വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22

വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22

ക്രിസ്തുവിന്റെ കഥയില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് മേരി മഗ്ദലേന. എല്ലാ സുവിശേഷകന്മാരും മേരിക്ക് അപ്പസ്‌തോലന്മാരെക്കാളും മാതാവിനെക്കാളും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഗലീലിയില്‍ തിബേരിയാസ് കടല്‍ത്തീരത്തുള്ള ഒരു പട്ടണമാണു മഗ്ദല. അതാണ് മേരിയുടെ ജന്മസ്ഥലം. ലത്തീന്‍ സഭയിലെ വിശ്വാസമനുസരിച്ച് ബൈബിളിലെ പാപിനിയായ മേരിയും ലാസറിന്റെയും മര്‍ത്തായുടെയും സഹോദരിയായ മേരിയും മേരി മഗ്ദലേന തന്നെയാണ്. ഈശോ മഗ്ദലേന മേരിയെ ഏഴു പിശാചുക്കളില്‍നിന്നു മോചിപ്പിക്കുന്നു. ഏഴു പിശാചുക്കള്‍ ഏഴു പ്രധാന പാപങ്ങളാണ്. കര്‍ത്താവിന്റെ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകിയ പാപിനിയായ സ്ത്രീയും ഈ മേരിതന്നെയാണ്. കൂടാതെ, വി. യോഹന്നാന്റെ സുവിശേഷത്തില്‍, കര്‍ത്താവിന്റെ കാല്ക്കലിരുന്ന് അവിടുത്തെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്ന ബഥനിയിലെ മേരിയും (മര്‍ത്തായുടെ സഹോദരി) മേരി മഗ്ദലേനയാണ്. എന്നാല്‍, പൗരസ്ത്യസഭ ഈ മൂന്നു മേരിമാരെയും മൂന്നു വ്യത്യസ്ത സ്ത്രീകളായാണ് കാണുന്നത്.

എന്തായാലും ക്രിസ്തുവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു ശിഷ്യയാണ് മേരി മഗ്ദല. അമ്മയായ മേരിയോടൊപ്പം കാല്‍വരിയില്‍ കുരിശിന്റെ ചുവട്ടിലും ഈ മേരിയെ നാം കാണുന്നു. ഈശോയെ കുരിശില്‍ നിന്നിറക്കി സംസ്‌കരിക്കുമ്പോഴും ഈ സ്ത്രീ തൊട്ടടുത്തുതന്നെയുണ്ട്. ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ ആദ്യമായി ദര്‍ശിക്കുന്നത് ഈ മേരിയാണ്. പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ നിര്‍ഭയം കല്ലറയിങ്കല്‍ പോയി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ തന്റേടം കാണിച്ച ഏകവ്യക്തി. ശ്ലീഹന്മാരാരും ഈ സമയത്ത് രംഗത്തില്ല; എല്ലാവരും ഒളിവിലാണ്. ഭയചകിതരാണ്. ഉയിര്‍പ്പിക്കപ്പെട്ട ഈശോയെ ആദ്യം കാണാനുള്ള ഭാഗ്യം സിദ്ധിച്ചതും അവള്‍ക്കു തന്നെയാണ്. ഈശോ ഉയിര്‍ത്ത സുപ്രധാന വാര്‍ത്ത ശ്ലീഹന്മാരെപ്പോലും അറിയിക്കാന്‍ നിയോഗിക്കപ്പെട്ടതും അവള്‍ തന്നെ. അങ്ങനെ സുവിശേഷത്തില്‍ "അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല"നാണ് മറിയം മഗ്ദല.

ഉത്തമ മനസ്താപത്തിന്റെ ഏറ്റവും സജീവമായ മാതൃകയാണ് മറിയം മഗ്ദല. ഒരിക്കല്‍ കുറ്റബോധം തോന്നിയ അവള്‍ പിന്നീട് പാപജീവിതത്തിലേക്കു തിരിയെ പോയിട്ടില്ല. ഈശോയുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഗ്രഹിച്ച അവള്‍ അടിയുറച്ച വിശ്വാസിയായി മാറുകയായിരുന്നു. ആ വിശ്വാസമാണ് അവള്‍ക്ക് ധൈര്യം പകര്‍ന്നത്. ശ്ലീഹന്മാര്‍ക്കും മാതാവിനുപോലുമില്ലാത്ത ധീരത.

മേരി മഗ്ദല എഫേസൂസില്‍ മരിച്ചുവെന്ന് കരുതപ്പെടുന്നു. എന്നാല്‍, മേരിയും മര്‍ത്തായും ലാസറും കൂടി തെക്കന്‍ ഫ്രാന്‍സിലെത്തി സുവിശേഷപ്രചരണം നടത്തിയിരുന്നതായി ഫ്രാന്‍സില്‍ ഒരു വിശ്വാസവുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org