വിശുദ്ധ ജൂലി ബില്ലിയാര്‍ട്ട് (1751-1816) : ഏപ്രില്‍ 8

വിശുദ്ധ ജൂലി ബില്ലിയാര്‍ട്ട് (1751-1816) : ഏപ്രില്‍ 8

ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള പിക്കാര്‍ഡിയിലാണ് 1751 ജൂലൈ 12-ന് മേരി റോസ് ജൂലി ജനിച്ചത്. ഏഴുമക്കളില്‍ അഞ്ചാമത്തവളായിരുന്നു. അച്ഛന് പിക്കാര്‍ഡിയില്‍ ഒരു ചെറിയ ബിസിനസ്സുണ്ടായിരുന്നു.

നന്നേ ചെറുപ്പത്തില്‍ ആദ്ധ്യാത്മിക കാര്യങ്ങളോടുള്ള അഭിനിവേശം തുടങ്ങി. അങ്ങനെ 14 വയസ്സുള്ളപ്പോള്‍ നിത്യബ്രഹ്മചര്യവ്രതം ജൂലി എടുത്തു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്റെ ബിസിനസ്സ് ദയനീയമായി പൊളിഞ്ഞു. അതോടെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വം ജൂലിയുടേതുകൂടിയായി.

കുളിര്‍കാറ്റുപോലെ, ദൈവത്തോടുള്ള സ്‌നേഹം അവളെ തഴുകി ക്കൊണ്ടിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യുവാനുള്ള താത്പര്യത്തിന്റെ ഭാഗമായി തന്റെ ചുറ്റുമുള്ള ബാലികാബാലന്മാര്‍ക്ക് ആദ്ധ്യാത്മികക്ലാസ്സുകള്‍ എടുത്തുകൊണ്ടിരുന്നു. 1770-ല്‍ എന്നും കുര്‍ബാന സ്വീകരിക്കാനുള്ള അനുവാദം അവള്‍ക്കു ലഭിച്ചു. ആ കാലഘട്ടത്തില്‍ ഇതു വലിയ ഒരു സംഭവമായിരുന്നു.

ജൂലിക്ക് 23 വയസ്സുള്ളപ്പോള്‍ ദാരുണമായ ഒരു സംഭവം ഉണ്ടായി. അവളുടെ പിതാവിനെ ആരോ വധിക്കാന്‍ ശ്രമിച്ചു. ഭയന്നുവിറച്ചുപോയ ജൂലിയുടെ ഒരു വശം തളര്‍ന്നു. അങ്ങനെ നിസ്സഹായയായി മുപ്പതുവര്‍ഷം കിടപ്പിലായിപ്പോയി. എങ്കിലും ദൈവത്തോടുള്ള സ്‌നേഹബന്ധം കൂടുതല്‍ ആഴത്തില്‍ തുടര്‍ന്നു. ഫ്രഞ്ചുവിപ്ലവത്തിന്റെ ഭീകരമായ ആറുവര്‍ഷക്കാലം (1789-95) റിപ്പബ്ലിക്കന്‍സിന്റെ കൈകളില്‍ അകപ്പെടാതെ അത്ഭുതകരമായി അവള്‍ രക്ഷപ്പെട്ടു. പലയിടങ്ങളിലും മാറിമാറി കഴിയേണ്ടിവന്നു. വി. കുര്‍ബാനസ്വീകരണം വല്ലപ്പോഴുമായി. ഒളിവില്‍ കഴിയുന്ന ഏതെങ്കിലും പുരോഹിതനെ കണ്ടുമുട്ടുന്നതുവരെ കുര്‍ബാനസ്വീകരണം നീണ്ടുപോയി. എങ്കിലും കിടന്ന കിടപ്പില്‍, അനാഥരായ പാവം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അങ്ങനെ അവരെ ആ കാലഘട്ടത്തിലെ പൈശാചികചിന്തകളില്‍നിന്നു രക്ഷിക്കാനുമായിരുന്നു ജൂലിയുടെ ശ്രമം.

ഒടുവില്‍, 1803-ല്‍ ആമിയന്‍സില്‍, രണ്ടു വൈദികസുഹൃത്തുക്കളുടെ സഹായത്തോടെ "Institute of the Sisters of Notre Dame De Namur" എന്ന പ്രസ്ഥാനം ആരംഭിച്ചു. അന്നു ജൂലിക്കു 53 വയസ്സുണ്ട്. കിടക്കയില്‍ ത്തന്നെ ആശ്രയം. ആയിടെ കണ്ടുമുട്ടിയ ഒരു പുരോഹിതന്‍ ജൂലിയെ നിര്‍ബന്ധിച്ചു, ഈശോയുടെ തിരുഹൃദയത്തെപ്പറ്റി ഓര്‍ത്തുകൊണ്ട് ഒരു ചുവടുനടക്കാന്‍. അത്ഭുതം! അതു സംഭവിച്ചു. ജൂലിയുടെ അസുഖം പൂര്‍ണ്ണമായും മാറിയിരുന്നു. അടുത്ത 12 വര്‍ഷക്കാലം സര്‍വ്വശക്തിയും സംഭരിച്ച് തന്റെ സഭയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിലും ബല്‍ജിയത്തിലുമായി പത്തു മഠങ്ങള്‍ സ്ഥാപിച്ചു. ധാരാളം തെറ്റിദ്ധാരണകളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. ആമിയന്‍സിലെ മെത്രാന്‍പോലും തെറ്റിദ്ധരിച്ചു. അതുകൊണ്ട് തന്റെ "മദര്‍ ഹൗസ്" ആമിയന്‍സില്‍നിന്ന് ബെല്‍ജിയത്തില്‍ തന്നെയുള്ള നാമുറിലേക്കു മാറ്റി. ദിവസവും ദീര്‍ഘമായ യാത്രകള്‍ വേണ്ടിവന്നു. നടന്നും വാഹനത്തിലുമൊക്കെയായി മൈലുകള്‍ നീണ്ട യാത്ര. അവളുടെ ആരോഗ്യവും ആത്മധൈര്യവും ഒരിക്കലും കുറയുകയില്ലെന്നു തോന്നി. അത്രയ്ക്കായിരുന്നു ആത്മാക്കളുടെ രക്ഷയെപ്പറ്റിയുള്ള അവളുടെ ആകാംക്ഷ. അവരോടുള്ള സ്‌നേഹത്തെപ്രതി എന്തും സഹിക്കുന്നതില്‍ അവള്‍ ആനന്ദംകൊണ്ടു. നമുക്ക് സാധിക്കുന്നതു ചെയ്യുക; ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജൂലി ജീവിച്ചതും പ്രവര്‍ത്തിച്ചതും.

1816 ഏപ്രില്‍ 8-ാം തീയതി ജൂലി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണശേഷം അവരുടെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ നാനാദേശങ്ങളിലും പ്രചരിച്ചു. 1906 മെയ് 13-ന് വാഴ്ത്തപ്പെട്ടവള്‍ എന്നു പ്രഖ്യാപിക്കപ്പെട്ട ജൂലിയെ പോപ്പ് പോള്‍ ആറാമന്‍ 1969-ല്‍ വിശുദ്ധയാക്കി.

നമ്മുടെ കഴിവുകേടു നമ്മള്‍തന്നെ അംഗീകരിച്ചാല്‍, ദൈവം നമുക്കുവേണ്ടി ബാക്കിയെല്ലാം ചെയ്തുകൊള്ളും.
വി. ജൂലി ബില്ലിയാര്‍ട്ട്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org