വിശുദ്ധ സാബാസ് (439-532) ഡിസംബര്‍ 5

വിശുദ്ധ സാബാസ് (439-532) ഡിസംബര്‍ 5
ടര്‍ക്കിയിലുള്ള കപ്പഡോസിയയില്‍ 439 ജനുവരിയില്‍ സാബാസ് ജനിച്ചു. യുവാവായപ്പോള്‍ ജറൂസലത്തെത്തി കുറച്ചുകാലം മരുഭൂമിയില്‍ ത്തന്നെ ചെലവഴിച്ചു. പിന്നീട്, വി. എവുത്തേമിയസിന്റെ നിയന്ത്രണത്തിലുള്ള ഒരാശ്രമത്തില്‍ താമസമുറപ്പിച്ചു. എവുത്തേമിയസിനു ശേഷം ആ ആശ്രമം സുഖലോലുപതയിലേക്കു നീങ്ങുന്നതു കണ്ടപ്പോള്‍ അദ്ദേഹം അവിടംവിട്ട് സെദ്രോണ്‍ നദീതീരത്ത് മഹത്തായ Laura Mar Saba സ്ഥാപിച്ചു. അതിന്നും പൂര്‍വ്വാധികം പ്രൗഢിയില്‍ നിലനില്‍ക്കുന്നു. അവിടെ സന്ന്യാസിമാര്‍ ഓരോരുത്തരും പ്രത്യേകം മുറികളില്‍ താമസിച്ചിരുന്നു. ഇന്ന് കര്‍ത്തൂസിയന്‍ സന്ന്യാസികള്‍ ജീവിക്കുന്നതുപോലെ. വേറെ ആറ് ആശ്രമങ്ങള്‍കൂടി സാബാസ് സ്ഥാപിച്ചിരുന്നു.

491-ല്‍ സാബാസ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം അദ്ദേഹം പാലസ്തീനായിലെ മുഴുവന്‍ സന്ന്യാസികളുടെയും സുപ്പീരിയര്‍ ജനറലായി നിയമിതനായി. ആശ്രമനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയായിരുന്ന അദ്ദേഹം നിയമങ്ങളില്‍ പല പരിഷ്‌ക്കാരങ്ങളും വരുത്തി. പാവങ്ങളോടുള്ള അനുകമ്പയും അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളില്‍ ഒന്നായിരുന്നു. യാഥാസ്ഥിതിക ചിന്തയുടെ വക്താവായ അദ്ദേഹം രണ്ടു പ്രാവശ്യം കോണ്‍സ്റ്റാ ന്റിനോപ്പിള്‍ സന്ദര്‍ശിക്കുകയുണ്ടായി. മോണോ ഫൈംെസറ്റ്, നെസ്‌തോറിയന്‍, ഒറിജനിസ്റ്റ് പാഷണ്ഡതകള്‍ക്കെതിരെ ചക്രവര്‍ത്തിയെ സ്വാധീനിക്കാനായിരുന്നു ആ യാത്രകള്‍.
532 ഡിസംബര്‍ 5ന് പടുവൃദ്ധനായിട്ടാണ് സാബാസ് മരിച്ചത്. പൗരസ്ത്യ സന്ന്യാസജീവിതത്തിന്റെ ആരംഭകരില്‍ ഒരാളായിട്ടാണ് വി. സാബാസ് ആദരിക്കപ്പെടുന്നത്. വെനേഷ്യന്‍സ് മോഷ്ടിച്ചുകൊണ്ടുപോയ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോള്‍ വെനീസിലെ വി. മാര്‍ക്കിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ സൂക്ഷിച്ച് വണങ്ങുന്നു.

"ആകയാല്‍, സഹോദരരേ, ഉത്സാഹിച്ചു ജോലി ചെയ്യുക; കൂടുതല്‍ നന്മപ്രവൃത്തികള്‍ ചെയ്ത് നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org