വിശുദ്ധ വിക്ടര്‍ (മാര്‍സെയില്‍സ്) (290) : മെയ് 21

വിശുദ്ധ വിക്ടര്‍ (മാര്‍സെയില്‍സ്) (290) : മെയ് 21
തിന്മയുടെ പിടിയില്‍ നിന്നു മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കാനായി സ്വയം മരണം വരിച്ച ക്രിസ്തുവിനെ മറന്നിട്ട് തനിക്ക് യാതൊരു സൗഭാഗ്യവും ആവശ്യമില്ലെന്ന് വിക്ടര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

മാക്‌സിമിയന്‍ ചക്രവര്‍ത്തിയുടെ കാലം. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞവരെയെല്ലാം കൊന്നൊടുക്കിയിട്ട് ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ മാക്‌സിമിയന്‍ എത്തി. വിശ്വാസികള്‍ തിങ്ങിപ്പാര്‍ ക്കുന്ന ഒരു പ്രദേശമായിരുന്നു അത്. ചക്രവര്‍ത്തിയുടെ ആഗമനത്തോടെ ജനങ്ങള്‍ ഭയചകിതരായി. എങ്ങും മരണത്തിന്റെ കാലൊച്ച മാത്രം.

ഇതിനിടയില്‍ വിശ്വാസിയായ ഒരു സൈന്യാധിപന്‍ രാത്രിയില്‍ വിശ്വാസികളുടെ വീടുകള്‍തോറും കയറി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടിരുന്നു. വിക്ടര്‍ എന്ന ഈ സൈന്യാധിപന്‍ നൈമിഷിക മായ ഭൗതിക ജീവിതത്തെപ്പറ്റിയും മരണശേഷമുള്ള നിത്യജീവിതത്തെപ്പറ്റിയും അവരോടു സംസാരിച്ചുകൊണ്ടിരുന്നു.

പക്ഷേ, അദ്ദേഹം പിടിക്കപ്പെട്ടു. പ്രിഫെക്ടുമാരായ അസ്റ്റേരിയസി ന്റെയും യൂറ്റിക്കസിന്റെയും മുമ്പില്‍ ഹാജരാക്കപ്പെട്ടു. ചക്രവര്‍ത്തിയില്‍ നിന്നു തനിക്കു ലഭിക്കാന്‍ പോകുന്ന പാരിതോഷികങ്ങള്‍ മറക്കരുതെന്നും, യേശു എന്ന മരിച്ചു മണ്ണടിഞ്ഞവനുവേണ്ടി ഈ സൗഭാഗ്യങ്ങളൊന്നും തട്ടിക്കളയരുതെന്നും അവര്‍ വിക്ടറിനെ ഉപദേശിച്ചു. തിന്മയുടെ പിടിയില്‍ നിന്നു മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കാനായി സ്വയം മരണം വരിച്ച ക്രിസ്തുവിനെ മറന്നിട്ട് തനിക്ക് യാതൊരു സൗഭാഗ്യവും ആവശ്യമില്ലെന്ന് വിക്ടര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

കോടതി ഒന്നടങ്കം അതുകേട്ട് തരിച്ചിരുന്നുപോയി! പക്ഷേ, കൈകാലുകള്‍ കെട്ടപ്പെട്ട വിക്ടര്‍ പെരുവഴിയിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. മര്‍ദ്ദിച്ച് അവശനാക്കിയ വിക്ടറിനെ വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി. അവശനായ വിക്ടറിനോട്, തങ്ങളുടെ ദേവന്മാരെ ആരാധിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പക്ഷേ, വിക്ടര്‍ വിനയപുരസ്സരം അവരുടെ നിര്‍ദ്ദേശങ്ങള്‍ നിരസിക്കുകയും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറയുകയും ചെയ്തു.

വീണ്ടും മര്‍ദ്ദിച്ചവശനാക്കിയ വിക്ടറിനെ ഒരു തടവറയില്‍ തള്ളിയിട്ട് കാവലേര്‍പ്പെടുത്തി. ക്രമേണ, അവിടെ ദൈവികമായ പ്രകാശം പരന്നു. ഇതുകണ്ട് ഭയചകിതരായ കാവല്‍ക്കാര്‍ വിക്ടറിന്റെ കാല്‍ക്കല്‍ വീണു ക്ഷമചോദിക്കുകയും മാമ്മോദീസാ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭവം അറിഞ്ഞ മാക്‌സിമിയന്‍ ചക്രവര്‍ത്തി കാവല്‍ക്കാരെ തന്റെ മുമ്പില്‍ വരുത്തി ഭീഷണിപ്പെടുത്തി പക്ഷേ, അവര്‍ സധൈര്യം ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും അങ്ങനെ വധിക്കപ്പെടുകയും ചെയ്തു. തടവറയില്‍ നിന്നു വിക്ടറിനെ വീണ്ടും ചക്രവര്‍ത്തിയുടെ മുമ്പിലെത്തിച്ചു. ജൂപ്പിറ്റര്‍ ദേവന്റെ പ്രതിമ മുമ്പില്‍ വച്ചുകൊടുത്തു, ആരാധിക്കാന്‍, പക്ഷേ, വിക്ടര്‍ ആ പ്രതിമ ചവുട്ടി തെറിപ്പിച്ചു. ചക്രവര്‍ത്തിയുടെ കല്പനപ്രകാരം വിക്ടറിന്റെ കാല് വെട്ടിമാറ്റി. അതിനുശേഷം, ശരീരം ക്രഷര്‍ കയറ്റി തകര്‍ത്തുകളയാന്‍ ആവശ്യപ്പെട്ടു. പക്ഷേ, വിക്ടറിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതേ ക്രഷര്‍ പൊട്ടിത്തെറിച്ചു. എന്നിട്ടും ഒന്നും സംഭവിക്കാതിരുന്ന വിക്ടറിനെ ശിരഛേദം ചെയ്തു വധിച്ചു.

ഇതാണ് ഏറ്റവും വലിയ ജ്ഞാനം: ഭൗതികലോകത്തെ അവഗണിക്കുകയും സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുകയും ചെയ്യുക.
ക്രിസ്താനുകരണം: 1, 1, 3

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org