വിശുദ്ധ ജോണ്‍ ഒന്നാമന്‍ മാര്‍പാപ്പ (526) : മെയ് 18

വിശുദ്ധ ജോണ്‍ ഒന്നാമന്‍ മാര്‍പാപ്പ (526) : മെയ് 18

ഇറ്റലിയിലെ ടസ്‌കനിയാണ് വി. ജോണ്‍ മാര്‍പാപ്പയുടെ ജന്മദേശം. യുവാവായിരുന്നപ്പോള്‍ത്തന്നെ റോമന്‍ പുരോഹിതനായി സേവനം ആരംഭിച്ചു. അധികം വൈകാതെ ആര്‍ച്ചുഡീക്കനായി നിയമിതനായി. പിന്നീട്, വി. ഹൊര്‍മിസ്‌ഡെന്‍ പാപ്പാ മരണമടഞ്ഞപ്പോള്‍ 523-ല്‍ വി. ജോണ്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

30 വര്‍ഷത്തോളം ഇറ്റലിയെ ഭരിച്ചത് തിയഡോറിക് രാജാവാണ്. ജന്മനാ ആര്യന്‍ വംശജനായ അദ്ദേഹം കത്തോലിക്കരോട് അനുകമ്പാപൂര്‍വ്വമാണു പെരുമാറിയിരുന്നത്.

പക്ഷേ, പെട്ടെന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അതിനുകാരണം, ഒരു പരിധിയവരെ, റോമന്‍ സെനറ്റര്‍മാരും കോണ്‍സ്റ്റാന്റിനോപ്പിളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധമായിരുന്നു. കൂടാതെ, ജസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി ആര്യന്‍സിനെതിരെ എടുത്ത ക്രൂരമായ നടപടികളും അതിനു കാരണമായി. ചക്രവര്‍ത്തിയുമായി ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്കായി തിയഡോറിക് രാജാവ് ഒരു പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചു.

തനിക്കു താല്പര്യമില്ലായിരുന്നെങ്കിലും ആ ഭാരിച്ച ഉത്തരവാദിത്വം പോപ്പ് ജോണ്‍ ഒന്നാമന്‍ ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെ മാര്‍പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. അവിടെ ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍, ഒരു വന്‍ ജനാവലി അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചു. അവിടെ മാര്‍പാപ്പ നടത്തിയ ഒത്തുതീര്‍പ്പു ശ്രമങ്ങളെപ്പറ്റിയുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. എങ്കിലും, ആര്യന്‍സിനോടുള്ള നിര്‍ദ്ദയമായ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അല്ലെങ്കില്‍ ഇറ്റലിയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചക്രവര്‍ത്തിയെ ധരിപ്പിച്ചതായി കരുതുന്നു.

പക്ഷേ, തിയഡോറിക് രാജാവ് സംശയാലുവായി മാറിക്കഴിഞ്ഞിരുന്നു. മാര്‍പാപ്പ സ്ഥലത്തില്ലാത്ത സമയത്ത്, വലിയ തത്ത്വജ്ഞാനിയായ ബേത്തിന്‍സ് (വി. സെവറിനൂസ്) അദ്ദേഹത്തിന്റെ ഭാര്യാപിതാവ് സിമ്മാക്കസ് എന്നിവരെ വധിക്കാന്‍ രാജാവ് ഉത്തരവ് കൊടുത്തിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ചക്രവര്‍ത്തിയും മാര്‍പാപ്പയും തമ്മിലുള്ള സൗഹൃദത്തെ, തനിക്കെതിരെയുള്ള ഗൂഢാലോചനയായി രാജാവ് തെറ്റിദ്ധരിച്ചിരുന്നു. അതുകൊണ്ട് മാര്‍പാപ്പായെ റാവെന്നായില്‍ വച്ച് അറസ്റ്റു ചെയ്തു കാരാഗൃഹത്തിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയിലിലെ കിരാത പീഡനങ്ങള്‍ കൊണ്ടാവാം, പോപ്പ് ജോണ്‍ മരണമടഞ്ഞു.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും.
മത്തായി. 5:11-12

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org