വിശുദ്ധ നിക്കോളാസ് ബാരി (-350) : ഡിസംബര്‍ 6

വിശുദ്ധ നിക്കോളാസ് ബാരി (-350) : ഡിസംബര്‍ 6
ലോകം മുഴുവന്‍ സ്‌നേഹപൂര്‍വ്വം സ്മരിക്കുന്ന ഒരു വിശുദ്ധനാണ് നിക്കോളാസ്. പക്ഷേ, അദ്ദേഹത്തിന്റെ ജനനത്തെയും ജീവിതത്തെയും പറ്റി വളരെ കുറച്ചു കാര്യങ്ങളേ അറിവായിട്ടുള്ളൂ. ഇറ്റലിയിലെ ബാരിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. പിന്നീട് അദ്ദേഹം ഏഷ്യാമൈനറിലെ മീറായിലെ ബിഷപ്പായിത്തീര്‍ന്നുവെന്നും അറിയാം. നാലാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണിത്.

വിശുദ്ധ നാട്ടിലേക്ക് നിക്കോളാസ് ഒരിക്കല്‍ തീര്‍ത്ഥയാത്ര പോയി. തിരിച്ചുപോരുമ്പോള്‍ മീറായില്‍ എത്തിയ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി. ആ പ്രദേശത്തെ ബിഷപ്പ് മരണമടഞ്ഞിട്ട് അധികം ദിവസമായിരുന്നില്ല. അവിടുത്തെ വൈദികര്‍ ഒരു തീരുമാനമെടുത്തിരുന്നു; ഒരു പ്രത്യേക ദിവസം ആ ദൈവാലയത്തില്‍ ആദ്യമായെത്തുന്ന വ്യക്തിയെ ബിഷപ്പാക്കാമെന്ന്. ആ ദിവസം രാവിലെയാണ് നിക്കോളാസ് ആ ദൈവാലയത്തില്‍ എത്തിയത്. അങ്ങനെ അദ്ദേഹം അവിടത്തെ ബിഷപ്പായി. പിന്നീട്, ഡയക്ലീഷന്റെ മതപീഡനകാലത്ത് അദ്ദേഹം തടവിലാക്കപ്പെടുകയും കോണ്‍സ്റ്റന്റൈനിന്റെ കാലത്ത് സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു. കൂടാതെ, പ്രസിദ്ധമായ ഒന്നാം നിഖ്യാ സൂനഹദോസില്‍ (325) നിക്കോളാസും സംബന്ധിച്ചിരുന്നു. ആര്യന്‍ പാഷണ്ഡത തെറ്റാണെന്നു വിധിച്ചത് ഈ സൂനഹദോസിലാണ്.
നിക്കോളാസിന്റെ ദയയും ഔദാര്യമനസ്‌ക്കതയുമാണ് എന്നെന്നും സ്മരിക്കപ്പെടുന്നത്. നിരപരാധികളായ മൂന്നു ഉദ്യോഗസ്ഥരെ രക്ഷിച്ചതും മൂന്നു നിരാശ്രയരായ കന്യകകളുടെ വിവാഹത്തിന് രഹസ്യമായി സ്ത്രീധനം നല്‍കി രക്ഷിച്ചതുമൊക്കെ പ്രസിദ്ധമായ കഥകളാണ്. സ്വര്‍ണ്ണം നിറച്ച പഴ്‌സുകള്‍ രഹസ്യമായി ജനലിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു നിക്കോളാസ് ചെയ്തത്. കൂടാതെ, കൊലയ്ക്കു വിധിക്കപ്പെട്ട മൂന്നു നിരപരാധികളായ യുവാക്കളെ രക്ഷിച്ച കഥയും പ്രചാരത്തിലുണ്ട്.
നിക്കോളാസിന്റെ മരണശേഷം മീറയിലെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്റെ ചരമദിനം ആചരിച്ചത്, തലേദിവസം രാത്രിയില്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ കിടക്കയില്‍ ഒരു അസാധാരണ സമ്മാനം സ്ഥാപിച്ചു കൊണ്ടാണ്. ഈ ആചരണമാണ് പിന്നീട് ക്രിസ്മസ് ദിനത്തിലെ "സാന്താക്ലോസ്" ആയി രൂപാന്തരപ്പെട്ടത്. "സെയിന്റ് നിക്കോളാസാ"ണ് ലത്തീനിലെ "സാന്താക്ലോസ്." എന്നാല്‍, യൂറോപ്പിലെ ചില സ്ഥലങ്ങളില്‍, ഉദാഹരണത്തിന് ആസ്ത്രിയായില്‍ ഡിസംബര്‍ 6-ന് മറ്റൊരു ആചാരമുണ്ട്. അതായത്, നല്ല കുട്ടികള്‍ക്ക് നല്ല സമ്മാനവും, ചീത്ത കുട്ടികള്‍ക്ക് ഒരു കരിക്കട്ടയും സമ്മാനമായി നല്‍കുന്ന രീതിയാണ് അത്.
1087-ല്‍ മീറാ ദൈവാലയത്തില്‍ സൂക്ഷിച്ചിരുന്ന നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഏതോ ഇറ്റാലിയന്‍ കച്ചവടക്കാര്‍ മോഷ്ടിച്ച് ഇറ്റലിയിലെ ബാറിയിലെത്തിച്ചു. ഇന്ന് ബാറിയിലെ വി. നിക്കോളാസിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ അതു സൂക്ഷിച്ചു വച്ച് വണങ്ങുന്നു. അദ്ദേഹത്തിന്റെ തിരുനാള്‍ ദിവസം, അദ്ദേഹത്തിന്റെ രൂപം വഹിച്ച് കടലിലൂടെ ബോട്ടില്‍ യാത്ര ചെയ്തശേഷം രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ പ്രദക്ഷിണം ദൈവാലയത്തില്‍ തിരിച്ചെത്തുന്നു. എല്ലാ യാത്രക്കാരുടെയും, പ്രത്യേകിച്ച് കടല്‍യാത്രക്കാരുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായാണ് നിക്കോളാസ് വണങ്ങപ്പെടുന്നത്. കൂടാതെ, എല്ലാ കുട്ടികളുടെയും, പ്രത്യേകിച്ച് തെറ്റുചെയ്ത കുട്ടികളുടെ സംരക്ഷകനാണ് വി. നിക്കോളാസ്. റഷ്യയുടെയും ഗ്രീസിന്റെയും സിസിലിയുടെയും ലൊരെയിനിന്റെയും ലിമെറിക്കിന്റെയും നേപ്പിള്‍സിന്റെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായും വി. നിക്കോളാസ് അനുസ്മരിക്കപ്പെടുന്നു.

എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയവന്‍.
ലൂക്കാ 9:48

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org