Latest News
|^| Home -> Today's Saint -> റോമിലെ ആദ്യത്തെ രക്തസാക്ഷികള്‍ (64-314) ജൂണ്‍ 30

റോമിലെ ആദ്യത്തെ രക്തസാക്ഷികള്‍ (64-314) ജൂണ്‍ 30

Sathyadeepam

സഭയുടെ അടിസ്ഥാനശിലകളായ പത്രോസിനെയും പൗലോസിനെയും അനുസ്മരിച്ചശേഷം, റോമില്‍ രക്തം ചിന്തിയ ആയിരക്കണക്കിനുള്ള വിശ്വാസികളെ – പ്രായമായവരെയും സ്ത്രീകളെയും യുവാക്കളെയും കുട്ടികളുടെയും അനുസ്മരിക്കാതിരിക്കാന്‍ വയ്യ.

സഭയുടെ ആരംഭദശയില്‍ റോമാനഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൂടെക്കൂടെ മതപീഡനങ്ങള്‍ നടമാടിയിരുന്നു. അതില്‍ മുഖ്യമായത് എട്ടെണ്ണമായിരുന്നു. ആദ്യത്തേത് നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഏ.ഡി. 64-ല്‍ നടന്നു. 95-ല്‍ ഡൊമീഷ്യന്‍ ചക്രവര്‍ത്തിയും പന്ത്രണ്ടു വര്‍ഷത്തിനുശേഷം 107-ല്‍ ട്രാജനും വിശ്വാസികളെ തീയില്‍ ചുട്ടുകരിക്കുകയും തടവില്‍ പീഡിപ്പിക്കുകയും ശിരഛേദം ചെയ്യുകയും ചെയ്തു. 135-ല്‍ ഹാഡ്രിയനും അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മാര്‍ക്കസ് അവുറേലിയസും മതപീഡനം അഴിച്ചുവിട്ടു.

222-ല്‍ സെപ്തിമസ് സെവെരൂസ് പരമാവധി ശക്തി ആദ്യകാല ക്രിസ്ത്യാനികളുടെ മേല്‍ പ്രയോഗിച്ചു. അങ്ങനെ, 250-ല്‍ ദേസിയസിനും 257-ല്‍ വലേറിയനും മതപീഡനം വളരെ രസമായിരുന്നു. അവസാനത്തെ ആക്രമണം 303-ല്‍ ഡയോക്ലീഷ്യന്റേതായിരുന്നു.

അങ്ങനെ ഏതാണ്ട് 250 വര്‍ഷത്തെ സഹനത്തിനുശേഷം സഭയില്‍ സമാധാനവും ശാന്തതയും കളിയാടിത്തുടങ്ങി. 314-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ ക്രിസ്ത്യാനികളുടെ നല്ലകാലം തുടങ്ങിയെന്നു പറയാം. ക്രിസ്തുമതം റോമിന്റെ ഔദ്യോഗികമതമാണെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി “The Edict of Milan” എന്ന പ്രഖ്യാപനത്തിലൂടെ വിളംബരം ചെയ്തു.

വി. കുര്‍ബാനയില്‍ ഏതാനും നാമങ്ങള്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. ആദ്യലിസ്റ്റില്‍ രക്തസാക്ഷികളായ ലിനസ്, ക്ലീറ്റസ്, ക്ലമന്റ്, സിക്സ്റ്റസ്, കൊര്‍ണേലിയസ്, സിപ്രിയന്‍, ലോറന്‍സ്, ക്രൈസോഗണസ്, ജോണ്‍, പോള്‍, കോസ്മാസ്, ഡാമിയന്‍ എന്നിവരാണുള്ളത്. രണ്ടാമത്തെ ലിസ്റ്റില്‍, ഇഗ്നേഷ്യസ്, അലക്‌സാണ്ടര്‍, മര്‍സെലീനസ്, പീറ്റര്‍, ഫെലിസിറ്റി, പെര്‍പെത്വ, അഗത്ത, ലൂസി, ആഗ്നസ്, സിസിലിയ, അനസ്താസിയ എന്നിവരുമാണ് അനുസ്മരിക്കപ്പെടുന്നത്. അവസാന ശ്വാസം വരെ സത്യത്തെ മുറുകെപ്പിടിക്കുകയും ക്രിസ്തുവിനെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയും ചെയ്തവരാണിവര്‍.

ഇന്ന് മതപീഡനം ഒരു വിഷയമേ അല്ലെങ്കിലും, സഭ ഏതാനും രക്തസാക്ഷികളെയെങ്കിലും നിരന്തരം അനുസ്മരിക്കുന്നതിന് പ്രത്യേക ലക്ഷ്യമുണ്ട്. ഒന്നാമത്, രക്തസാക്ഷികളാണ് സഭയെ വളര്‍ത്തിയത് എന്നു നാം തിരിച്ചറിയണം. രണ്ടാമത്, നമ്മുടെ വിശ്വാസവും അതുപോലെ ജീവിക്കുന്ന യാഥാര്‍ത്ഥ്യമാകണം. മൂന്നാമത്, വേണ്ടിവന്നാല്‍ സത്യത്തിനുവേണ്ടി സ്വജീവന്‍ ബലികഴിക്കാന്‍ വരെ നാം സന്നദ്ധരാകണം.

”സത്യത്തിനുവേണ്ടി മരിക്കുകയെന്നാല്‍, ഒരുവന്റെ വിശ്വാസത്തിനുവേണ്ടിയോ രാജ്യത്തിനുവേണ്ടിയോ മരിക്കുകയല്ല, ലോകത്തിനു വേണ്ടി മരിക്കുകയാണ്. രക്തസാക്ഷികള്‍ രക്തം ചിന്തിയത് ഉന്നതമായ ലക്ഷ്യത്തിനു വേണ്ടിയാണ്; അനശ്വരമായ സത്യത്തിനുവേണ്ടി. ദൈവികമായ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് ദൈവത്തോടൊപ്പം ആയിരിക്കാന്‍.” – കൂപ്പര്‍