വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17
Published on
ടസ്‌കനിയില്‍ മോണ്ടെപുള്‍സ്യാനോയില്‍ 1542 ഒക്‌ടോബര്‍4-നാണ് റോബര്‍ട്ട് ജനിച്ചത്. അച്ഛന്‍ വിന്‍സെന്റും അമ്മ സിന്ധ്യയും കുലീന കുടുംബത്തില്‍ ജനിച്ചവരും സംസ്‌കാരസമ്പന്നരുമായിരുന്നു. റോബര്‍ട്ട് 18-ാമത്തെ വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു. ബെല്‍ജിയത്തിലുള്ള ലുവെയിന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു റോബര്‍ട്ടിന്റെ ഡിഗ്രിപഠനം.

അന്ന് കത്തോലിക്കാസഭയുടെ ജിഹ്വയായിരുന്നു ലുവെയിന്‍.'
പ്രൊട്ടസ്റ്റന്റ് വാദമുഖങ്ങള്‍ തീപ്പൊരിപോലെ ചിതറിക്കൊണ്ടിരിക്കുന്ന കാലഘട്ടം. ബുദ്ധിശക്തിയും വിശ്വാസതീക്ഷ്ണതയുംകൊണ്ട് റോബര്‍ട്ട് അവയെ എതിരിട്ടു. അങ്ങനെ വിവാദങ്ങളുടെ മുന്നണിപ്പടയാളിയായി മാറി റോബര്‍ട്ട്. 1576-ല്‍ പോപ്പ് ഗ്രിഗരി തകകക അദ്ദേഹത്തെ റോമിലേക്കു ക്ഷണിച്ചു. പുതിയ സാഹചര്യത്തില്‍, ജര്‍മ്മന്‍-ഇംഗ്ലീഷ് വൈദിക വിദ്യാര്‍ത്ഥികളെ ബൗദ്ധികമായും വിശ്വാസപരമായും ഒരുക്കുകയായിരുന്നു റോബര്‍ട്ടിന്റെ ദൗത്യം.
റോബര്‍ട്ടിന്റെ സമീപനം എപ്പോഴും യുക്തിഭദ്രമായിരുന്നു. അസാധാരണമായ ഓര്‍മ്മശക്തിയും സഭാപണ്ഡിതന്മാരുടെ കൃതികളുമായുള്ള നിരന്തരസമ്പര്‍ക്കവും വിദേശഭാഷകളിലെ പരിജ്ഞാനവും – എല്ലാം കൂടി ഏതു വന്‍സദസ്സിനെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു.

ഉപവി ഉള്ളവന്‍ ഒരിക്കലും നശിക്കുന്നില്ല; ഉപവി ഇല്ലാത്തവന്‍ ഒരിക്കലും രക്ഷപ്പെടുകയുമില്ല.
വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍

പന്ത്രണ്ടുവര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും അവയുടെ കോപ്പികള്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ എത്ര ശക്തമായിരുന്നു എന്നതിനു തെളിവാണ്, അവയ്ക്കു മറുപടി തയ്യാറാക്കാന്‍ പ്രൊട്ടസ്റ്റന്റ് യൂണിവേഴ്‌സിറ്റികളില്‍ പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുതന്നെ ആരംഭിച്ചത്. റോബര്‍ട്ടിന്റെ വിശ്വാസ പരിശീലന പാഠങ്ങള്‍ അറുപതോളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇറ്റലിയില്‍ അവ ഇന്നും ഉപയോഗിക്കുന്നുണ്ട്.

1592-ല്‍ റോമന്‍ കോളേജിലെ റെക്ടറായി റോബര്‍ട്ട് നിയമിതനായി. 1595-ല്‍ നേപ്പിള്‍സിലെ പ്രൊവിന്‍ഷ്യാളും 1599-ല്‍ കര്‍ദ്ദിനാളുമായി. അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിക്കൊണ്ട് പോപ്പ് ക്ലമന്റ് ഢകകക പറഞ്ഞു: "സഭയില്‍ ഇതിലും വലിയ ഒരു പണ്ഡിതനില്ല." കാപ്പുവായിലെ ആര്‍ച്ചുബിഷപ്പായിരുന്ന റോബര്‍ട്ടിനെ പോപ്പ് ലിയോ തക റോമിലേക്ക് ക്ഷണിച്ചു വരുത്തി തന്റെ മുഖ്യ ദൈവശാസ്ത്ര ഉപദേശകനാക്കി.

ഗലീലിയോയുടെ കൃതികളുടെ പരിശോധനയില്‍ റോബര്‍ട്ട് മുഖ്യപങ്കുവഹിച്ചു. സഭയും ഗവണ്മെന്റും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള റോബര്‍ട്ടിന്റെ ആശയങ്ങള്‍ക്ക് സാര്‍വ്വത്രിക അംഗീകാരം ലഭിച്ചു. അതായത്, "എല്ലാ അധികാരങ്ങളും ദൈവത്തില്‍ നിന്നാണ്.

എന്നാല്‍, അവ ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. യോഗ്യരായ ഭരണകര്‍ത്താക്കളെ ജനങ്ങള്‍ അതു വിശ്വാസപൂര്‍വ്വം ഏല്പിക്കുന്നു." ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭരണഘടനയുടെ അടിസ്ഥാനം ഈ ജനാധിപത്യ ദര്‍ശനമാണ്.
ആത്മസംയമനത്തിന്റെ കാര്യത്തില്‍ ഫ്രാന്‍സീസ് അസ്സീസിയായിരുന്നു റോബര്‍ട്ടിന്റെ ഗുരു.

ഒരു സമ്പാദ്യവുമില്ലാത്ത വെറും ദരിദ്രനായിരുന്നു അദ്ദേഹം, 1621 ഒക്‌ടോബര്‍ 17-ന് ഈ ലോകജീവിതത്തില്‍നിന്നു മോചനം നേടി. 1930-ല്‍ പോപ്പ് പയസ് തക അദ്ദേഹത്തെ വിശുദ്ധ പദവിയി ലേക്ക് ഉയര്‍ത്തി. പിറ്റേവര്‍ഷം തന്നെ അദ്ദേഹത്തെ സഭാപണ്ഡിതനായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org