ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് (1125-1180) : നവംബര്‍ 14

ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് (1125-1180) : നവംബര്‍ 14

Published on
ഡബ്ലിനിലുള്ള ഒരു രാജകുടുംബത്തിലാണ് ലോറന്‍സ് ജനിച്ചത്. എങ്കിലും, അവന് പത്തുവയസ്സുള്ളപ്പോള്‍ പിതാവ് അവനെ ലെയിന്‍സ്റ്ററിന്റെ രാജാവ് ഡര്‍മണ്ടിന് ജാമ്യത്തടവുകാരനായി നല്‍കി. രണ്ടുവര്‍ഷം രാജാവ് അവനോടു നിര്‍ദ്ദയമായി പെരുമാറി. അതിനുശേഷം അവനെ ഗ്ലെണ്ടലോവിലെ ബിഷപ്പിനെ ഏല്പിച്ചു. ബിഷപ്പിന്റെ സംരക്ഷണയില്‍ അവന്‍ സല്‍ഗുണസമ്പന്നനായി വളര്‍ന്നു. ബിഷപ്പ് മരിക്കുമ്പോള്‍, ആശ്രമാധിപനും ബിഷപ്പു തന്നെയായിരുന്നു. 25 വയസ്സുപോലും തികയാത്ത ലോറന്‍സ് ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ രൂപത സമ്പന്നമായിരുന്നു. പക്ഷേ, ഭരണമേറ്റ പേപ്പല്‍ പ്രതിനിധി രൂപതയുടെ സമ്പത്തെല്ലാം ധൂര്‍ത്ത ടിച്ചു. ലോറന്‍സ്, ആശ്രമാധിപനെന്ന നിലയില്‍ രൂപതയുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്തു. ജനങ്ങള്‍ നന്മയിലും വിവേകത്തിലും ഭക്തിയിലും വളര്‍ന്നുവന്നു.

1161-ല്‍ ഡബ്ലിന്റെ ആര്‍ച്ചുബിഷപ്പായി ലോറന്‍സ് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. 1171-ല്‍ രൂപതയുടെ കാര്യങ്ങള്‍ക്കായി ഹെന്‍ട്രി രണ്ടാമന്‍ രാജാവിനെ സന്ദര്‍ശിക്കാനായി ഇംഗ്ലണ്ടിലേക്കു പോകേണ്ടി വന്നു. രാജാവ് അന്ന് കാന്റര്‍ബറിയിലായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ ബനഡിക്‌ടൈന്‍ സന്ന്യാസിമാര്‍ ലോറന്‍സിനെ വലിയ ബഹുമാനത്തോടെ സ്വീകരിച്ചു.

പിറ്റേന്ന് രാവിലെ ദിവ്യബലി അര്‍പ്പിക്കാനായി അള്‍ത്താരയെ സമീപിച്ച അദ്ദേഹത്തിന്റെ തലയില്‍ ഒരു മനോരോഗി വടികൊണ്ട് ആഞ്ഞടിച്ചു. മാരകമായി മുറിവേറ്റ ലോറന്‍സ് ഉടന്‍ അല്പം ജലം ആവശ്യപ്പെട്ടു. അദ്ദേഹം തന്നെ ആശീര്‍വദിച്ചശേഷം ആ ജലം കൊണ്ട് മുറിവു കഴുകി. അത്ഭുതകരമായി രക്തസ്രാവം നിന്നു. ആരോഗ്യവാനായി കാണപ്പെട്ട അദ്ദേഹം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

1175-ല്‍ ലോറന്‍സ് ഇംഗ്ലണ്ടിലേക്ക് മറ്റൊരു യാത്രയും നടത്തുകയുണ്ടായി. ചക്രവര്‍ത്തിമാരായ ഇംഗ്ലണ്ടിന്റെ ഹെന്‍ട്രി രണ്ടാമനും അയര്‍ലണ്ടിന്റെ റോഡറിക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഐക്യപ്പെടുത്താനായിരുന്നു ആ യാത്ര. ലോറന്‍സിന്റെ ഭക്തിയിലും വിശുദ്ധിയിലും ആകൃഷ്ടനായ ഇംഗ്ലണ്ടിന്റെ രാജാവ്, അദ്ദേഹം പറയുന്ന തെന്തും അനുസരിക്കാന്‍ താന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചു. അങ്ങനെ രാജാക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലോറന്‍സിന്റെ നിര്‍ദ്ദേശപ്രകാരം രമ്യതയില്‍ പര്യവസാനിച്ചു.

"നടക്കാന്‍ വയ്യാത്ത വൃദ്ധന് ബലവത്തായ ഊന്നുവടിപോലെയാണ്, അസ്വസ്ഥമായ മനസ്സിന് വിശ്വാസം ആശ്രയമാകുന്നു."
വി. ജോണ്‍ ക്രിസോസ്തം

1180 നവംബര്‍ 14-ന് ലോറന്‍സ് മരണമടഞ്ഞു. 1225-ല്‍ പോപ്പ് ഹൊണോറിയൂസ് മൂന്നാമന്‍ ലോറന്‍സിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

logo
Sathyadeepam Online
www.sathyadeepam.org