വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10

വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10
Published on
ഇറ്റലിയിലെ ടൊളന്തീനോയില്‍ ജനിച്ച നിക്കോളാസിന് ആ പേരു ലഭിച്ചതില്‍ ഒരു കഥയുണ്ട്. മാതാപിതാക്കള്‍ക്കു പ്രായമായശേഷം വി. നിക്കോളാസ് ബാരിയോടു നിരന്തരം പ്രാര്‍ത്ഥിച്ചു ലഭിച്ച കുഞ്ഞാണത്രെ നിക്കോളാസ്. അതുകൊണ്ട് ആ വിശുദ്ധന്റെ പേരു നല്‍കി.

ബാല്യത്തില്‍ത്തന്നെ വിശുദ്ധിയുടെ മാതൃകയായിരുന്നു നിക്കോളാസ്. അതുകൊണ്ട് 17-ാമത്തെ വയസ്സില്‍, വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ, ഇറ്റലിയിലെ ടൊളെന്തീനോയുടെ കാനന്‍ ആയി നിയമിതനായി. എന്നാല്‍ ആയിടയ്ക്കു ഫാ. റെജി നാള്‍ഡോ എന്ന വൈദികന്റെ പ്രഭാഷണം നിക്കോളാസിനെ വല്ലാതെ സ്പര്‍ശിച്ചു.

"ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത – ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; ലോകത്തിന്റേതാണ്. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു; ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു" (1 യോഹ. 32:15-17).

എന്നും പൂര്‍ണ്ണതയിലേക്കുള്ള പ്രയാണത്തിലാണു നാമെന്നു വിചാരിക്കുക; എങ്കില്‍, നമുക്കുണ്ടാകുന്ന കഷ്ടതകള്‍ നമ്മെ അസ്വസ്ഥരാക്കില്ല.
വിശുദ്ധ ഫ്രാന്‍സീസ് ദെ സാലസ്‌

നിക്കോളാസ് ഉടനെ ജോലി രാജിവച്ചു. സഭയില്‍ ഔദ്യോഗിക നിലയില്‍ വളരാനുള്ള സാധ്യതകളെല്ലാം തട്ടിക്കളഞ്ഞ് അഗസ്റ്റീനിയന്‍ സന്ന്യാസാശ്രമത്തില്‍ ചേര്‍ന്നു. അവിടെ ഭക്തിയിലും വിനയത്തിലും വിശുദ്ധിയിലും വളര്‍ന്നുകൊണ്ടിരുന്നു. പൗരോഹിത്യം സ്വീകരിച്ചശേഷം എന്നും വചനപ്രഘോഷണം നടത്തി. അങ്ങനെ പ്രഭാഷണകലയിലും മെച്ചപ്പെട്ടു. അത്ഭുതങ്ങളും സംഭവിക്കാന്‍ തുടങ്ങി.

എല്ലാറ്റിനുമുപരി ദരിദ്രരോട് ഒരു പ്രത്യേക സ്‌നേഹവും പരിഗണ നയുമുണ്ടായിരുന്നു. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ ഭക്തകൃത്യങ്ങള്‍ അദ്ദേഹത്തിന് "ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ വക്കീല്‍" എന്ന അപരനാമം നേടികൊടുത്തു.

1305 സെപ്റ്റംബര്‍ 10-ന് നിക്കോളാസ് ദൈവ സന്നിധിയിലേക്ക് യാത്രയായി. ടൊളെന്തീനോയിലെ ബസലിക്കായില്‍ അദ്ദേഹത്തിന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നു. 1446-ല്‍ നിക്കോളാസ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org