക്തികളുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു.

1928-ഒക്‌ടോബര്‍ 2ന് ഒരു ധ്യാനത്തില്‍ വച്ചാണ് തന്റെ പുതിയ പ്രവര്‍ത്തനമേഖലയെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാട് ജോസ് മരിയയ് ക്കുണ്ടായത്. അങ്ങനെ "ഓപുസ് ദേയി"യുടെ പ്രവര്‍ത്തനം ആരംഭിച്ചു. അത് സഭയില്‍ ഒരു പുതിയ പാതയുടെ തുറവിയായിരുന്നു. ജോലി എന്തായാലും, ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ത്ഥതയുംകൊണ്ട് താന്‍ ചെയ്യുന്ന ജോലിയിലൂടെ സ്വയം വിശുദ്ധീകരിക്കാനാകുമെന്ന ഒരു പ്രായോഗിക കാഴ്ചപ്പാടായിരുന്നു അത്. അതായത്, ചെയ്യുന്ന ജോലി എന്തുമാകട്ടെ, അതിനെ പ്രാര്‍ത്ഥനയാക്കി മാറ്റുക.

തന്റെ മിഷന്‍ വിജയിപ്പിക്കുവാനുള്ള യജ്ഞമായിരുന്നു പിന്നീട്. ക്രിസ്തുവിനോട് വ്യക്തിപരമായ ഗാഢബന്ധം സ്ഥാപിക്കാനുള്ള പ്രേരണയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുകയായിരുന്നു ആദ്യപടി. എല്ലാ മേഖലകളിലുമുള്ള വ്യക്തികളെ ഇതില്‍ പങ്കാളികളാക്കിയിരുന്നു. അയല്ക്കാരനെ സ്‌നേഹിക്കുകയും അനുദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലും വിശുദ്ധിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്യാന്‍, വ്യക്തിപരമായ അനുഭവങ്ങളിലൂടെ അവരെ ബോധവാന്മാരാക്കുകയും വേണ്ടിയിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ (1936-39) സമയത്ത് ജോസ് മരിയ ആത്മാര്‍ത്ഥമായും വീരോചിതമായും തന്റെ വൈദികദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു.

1943-ല്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഫാ. ജോസ് മരിയയ്ക്കു കിട്ടിയ സന്ദേശമനുസരിച്ച് രൂപംകൊടുത്തതാണ്. "വിശുദ്ധ കുരിശിന്റെ വൈദികസമിതി" എന്ന സന്നദ്ധസേന. "ഓപുസ് ദേയി" പ്രവര്‍ത്തകരായ അത്മായരെയും പൗരോഹിത്യം നല്‍കി ഈ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകരാക്കി. ഇടവകവൈദികര്‍ക്ക്, തങ്ങളുടെ രൂപതയുടെ പ്രസക്തി നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഈ പ്രസ്ഥാനത്തോടു സഹകരിക്കുകയും ചെയ്യാമായിരുന്നു.

1946-ല്‍ 'ഓപുസ് ദേയി' ക്ക് പൊന്തിഫിക്കല്‍ അംഗീകാരം നേടിയെടുക്കുവാനായി ഫാ. ജോസ് മരിയ റോമിലേക്കു പോയി. മാര്‍പാപ്പയുടെയും മറ്റു സഭാധികാരികളുടെയും സമ്പൂര്‍ണ്ണസഹകരണത്തോടെ ഈ മിഷന്‍ പ്രവര്‍ത്തനം മുമ്പോട്ടുകൊണ്ടു പോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പന്ത്രണ്ടാം പീയൂസ് പാപ്പാ, ഫാ. ജോസ് മരിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്തിഫിക്കല്‍ അംഗീകാരം നല്‍കുക മാത്രമല്ല, 1950 ജൂണ്‍ 16-ന് അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 1982-ല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ "ഓപുസ് ദേയി" യെ ഒരു പേഴ്‌സണല്‍ മിഷനായി അംഗീകരിച്ചു. അതിനാല്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക്, അവരവരുടെ രൂപതകളിലും ഇടവകകളിലും തുടര്‍ന്നുകൊണ്ട്, പ്രത്യേക അധികാരവും സ്ഥാനമാനങ്ങളും ഒന്നുമില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം.

വിശുദ്ധനായിരിക്കുക അത്ര എളുപ്പമല്ല; വളരെ ബുദ്ധിമുട്ടുള്ളതുമല്ല. വിശുദ്ധനായിരിക്കുകയെന്നാല്‍, നല്ല ക്രിസ്ത്യാനിയായിരിക്കുക എന്നാണ്. ക്രിസ്തുവിനെ അനുകരിക്കുക എന്നാണ്. ഒരുവന്‍ എത്ര ആത്മാര്‍ത്ഥമായി ക്രിസ്തുവിനെ അനുകരിക്കുന്നുവോ, അത്രയും നല്ല ക്രിസ്ത്യാനിയാകും; ക്രിസ്തുവിന്റെ ഉറ്റ സുഹൃത്താകും; നല്ല വിശുദ്ധനാകും.
വി. ജോസ്മരിയ എസ്‌ക്രിവാ

"ഓപുസ് ദേയി" യുടെ പ്രവര്‍ത്തനങ്ങള്‍ അസൂയാവഹമായ വേഗത്തില്‍ ലോകമെങ്ങും പ്രചരിച്ചെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും, ഉറച്ച ആത്മവിശ്വാസവും നര്‍മ്മബോധവുംകൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും അദ്ദേഹം അതിജീവിച്ചു. പത്തുവര്‍ഷമായി അദ്ദേഹത്തെ വലച്ചുകൊണ്ടിരുന്ന അപകടകരമായ പ്രമേഹരോഗത്തില്‍നിന്നുപോലും 1954-ല്‍ അദ്ദേഹം അത്ഭുതകരമായി മോചനം നേടി.

തന്റെ ജീവിതത്തിന്റെ അവസാനനാളുകളില്‍ അമേരിക്കയിലും യൂറോപ്പിലുമായി വര്‍ഷങ്ങള്‍ നീണ്ട "വിശ്വാസയാത്ര"യിലായിരുന്നു ഫാ. ജോസ് മരിയ. ദൈവസ്‌നേഹത്തില്‍ മനസ്സുറപ്പിച്ചുകൊണ്ട് സഭയുടെയും പോപ്പിന്റെയും കൂദാശകളുടെയും ക്രിസ്തീയഭക്തികളുടെയും പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നിങ്ങളുടെ അനുദിന ജീവിതത്തെ വിശുദ്ധീകരിക്കുക; അതിലൂടെ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക എന്നതായിരുന്നു ഫാ. ജോസ് മരിയായുടെ പ്രവര്‍ത്തനങ്ങളുടെ രത്‌നച്ചുരുക്കം.

1975 ജൂണ്‍ 26-ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുമ്പോള്‍ എണ്‍പതോളം രാജ്യങ്ങളിലായി "ഓപുസ് ദേയി"ക്ക് അറുപതിനാ യിരത്തിലേറെ പ്രവര്‍ത്തകരുണ്ടായിരുന്നു. പുറമെ, ഫാ. ജോസ് മരിയയുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങളുടെ ലക്ഷക്കണക്കിനു കോപ്പികളും പ്രചരിച്ചിരുന്നു. 1992 മെയ് 17-ന് ദൈവദാസനായി ഉയര്‍ത്തിയ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ ഒക്‌ടോബര്‍ 6-ന് മോണ്‍. ജോസ്മരിയയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org