വി. തോമസ് മൂര്‍ (1477-1535) – ജൂണ്‍ 22

വി. തോമസ് മൂര്‍ (1477-1535) – ജൂണ്‍ 22
ലണ്ടനില്‍ ജോണ്‍ മൂര്‍ എന്ന ജഡ്ജിയുടെ മകനായി തോമസ് മൂര്‍ ജനിച്ചു. ഓക്‌സ്‌ഫോര്‍ഡില്‍നിന്നു നിയമബിരുദം നേടി അഭിഭാഷകനായി. തികഞ്ഞ ഈശ്വരഭക്തനായിരുന്ന അദ്ദേഹം നാലുവര്‍ഷം കര്‍ത്തൂസിയന്‍ സന്ന്യാസിമാരുടെ ജീവിതത്തിലെ ആദ്ധ്യാത്മികപാഠങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചു. അതിനുശേഷം 27-ാമത്തെ വയസ്സില്‍ ജയിന്‍ കോള്‍ട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. അവര്‍ക്ക് നാലു മക്കള്‍ ജനിച്ചു മൂന്നുപെണ്ണും ഒരു ആണും.

മൂറിന്റെ ഭാര്യ അദ്ദേഹത്തിന്റെ സഹായത്താല്‍ ലത്തീന്‍ഭാഷ പഠിച്ചു. അതുകൊണ്ട് മൂറിനെ സന്ദര്‍ശിക്കാന്‍ പതിവായി വന്നിരുന്ന മഹാപണ്ഡിതന്മാരുടെ സംഭാഷണങ്ങളില്‍ പങ്കുചേരാന്‍ അവള്‍ക്കും സാധിച്ചു. പക്ഷേ, ആറുവര്‍ഷം കഴിഞ്ഞ് ജയിന്‍ കോള്‍ട്ട് മരിച്ചു. ആലീസ് മിഡില്‍ട്ടണ്‍ എന്ന വിധവയെ മൂര്‍ വീണ്ടും വിവാഹം ചെയ്തു. മൂറിന്റെ നാലു കുഞ്ഞുങ്ങളെയും സ്‌നേഹപൂര്‍വ്വം വളര്‍ത്തിയ ഒരു നല്ല അമ്മയായിരുന്നു അവര്‍.

തോമസ് മൂറിന്റെ രാഷ്ട്രീയവളര്‍ച്ച അത്ഭുതാവഹമായിരുന്നു. 26-ാമത്തെ വയസ്സില്‍ പാര്‍ലിമെന്റംഗം. താമസിയാതെ ഹെന്‍ട്രി എട്ടാമന്റെ പ്രീവി കൗണ്‍സില്‍ മെമ്പറായി. 1529-ല്‍ ഇംഗ്ലണ്ടിന്റെ ചാന്‍സിലറായി. ഇതൊക്കെയാണെങ്കിലും, തന്റെ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. പഠനത്തോടൊപ്പം പ്രാര്‍ത്ഥന, കാരുണ്യപ്രവൃത്തികള്‍, കലാപരമായ ആഭിമുഖ്യം, വായന, ഗാര്‍ഡനിംഗ്-എല്ലാക്കാര്യങ്ങളിലും കുട്ടികള്‍ക്കു പരിശീലനം നല്‍കിയിരുന്നു. "അങ്ങേ ലോകത്തിനുവേണ്ടി ജീവിച്ചോട്ടെ; എങ്കിലും, സന്തോഷവാനായിരിക്കണം" – മൂര്‍ പറഞ്ഞു.

തോമസ് മൂര്‍ ദിവസവും നാലോ അഞ്ചോ മണിക്കൂറാണ് ഉറങ്ങാന്‍ ഉപയോഗിച്ചിരുന്നത്. ദിവസവും പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യും. ചാന്‍സിലറായിരുന്നപ്പോഴും ഇടവകപ്പള്ളിയില്‍ പോയി വി. ബലിയില്‍ സഹായിക്കും. ഗായകസംഘത്തില്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കും; തീര്‍ ത്ഥാടനങ്ങളിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കും. "എന്റെ ദൈവം നടന്നാണ് സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ കുതിരപ്പുറത്ത് അദ്ദേഹത്തെ അനുധാവനം ചെയ്യുകയില്ല."

