വിശുദ്ധ പത്രോസും പൗലോസും (67) : ജൂണ്‍ 29

വിശുദ്ധ പത്രോസും പൗലോസും (67) : ജൂണ്‍ 29
സഭയുടെ രണ്ടു നെടുംതൂണുകളാണ് വി. പത്രോസും വി. പൗലോസും. സഭയ്ക്ക് ബലവത്തായ അടിത്തറ പണിത ഇവരിരുവരെയും സഭ എക്കാലവും സ്‌നേഹാദരവുകളോടെ വണങ്ങുന്നു. സഭയെ സംബന്ധിച്ച് ക്രിസ്തുവിനുവേണ്ടി ജ്വലിക്കുന്ന രണ്ടു ദീപസ്തംഭങ്ങളാണ് ഇവര്‍. സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയില്‍ വെളിച്ചം വിതറി നില്ക്കുന്ന രണ്ടു മഹാദീപങ്ങള്‍.

ജോനായുടെ മകനും അന്ത്രയോസ് ശ്ലീഹായുടെ അനുജനുമാണ് പത്രോസ്. ഗലീലിയുടെ തീരത്ത് ബത്‌സൈദായാണ് ജന്മസ്ഥലം. വിവാഹത്തിനുശേഷം കഫര്‍ണാമിലേക്കു താമസം മാറ്റി. അന്ത്രയോസുമൊത്ത് മീന്‍പിടുത്തമായിരുന്നു തൊഴില്‍. സ്‌നാപകയോഹന്നാന്റെ ശിഷ്യരുമായിരുന്നു. യോഹന്നാനാണ് അവര്‍ക്കു ക്രിസ്തുവിനെ കാട്ടിക്കൊടുത്തത്. വെറും മീന്‍പിടുത്തക്കാരനായിരുന്ന പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കി മാറ്റി, ക്രിസ്തു. അങ്ങനെ പത്രോസ് കേപ്പായായി. പിന്നീട് പത്രോസ് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി. 16:16). യേശു പത്രോസിനെ അനേകം പ്രാവശ്യം 'ഭാഗ്യവാന്‍' എന്നു വിളിച്ചു. എന്നിട്ട് ക്രിസ്തു അസന്ദിഗ്ധമായി പ്രഖ്യാപിച്ചു." നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്താ. 16:18-19).

ഉയിര്‍പ്പിനുശേഷം ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടവരില്‍ ഒരാള്‍ പത്രോസാണ്. കൂടാതെ മത്ത്യാസിനെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതും പത്രോസാണ്. പന്തക്കുസ്താദിനത്തില്‍ പത്രോസ് ആദ്യത്തെ പരസ്യപ്രസംഗം നടത്തി. സാന്‍ഹെദ്രീന്‍ സംഘത്തെ അഭിസംബോധന ചെയ്തു. ആദ്യം മാനസാന്തരപ്പെട്ട യഹൂദനെയും പേഗനെയും പത്രോസാണ് സ്വീകരിച്ച് ദൈവാലയത്തിലേക്ക് കൊണ്ടുപോയത്. ആദ്യം പരസ്യമായി ഒരു അത്ഭുതം പ്രവര്‍ത്തിച്ചതും അദ്ദേഹമാണ്. സഭയുടെ ആദ്യത്തെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയതും പത്രോസുതന്നെ.

യോഹന്നാന്‍ ശ്ലീഹാ കഴിഞ്ഞാല്‍ സഭയില്‍ മുഖ്യസ്ഥാനം പൗലോസിനായിരുന്നു. ക്രിസ്തീയ സഭയിലുണ്ടായ ഏറ്റവും വലിയ ആദ്ധ്യാത്മിക ഉപദേഷ്ടാവാണ് പൗലോസ്. യഹൂദസംസ്‌കാരവും ഗ്രീക്കു സംസ്‌കാരവും ഒരുപോലെ വശമുള്ള വ്യക്തിയായിരുന്നു പൗലോസ്. അതുകൊണ്ടായിരിക്കും പുറജാതിക്കാരുടെ അപ്പസ്‌തോലനായി അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഡമാസ്‌കസിലേക്കു പോയ പൗലോസിന് ഉയിര്‍ത്ത ക്രിസ്തു പ്രത്യക്ഷപ്പെടുന്നതും പൗലോസിനോടുള്ള ക്രിസ്തുവിന്റെ പ്രത്യേക പരിഗണന കൊണ്ടാണ്.

പൗലോസിന്റെ ലേഖനങ്ങള്‍ മുഖ്യമായി ഏഴാണ്. എല്ലാം സത്യം കണ്ടെത്തിയ പൗലോസിന്റെ ഏറ്റുപറച്ചിലാണ്, സാക്ഷ്യപ്പെടുത്തലാണ്.

പത്രോസും പൗലോസും സത്യം പ്രചരിപ്പിക്കാന്‍ അശ്രാന്തം ശ്രമിച്ചവരാണ്. ഇരുവരും പരസ്പരം പൂരകങ്ങളായിരുന്നു. എല്ലാം മറന്ന്, ക്രിസ്തുവിനെ സ്‌നേഹിച്ചവര്‍. ഇരുവര്‍ക്കും ധൈര്യമായി പറയാമായിരുന്നു; ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അതെനിക്കു സമ്മാനിക്കും. എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും. (2 തിമോ. 4:7-8)

നീറോ ചക്രവര്‍ത്തിയുടെ ഭരണകാലം. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്ക സ്ഥിതിചെയ്യുന്ന വത്തിക്കാന്‍കുന്നില്‍ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു. പൗലോസിനെ അവര്‍ തല അറുത്തുകൊന്നു. അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നിടത്താണ് മനോഹരമായ സെന്റ് പോള്‍ ബസലിക്ക ഉയര്‍ന്നുനില്ക്കുന്നത്.

268 ജൂണ്‍ 29-ന് രണ്ടു രക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടങ്ങള്‍ ഒരുമിച്ച് സെന്റ് സെബാസ്റ്റ്യന്റെ പള്ളിയില്‍ കബറടക്കി. അങ്ങനെയാണ് ഈ രണ്ടു വിശുദ്ധരുടെയും തിരുനാള്‍ ഒരുമിച്ച് ജൂണ്‍ 29-ന് ആചരിക്കാന്‍ തുടങ്ങിയത്.

ക്രിസ്തു നമ്മില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ അസ്തിത്വം ഇല്ലെന്നാകണം. അതായത്, നമ്മുടെ ചിന്തകള്‍ അപ്രത്യക്ഷമാകുകയും, ക്രിസ്തുവിന്റെ ചിന്തകള്‍ നമ്മുടെ ചിന്തകളാകുകയും വേണം. നമ്മുടെ ആഗ്രഹങ്ങളും വികാരങ്ങളും അപ്രത്യക്ഷമാകുകയും പകരം ക്രിസ്തുവിന്റെ ആഗ്രഹങ്ങളും ഹൃദയവും നമ്മില്‍ വളരുകയും വേണം.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org