വിശുദ്ധ പ്രൊച്ചെസൂസും വിശുദ്ധ മര്‍ത്തീനിയാനും (100) : ജൂലൈ 2

വിശുദ്ധ പ്രൊച്ചെസൂസും വിശുദ്ധ മര്‍ത്തീനിയാനും (100) : ജൂലൈ 2
രണ്ടു വിശുദ്ധരെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും നാലാം നൂറ്റാണ്ടില്‍പോലും റോമിലെ ക്രിസ്ത്യാനികള്‍ ഇവരെ അനുസ്മരിച്ചിരുന്നു. മാമെറ്റൈന്‍ ജയിലിലെ വാര്‍ഡര്‍മാരായിരുന്നു ഇവരെന്നാണ് കരുതപ്പെടുന്നത്. പിന്നീട് 40 പേരോടൊപ്പം ഇവരും പത്രോസിന്റെയും പൗലോസിന്റെയും പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും അത്ഭുത ങ്ങള്‍ ദര്‍ശിക്കുകയും ചെയ്തശേഷം വിശ്വാസം സ്വീകരിക്കുകയായിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന അപ്പസ്‌തോലന്മാരെ അവര്‍ സ്വതന്ത്രരാക്കി. അപ്പസ്‌തോലന്മാര്‍ അവര്‍ക്കു മാമ്മോദീസ നല്‍കി.

പൗളീനൂസ് എന്ന ഓഫീസര്‍ പ്രൊച്ചെസൂസിനെയും മര്‍ത്തീനിയാനെയും ക്രിസ്തുമതം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അനുസരിക്കാതെ വന്നപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു. ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കാന്‍ നിര്‍ബന്ധിച്ചു. ഈ പീഡനങ്ങളെല്ലാം സഹിക്കുമ്പോഴും "കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ" എന്ന് അവര്‍ ഉരുവിട്ടുകൊണ്ടിരുന്നു: ഒരു പ്രകാരത്തിലും മനസ്സുമാറ്റാനാവില്ലെന്നു കണ്ടപ്പോള്‍ വാളുകൊണ്ട് അവരെ വധിക്കുകയായിരുന്നു. ലൂസിന എന്ന സ്ത്രീയാണത്രെ അവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോയി സ്വന്തം സ്ഥലത്ത് സംസ്‌കരിച്ചത്.

നാലാം നൂറ്റാണ്ടില്‍ അവരുടെ കബറിടം സ്ഥിതി ചെയ്തിരുന്നിടത്ത് ഒരു പള്ളി പണിതുയര്‍ത്തി. മഹാനായ പോപ്പ് ഗ്രിഗറി ഈ വിശുദ്ധരുടെ തിരുനാള്‍ ദിവസം ഒരു പ്രഭാഷണവും നടത്തി. പിന്നീട് ഇവരുടെ പേരില്‍ ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും നടന്നിട്ടുണ്ട്. 9-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വി. പാസ്‌കല്‍ ഒന്നാമന്‍ ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങള്‍ വി. പത്രോസിന്റെ ദൈവാലയത്തിലേക്കു മാറ്റുകയും ഇവരുടെ പേരില്‍ ഒരു അള്‍ത്താര പടുത്തുയര്‍ത്തുകയും ചെയ്തു.

നാളെ എന്തു സംഭവിക്കുമെന്നോര്‍ത്ത് വിഷമിക്കേണ്ട. ഇന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവം നാളെയും മറ്റെല്ലാ ദിവസവും നിങ്ങളെ സംരക്ഷിക്കും. ഒന്നുകില്‍, സഹനങ്ങ ളില്‍നിന്ന് അവിടുന്ന് നിങ്ങളെ സംരക്ഷിക്കും; അല്ലെങ്കില്‍ അവ സഹിക്കാനുള്ള കരുത്തു നല്‍കും. അതുകൊണ്ട് സമാധാനമായി കഴിയുക, എല്ലാ ഉത്കണ്ഠകളും ഉപേക്ഷിക്കുക.
വി. ഫ്രാന്‍സീസ് സാലസ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org