വിശുദ്ധ വില്ലിബ്രോഡ് (658-739) : നവംബര്‍ 7

വിശുദ്ധ വില്ലിബ്രോഡ് (658-739) : നവംബര്‍ 7
നോര്‍ത്തമ്പ്രിയായില്‍ 658-ല്‍ വില്ലിബ്രോഡ് ജനിച്ചു. ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു അദ്ദേഹം. യോര്‍ക്കിനു സമീപമുള്ള റിപ്പണിലെ ഒരാശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. ഇരുപതാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ പോയി പന്ത്രണ്ടു വര്‍ഷം വി. എഗ്ബര്‍ട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു ജീവിച്ചു. പിന്നീട് എഗ്ബര്‍ട്ട് വില്ലിബ്രോഡിനെ പതിനൊന്ന് സന്ന്യാസിമാരോടൊപ്പം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസിയായിലേക്ക് അയച്ചു.

692-ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ടാമത്തെ റോമാ സന്ദര്‍ശനവേളയില്‍ പോപ്പ് സെര്‍ജിയസ് ഒന്നാമന്‍ ഫ്രീസിയാക്കാരുടെ ആര്‍ച്ചുബിഷപ്പായി വില്ലിബ്രോഡിനെ അഭിഷേകം ചെയ്യുകയും അദ്ദേഹത്തെ ക്ലമന്റ് (ദയാലു) എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഹോളണ്ടില്‍ ഉട്രെഹ്ത്ത് എന്ന സ്ഥലത്ത് അദ്ദേഹം ഒരു മൊണാസ്റ്ററി സ്ഥാപിക്കുകയും, നഗരത്തില്‍ ഒരു ദൈവാലയം നിര്‍മ്മിച്ച് അത് തന്റെ കത്തീഡ്രലാക്കുകയും ചെയ്തു.
716-ല്‍ റാഡ്‌ബോഡ് ഫ്രീസിയ കീഴടക്കി. അദ്ദേഹം വില്ലിബ്രോഡിനെ നാടുകടത്തുകയും ദൈവാലയങ്ങള്‍ നശിപ്പിച്ച് അവയുടെ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഇഷ്ടദേവന്മാരുടെ പേരില്‍ അമ്പലങ്ങള്‍ പണിയുകയും ചെയ്തു. എന്നാല്‍ 719-ല്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ വില്ലിബ്രോഡ് തിരിച്ചുവരുകയും വി. ബൊനിഫസ്സിന്റെ സഹായത്തോടെ നശിപ്പിച്ചവയെല്ലാം പുനരുദ്ധരിക്കുകയും പുതിയ ദൈവാലയങ്ങള്‍ പണി കഴിപ്പിക്കു കയും ഫ്രീസിയായുടെ മാനസാന്തരത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു.
വില്ലിബ്രോഡ് 739 നവംബര്‍ 7-ന് ലുക്‌സംബര്‍ഗ്ഗില്‍വച്ച് മരണമടഞ്ഞു.

നീ എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക. കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുക.
2 തിമോ 4:5

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org