വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3

പെറുവിലെ ലിമായാണ് മാര്‍ട്ടിന്‍ ഡി പോറസിന്റെ ജന്മദേശം. 1579 ഡിസംബര്‍ 9-ന് ജനിച്ചു. അച്ഛന്‍ ഡോണ്‍ ജൂവാന്‍ ഡി പോറസ് സ്‌പെയിനില്‍ അല്‍ക്കാന്തറയിലെ ഒരു പ്രഭുവായിരുന്നു. അമ്മ പനാമക്കാരിയായ ഒരു നീഗ്രോ യുവതിയും. കുട്ടി ജനിച്ചതോടെ പ്രഭു ആ സ്ത്രീയെ ഉപേക്ഷിച്ചു. കടുത്ത ദാരിദ്ര്യത്തില്‍ വളരാനായിരുന്നു ആ കുട്ടിയുടെ യോഗം. ദാരിദ്ര്യത്തില്‍ വളര്‍ന്നതുകൊണ്ടായിരിക്കാം, മറ്റു ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും വലിയ സ്‌നേഹവും അനുകമ്പയും ആ കുട്ടിയില്‍ വളര്‍ന്നു വന്നത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒരു ഡോക്ടറുടെ സഹായിയായി ജോലി ചെയ്തുതുടങ്ങി. അങ്ങനെ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രികളിലെയും ജയിലുകളിലെയും അന്തേവാസികള്‍ അവന്റെ വലിയ സുഹൃത്തുക്കളായി. കാരണം, ജോലി ചെയ്തുണ്ടാക്കുന്ന പണത്തിന്റെ ഒരു ഭാഗം ദരിദ്രരായ രോഗികള്‍ക്ക് അവന്‍ വിതരണം ചെയ്തിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ അംഗമായി. സന്ന്യാസിമാരുടെ സഹായിയായി ആശ്രമത്തിലെ ജോലികള്‍ ചെയ്തു ജീവിച്ച മാര്‍ട്ടിന്റെ വിനയവും അനുസരണശീലവും അനുകമ്പയും പ്രാര്‍ത്ഥനാശീലവും കണ്ട് സന്ന്യാസിമാര്‍ അവനെ ആശ്രമത്തിലെ ബ്രദറായി സ്വീകരിച്ചു. അപ്പോഴേക്കും 24 വയസ്സുള്ള യുവാവായി മാര്‍ട്ടിന്‍ വളര്‍ന്നിരുന്നു. രാത്രിയുടെ യാമങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും സല്‍ഗ്രന്ഥ പാരായണത്തിനുമായി അവന്‍ ചെലവഴിച്ചു. അങ്ങനെ, ദൈവം പ്രസാദിച്ച് അവനു നല്‍കിയ ചില പ്രത്യേക വരങ്ങള്‍ അവന്‍ വിനയപൂര്‍വ്വം മറച്ചുവച്ചു. എന്നിട്ടും മറ്റുള്ളവരുടെ മുമ്പില്‍ അവനൊരു വിശുദ്ധനായിരുന്നു. സമാധാനത്തിന്റെയും അനുകമ്പയുടെയും മാലാഖ. അവന്റെ ഒരു സ്പര്‍ശനം മതിയായിരുന്നു രോഗം സുഖമാകാന്‍. പ്രാര്‍ത്ഥിച്ചും രോഗികളുടെ ശരീരത്തില്‍ കുരിശടയാളം വരച്ചും അവന്‍ രോഗികളെ സൗഖ്യപ്പെടുത്തി. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനും പെട്ടെന്ന് ഒരിടത്തുനിന്ന് അപ്രത്യക്ഷനാകാനും അവനു കഴിഞ്ഞിരുന്നു. ജനങ്ങളുടെ ഹൃദയം അവന്‍ വായിച്ചറിഞ്ഞു. അകലെയായിരിക്കുന്നവരുടെ പോലും പറയാത്ത ആഗ്രഹങ്ങള്‍ അവന്‍ മനസ്സിലാക്കിയിരുന്നു. ഒരിക്കലും ലിമാ വിട്ടു പോകാത്ത മാര്‍ട്ടിന്‍ മെക്‌സിക്കോയിലും അള്‍ജിയേഴ്‌സിലും ഫ്രാന്‍സിലും ഫിലിെപ്പെന്‍സിലും ചൈനയിലും ജപ്പാനിലുമുള്ള രോഗികളെയും കഷ്ടതകള്‍ അനുഭവിച്ചിരുന്നവരെയും ശുശ്രൂഷിച്ച് സുഖപ്പെടുത്തിയതായി ധാരാളം ആധികാരിക റിപ്പോര്‍ട്ടുകളുണ്ട്. പ്രാര്‍ത്ഥനയില്‍ മുഴുകിയെ മാര്‍ട്ടിനെ മാലാഖമാരുടെ കൂടെയും ഒരു അലൗകികപ്രഭയില്‍ മുഴുകിയും ദര്‍ശിച്ചതായി സന്ന്യാസിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ വിശ്വാസതീക്ഷ്ണതയില്‍ അവിശ്വസനീയമായി വളര്‍ച്ച പ്രാപിച്ച മാര്‍ട്ടിന്‍ മറ്റുള്ളവരെയും ആ പ്രഭയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സ്‌പെയിന്‍കാരും നീഗ്രോകളും ഇന്ത്യാക്കാരുമെല്ലാം ആ വിശുദ്ധനെ തൊട്ടറിഞ്ഞു. മാര്‍ട്ടിന്‍ ആരെയും അവഗണിച്ചിരുന്നില്ല. ആശ്രമത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ദരിദ്രര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കുമെല്ലാം എങ്ങനെയോ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുകൊടുക്കുവാന്‍ മാര്‍ട്ടിനു കഴിഞ്ഞിരുന്നു. സമ്പന്നരായ ആളുകള്‍ കൈയയച്ച് സഹായിച്ചിരുന്നതുകൊണ്ട് എല്ലാ ആഴ്ചയും ദരിദ്രരുടെ മുഴുവന്‍ ആവശ്യങ്ങളും സാധിച്ചുകൊടുക്കുവാന്‍ മാര്‍ട്ടിനു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ഹോളിക്രോസ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

1639 നവംബര്‍ 3-ന് അറുപതാമത്തെ വയസ്സില്‍ മാര്‍ട്ടിന്‍ മരിച്ചപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ലിമാ വിങ്ങി വിങ്ങി കരഞ്ഞു. അദ്ദേഹത്തിന്റെ ശവമഞ്ചം എടുക്കാന്‍ പെറുവിന്റെ വൈസ്രോയിയും ഒരു പ്രഭുവും രണ്ടു ബിഷപ്പുമാരും എത്തിയിരുന്നു എന്നറിയുമ്പോള്‍ മാര്‍ട്ടിനോടുള്ള അവരുടെ സ്‌നേഹാദരവുകള്‍ നമുക്ക് ഊഹിക്കാം.

1837-ല്‍ പോപ്പ് ഗ്രിഗരി XVI മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പെടുത്തുകയും 1962 മെയ് 6 ന് പോപ്പ് ജോണ്‍ XXIII അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹികനീതിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. മാര്‍ട്ടിന്‍ ഡി പോറസ്.

സമൂഹം അടിമകളും അധഃകൃതരുമായി അവഗണിച്ചു കളഞ്ഞിരുന്നവര്‍ക്കുവേണ്ടി മാര്‍ട്ടിന്‍ ഡി പോറസ് സ്വജീവിതം ഉഴിഞ്ഞുവച്ചു.
പോപ്പ് ജോണ്‍ XXIII

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org