പണം സമ്പാദിക്കുന്നതില്‍ ഒട്ടും തല്പരനായിരുന്നില്ല മൂര്‍. കിട്ടിയതെല്ലാം പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി വീതിച്ചുകൊടുത്തു. എപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ഭൗതികനേട്ടങ്ങളെക്കാളെല്ലാം അദ്ദേഹം വിലമതിച്ചത് സത്യവും നീതിയും ദൈവേഷ്ടവുമാണ്.

ഹെന്‍ട്രി എട്ടാമന് കാതറീന്‍ രാജ്ഞിയില്‍ ആണ്‍കുട്ടികളുണ്ടായില്ല. അതുകൊണ്ട് ആനി ബോളിന്‍ എന്ന യുവതിയെക്കൂടി വിവാഹം ചെയ്യാന്‍ രാജാവ് തീരുമാനിച്ചു. പക്ഷേ, റോം എതിര്‍ത്തു. രാജാവ് ക്ഷുഭിതനായി. ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരി രാജാവാണെന്നു സ്ഥാപിക്കാന്‍ പുതിയനിയമം പാസ്സാക്കിയെടുത്തു. അതോടെ തോമസ് മൂര്‍ ചാന്‍സിലര്‍ സ്ഥാനം രാജിവച്ചു. പുതിയ പ്രതിജ്ഞ എടുക്കാന്‍ തയ്യാറാകാതിരുന്ന മൂറിനെ 1534-ല്‍ അറസ്റ്റുചെയ്തു തടവിലാക്കി. തനിക്കെതിരായുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം വാദിച്ചു ജയിച്ചെങ്കിലും അദ്ദേഹത്തെ തൂക്കിലിടാനായിരുന്നു വിധി.

പതിനഞ്ചു മാസത്തെ കാരാഗൃഹവാസംകൊണ്ട് ക്ഷീണിതനായിരുന്ന തോമസ് മൂര്‍ കഴുകുമരത്തിലേക്കു കയറ്റുമ്പോള്‍ പറഞ്ഞു: "മുകളിലേക്കു കയറാന്‍ ഒന്നു സഹായിക്കണേ; താഴേക്ക് ഞാന്‍ തനിയേ വന്നോളാം."

തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധരായ പണ്ഡിതന്മാരിലൊരാളായിരുന്ന മൂറിന് നല്ല നര്‍മ്മബോധവുമുണ്ടായിരുന്നു. "ഉത്തോപ്യ" എന്ന പ്രസിദ്ധമായ പൊളിറ്റിക്കല്‍ സറ്റയര്‍ അതിനുദാഹരണമാണ്. ആരാച്ചാര്‍ മൂറിന്റെ ശിരഛേദം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ താടിമീശ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു: "സുഹൃത്തേ, ഈ താടിമീശയെ ഉപദ്രവിക്കല്ലേ; അതു രാജ്യദ്രോഹമൊന്നും ചെയ്തിട്ടില്ല" 1535 ജൂണ്‍ 5-ന് തോമസ് മൂര്‍ വധിക്കപ്പെട്ടു.

പോപ്പ് ലിയോ XIII 1866 ഡിസംബര്‍ 29-ന് മൂറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, പോപ്പ് പയസ് XI 1935 മെയ് 19-ന് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. പോപ്പ് ജോണ്‍ പോള്‍ II 2000-ല്‍ തോമസ് മൂറിനെ പൊളിറ്റിക്കല്‍ ലീഡേഴ്‌സിന്റെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു.

"ദൈവത്തിന്റെ കാരുണ്യത്താല്‍, ഇന്നുവരെ എന്റെ മനഃസാക്ഷിക്കു വിരുദ്ധമായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല."

വി. തോമസ് മൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org