വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3

വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3
വി. തോമസ് എന്ന ദിദിമൂസ്, ഗലീലിയില്‍ നിന്നുള്ള, വിദ്യാവിഹീനനായ ഒരു മുക്കുവനായിരുന്നു. പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായിട്ട് ക്രിസ്തു തിരഞ്ഞെടുത്തതാണ് തോമസിനെ.

ലാസറിന്റെ മരണവാര്‍ത്ത അറിഞ്ഞ ഈശോ ബഥനിയില്‍ പോയി ലാസറിനെ കാണാന്‍ തീരുമാനിച്ചു. അവിടെ യഹൂദര്‍ ഈശോയെ കല്ലെറിയുമെന്ന് ശ്ലീഹന്മാര്‍ ഭയപ്പെട്ടു. അപ്പോള്‍ "നമുക്കും അവിടുത്തോടൊപ്പം പോയി മരിക്കാം" (ലൂക്ക 11:16) എന്നു ധീരമായി പറഞ്ഞത് തോമസ് മാത്രമാണ്. ഗുരുവിനോട് തോമസിനുണ്ടായിരുന്ന സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു അത്.

അന്ത്യഅത്താഴത്തിന്റെ സമയത്ത് തോമസ് പറഞ്ഞു: "കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ, ഞങ്ങള്‍ എങ്ങനെ വഴി അറിയും?" (യോഹ. 14:5). ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ തോമസിന്റെ വാക്കുകള്‍ കേട്ട ഈശോ അപ്പോള്‍ ആ വലിയ സത്യം വെളിപ്പെടുത്തി: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല…എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു." (യോഹ. 14:5-9).

പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷപ്പെട്ടെന്നു കേട്ട തോമസ് നേരിട്ടു കണ്ടാലല്ലാതെ താന്‍ വിശ്വസിക്കുകയില്ലെന്നു പറഞ്ഞു വാശിപിടിച്ച് 'സംശയിക്കുന്ന തോമസ്' ആയി. രണ്ടാം പ്രത്യക്ഷപ്പെടലിന്റെ സമയത്ത് യേശു തോമസിനെ അടുത്തുവിളിച്ച്, കണ്ടു ബോദ്ധ്യപ്പെടാന്‍ ആവശ്യപ്പെട്ടു. ഈശോയോടുള്ള സ്‌നേഹവും ബഹുമാനവും മുറ്റിനിന്ന ഹൃദയത്തോടെ തോമസ് ആ വലിയ വിശ്വാസസത്യം ഉദ്‌ഘോഷിച്ചു: "എന്റെ കര്‍ത്താവേ, എന്റെ ദൈവമേ."

പെന്തക്കുസ്താക്കുശേഷം മേദിയ, പേര്‍ഷ്യ, ഇന്ത്യ എന്നീ സ്ഥലങ്ങളില്‍ വി. തോമസ് സുവിശേഷം പ്രസംഗിച്ചതായി വിശ്വസിക്കപ്പെടുന്നു. ഏ.ഡി. 52-ല്‍ അദ്ദേഹം കേരളത്തിലെ കൊടുങ്ങല്ലൂരില്‍ എത്തിയതായി കരുതുന്നു. അന്ന് സിറിയയും ഇന്ത്യയും തമ്മില്‍ സജീവമായ വ്യാപാരബന്ധം ഉണ്ടായിരുന്നു. നിഖ്യാ സൂനഹദോസില്‍, ഇന്ത്യയെയും പേര്‍ഷ്യയെയും പ്രതിനിധീകരിച്ച് ഒരു സിറിയന്‍-കല്‍ദായ ബിഷപ്പ് സംബന്ധിച്ചിരുന്നതായി രേഖകളുണ്ട്. മഹാനായ ആല്‍ഫ്രഡ് രാജാവ് ഒമ്പതാംനൂറ്റാണ്ടില്‍ ഒരു പ്രതിനിധിയെ മലബാര്‍ ക്രിസ്ത്യന്‍സിന്റെ പക്കലേക്ക് അയച്ചിരുന്നതായും പറയപ്പെടുന്നു.

തമിഴ്‌നാട്ടിലുള്ള മൈലാപ്പൂരില്‍ തോമസ് കുന്തംകൊണ്ടുള്ള കുത്തേറ്റ് മരണമടയുകയായിരുന്നു എന്നാണു വിശ്വാസം. അവിടെ മുളച്ചുവന്നു എന്നു പറയപ്പെടുന്ന അത്ഭുതകരമായ ഒരു കുരിശുമുണ്ട്. വി. ജോണ്‍ ക്രിസോസ്‌തോമിന്റെ കാലത്ത് വി. തോമസിന്റെ കബറിടം സിറിയയിലെ ഏദേസായിലായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇറ്റലിയിലേക്കും പോര്‍ട്ടുഗലിലേക്കും മാറ്റി.

ആര്‍ക്കിടെക്ടുകളുടെയും കെട്ടിടനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. തോമസ്. അതിനൊരു കഥയുണ്ട്. ഇന്ത്യയിലെ ഗൊണ്ടഫോറസ് രാജാവ് സുന്ദരമായ ഒരു കൊട്ടാരം പണിയുവാന്‍ ആവശ്യമായ പണം തോമസിനെ ഏല്പിച്ചു. എന്നാല്‍, കൊട്ടാരം പണിയുന്നതിനുപകരം, ആ പണമെല്ലാം അദ്ദേഹം പാവങ്ങള്‍ക്കു വിതരണം ചെയ്തു. എന്നിട്ട്, തോമസ് രാജാവിനോടു പറഞ്ഞത്രേ, "ഭൂമിയിലല്ല, സ്വര്‍ഗ്ഗത്തില്‍ താങ്കള്‍ക്കായി ഒരു സുന്ദര കൊട്ടാരം ഞാന്‍ പണിതീര്‍ത്തിട്ടുണ്ട്" എന്ന്.

ഇന്ന്, രമ്യഹര്‍മ്മ്യങ്ങള്‍ പണിത് പണം ധൂര്‍ത്തടിക്കുകയും പാവങ്ങളുടെ കാര്യം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്കും സഭാധികാരികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണിത്. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാനാവില്ലെന്ന് ഈശോ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ബലിയല്ല, കരുണയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ആവര്‍ത്തിച്ചുപറഞ്ഞ ക്രിസ്തു, "ഈ എളിയവരില്‍ ഒരുവനു ചെയ്തുകൊടുക്കുന്നത് എനിക്കായി ഞാന്‍ കണക്കാക്കുമെന്നും" കൂട്ടിച്ചേര്‍ത്തു. വിശ്വാസം വെറും വാക്കുകളില്‍ ഒതുക്കുന്ന നമ്മള്‍ എന്നാണിനി വി. തോമസിനെപ്പോലെ ആത്മാര്‍ത്ഥമായി വിശ്വാസം ഏറ്റുപറയുക?

1972-ല്‍ ആറാം പൗലോസ് പാപ്പാ വി. തോമസിനെ "ഭാരതത്തിന്റെ അപ്പസ്‌തോലന്‍" എന്നു പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org