ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ (316-397) : നവംബര്‍ 11

ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ (316-397) : നവംബര്‍ 11
വിഗ്രഹാരാധകനായിരുന്ന ഒരു പട്ടാളക്കാരന്റെ മകനായിരുന്നു മാര്‍ട്ടിന്‍. അവന്‍ ജനിക്കുമ്പോള്‍ പിതാവ് ഹങ്കറിയിലെ പത്തോനിയായിലായിരുന്നു താമസം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ലൊമ്പാര്‍ഡിയില്‍ പവിയ എന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറായി. അവിടെ വച്ച്, പതിനഞ്ചു വയസു മാത്രമുണ്ടായിരുന്ന മാര്‍ട്ടിന്‍ രാജാവിന്റെ കുതിര സൈന്യത്തില്‍ ചേര്‍ന്നു. ഗോളിലെ ആമിയന്‍സിലായിരുന്നു ജോലി.

ഒരു ദിവസം അര്‍ദ്ധനഗ്നനായ ഒരു ഭിക്ഷക്കാരനെ മാര്‍ട്ടിന്‍ കണ്ടുമുട്ടി. തണുപ്പത്തു വിറയ്ക്കുന്ന അയാളെക്കണ്ട് അനുകമ്പ തോന്നിയ മാര്‍ട്ടിന്‍ തന്റെ ഓവര്‍കോട്ടിന്റെ പകുതിഭാഗം കീറി അയാളെ പുതപ്പിച്ചിട്ട് യാത്ര തുടര്‍ന്നു. അന്നു രാത്രിയില്‍ അയാളുടെ ഓവര്‍കോട്ട് ധരിച്ച് ക്രിസ്തു അയാള്‍ക്കു പ്രത്യക്ഷപ്പെട്ടു എന്നു പറയപ്പെടുന്നു. (മാര്‍ട്ടിന്റെ കോട്ടിന്റെ പകുതിഭാഗം ഫ്രാങ്കിഷ് രാജാക്കന്മാരുടെ ചാപ്പലില്‍ ഏറെക്കാലം സൂക്ഷിച്ചിരുന്നത്രെ!) ഏതായാലും, ഈ സംഭവത്തിനുശേഷം അധികം വൈകാതെ മാര്‍ട്ടിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. സൈനിക സേവനം അവസാനിച്ച ഉടന്‍തന്നെ മാര്‍ട്ടിന്‍ പോയിറ്റിയേഴ്‌സിലെ വി. ഹിലാരിയുടെ ശിഷ്യത്വം സ്വീകരിച്ചു.
പിന്നീട് പവിയ സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ അമ്മയെ ജ്ഞാനസ്‌നാനപ്പെടുത്തിയെങ്കിലും അച്ഛന്‍ വിഗ്രഹാരാധകനായി തുടര്‍ന്നു. ആര്യന്‍സ് ഗോളില്‍ അതിക്രമിച്ചു കടക്കുകയും മാര്‍ട്ടിന്റെ ഗുരുവായ വി. ഹിലാരിയെ ഗോളില്‍നിന്ന് നാടുകടത്തുകയും ചെയ്തു. അതോടെ മാര്‍ട്ടിന്‍ സന്ന്യാസവേഷം സ്വീകരിച്ച് മെഡിറ്ററേനിയനിലുള്ള ഒരു ദ്വീപിലേക്കു പോയി.

കര്‍ത്താവേ, നിന്റെ ജനങ്ങള്‍ക്ക് ഇനിയും എന്നെക്കൊണ്ട് ആവശ്യമുണ്ടെങ്കില്‍ ഇതാ ഞാന്‍ തയ്യാറാണ്. അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ.

361-ല്‍ മാര്‍ട്ടിനും ഹിലാരിയും പോയിറ്റിയേഴ്‌സില്‍ വീണ്ടും കണ്ടുമുട്ടി. അവര്‍ക്കുചുറ്റും ധാരാളം സന്ന്യാസിമാരും വന്നുചേര്‍ന്നു. അങ്ങനെ ക്രമേണ പ്രസിദ്ധമായ ലിഗൂഗിലെ ബനഡിക്‌ടൈന്‍ ആശ്രമം രൂപം കൊണ്ടു. ഗോളിലെ ആദ്യത്തെ മൊണാസ്റ്ററിയായിരുന്നു അത്. മാര്‍ട്ടിന്‍ ആശ്രമം വിട്ട് ഗ്രാമങ്ങളിലൂടെ അലഞ്ഞ്, അപ്പോഴും വിഗ്രഹാരാധന നിലനിന്നിരുന്ന പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു. 371-ല്‍ ഒരു ദിവസം ഫ്രാന്‍സിലെ ടൂര്‍സ് നഗരത്തിലേക്ക് മാര്‍ട്ടിന്‍ പെട്ടെന്ന് ക്ഷണിക്കപ്പെട്ടു. തന്റെ താത്പര്യത്തിനു വിരുദ്ധമായി അവിടത്തെ ഒരു രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാനായിരുന്നു അത്.

മനസ്സില്ലാമനസ്സോടെയാണെങ്കിലും, ഉത്തരവാദിത്വം ഏറ്റെടുത്ത മാര്‍ട്ടിന്‍ നിശ്ചയദാര്‍ഢ്യത്തോടെ നീതിപൂര്‍വ്വം രൂപതാഭരണം തുടങ്ങി. ആര്യന്‍പാണ്ഡതപോലുള്ള വികലമായ ദര്‍ശനങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ചക്രവര്‍ത്തിയുടെ വാസസ്ഥലമായിരുന്ന ട്രെവ്‌സിലേക്ക് ഇക്കാര്യത്തിനായി അനേകം തവണ യാത്ര ചെയ്യേണ്ടി വന്നു. ലളിതമായ ജീവിതചര്യ സ്വീകരിച്ച മാര്‍ട്ടിന്‍ നഗരത്തിന്റെ ബഹളങ്ങള്‍ ഒഴിവാക്കാനായി ഒരു ഗ്രാമപ്രദേശത്ത് കുടിലുകെട്ടി ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞു. പക്ഷേ, അപ്പോഴേക്കും കേട്ടറിഞ്ഞ് മറ്റു സന്ന്യാസിമാരും അവിടെയെത്തി. അതാണ്, ഇന്നും നിലനില്‍ക്കുന്ന, പ്രസിദ്ധമായ മര്‍മോട്ടിയര്‍ മൊണാസ്റ്ററിയായി രൂപപ്പെട്ടത്.

397 നവംബര്‍ 11-ന് മാര്‍ട്ടിന്‍ മരണമടഞ്ഞു. പാശ്ചാത്യസഭയില്‍ പരസ്യമായി വണങ്ങപ്പെട്ട, രക്തസാക്ഷിയല്ലാത്ത, ആദ്യത്തെ വിശുദ്ധനാണ് ടൂര്‍സിലെ മാര്‍ട്ടിന്‍. മദ്ധ്യകാലഘട്ടത്തില്‍ മാര്‍ട്ടിന്‍ വളരെ പ്രസിദ്ധനായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ നാമത്തിലുള്ള എണ്ണമറ്റ ദേവാലയങ്ങളും നഗരങ്ങളും സാക്ഷ്യം നല്‍കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org