വിശുദ്ധ മാര്‍ട്ടിന്‍ ഒന്നാമന്‍ (655) : ഏപ്രില്‍ 13

വിശുദ്ധ മാര്‍ട്ടിന്‍ ഒന്നാമന്‍ (655) : ഏപ്രില്‍ 13

രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അവസാനത്തെ പോപ്പാണ് വി. മാര്‍ട്ടിന്‍ ഒന്നാമന്‍.

ഇറ്റലിയിലെ ഉമ്പ്രിയായില്‍ ടോഡി എന്ന സ്ഥലത്താണ് മാര്‍ട്ടിന്‍ ജനിച്ചത്. തെയഡോര്‍ ഒന്നാമന്‍ പാപ്പായ്ക്കുശേഷം 649-ല്‍ മാര്‍പാപ്പയായിത്തീര്‍ന്ന മാര്‍ട്ടിന്‍ അസാധാരണമായ പാണ്ഡിത്യവും ഭക്തിയുംകൊണ്ട് ശ്രദ്ധേയനായിരുന്നു.

ആറുവര്‍ഷം മാത്രം ഭരണത്തിലുണ്ടായിരുന്ന ഈ പോപ്പിന്റെ ഭരണകാലത്തെ മുഖ്യസംഭവം 649-ല്‍ റോമില്‍ വച്ചുനടന്ന ലാറ്ററന്‍ സൂനഹദോസാണ്. 105 ബിഷപ്പുമാര്‍ ഇതില്‍ പങ്കെടുത്തു. ക്രിസ്തുവിന് മാനുഷികമായ ഒരു മനസ്സുണ്ടായിരുന്നു എന്ന സഭയുടെ വിശ്വാസത്തെ എതിര്‍ത്ത "Monothelitism'' എന്ന തെറ്റായ ചിന്താപദ്ധതിയെ വിമര്‍ശിച്ച് തള്ളിക്കളഞ്ഞതാണ് ഈ സൂനഹദോസിലെ പ്രധാന സംഭവം.

പക്ഷേ, ഈ നടപടി കോണ്‍സ്റ്റന്‍സ് II രാജാവിനെ പ്രകോപിപ്പിച്ചു. അദ്ദേഹം പോപ്പിനെ വധിക്കാന്‍ കൊലയാളികളെ അയച്ചു. ആദ്യത്തെ വധശ്രമം പരാജയപ്പെട്ടു. എന്നാല്‍, രണ്ടാമത്തെ ശ്രമത്തില്‍ പോപ്പിനെ രഹസ്യമായി തട്ടിയെടുത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിച്ചു. അവിടെ മാസങ്ങളോളം പോപ്പ് മാര്‍ട്ടിനെ തടവില്‍ പാര്‍പ്പിച്ചു. എന്നിട്ട്, ഒരു ദിവസം ഒരു മോക്ക് ട്രയല്‍ നടത്തി, പോപ്പ് അവിശ്വാസിയും റിബലുമാണെന്ന് വിധി പ്രസ്താവിച്ചു അങ്ങനെ ചെര്‍സണ്‍ ദ്വീപില്‍ തടവില്‍കിടന്ന്, പീഡനങ്ങളും പട്ടിണിയും മൂലം 655 സെപ്തംബര്‍ 16ാം തീയതി മരണമടഞ്ഞു.

പോപ്പ് മാര്‍ട്ടിന്റെ മരണത്തിനുമുമ്പേ തന്നെ, 654 ഓഗസ്റ്റ് 10-ന് തിരഞ്ഞെടുക്കപ്പെട്ട വി. എവുജിന്‍ ഒന്നാമന്‍, വി. മാര്‍ട്ടിന്റെ വിശ്വാസതീക്ഷ്ണതയും ആത്മധൈര്യവും പ്രകടമാക്കി സഭയെ നയിച്ച മാര്‍പാപ്പായായിരുന്നു.

ലോകചരിത്രത്തില്‍, ശത്രുവിനെ സ്‌നേഹിക്കാന്‍ പറഞ്ഞ ഏകവ്യക്തി ക്രിസ്തുവാണ്. അഹിംസയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഗാന്ധിജിക്കു മനസ്സിലാക്കിക്കൊടുത്തതും ക്രിസ്തുവാണ്. കൊല്ലരുതെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞു നിറുത്തുക മാത്രമാണ് ശ്രീബുദ്ധന്‍ ചെയ്തത്. പല്ലിനു പകരം പല്ലല്ല; കല്ലിനുപകരം കല്ലല്ല. വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കുമെന്നു ചുരുക്കം. രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അവസാനത്തെ പോപ്പാണ് വി. മാര്‍ട്ടിന്‍ ഒന്നാമന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org