ക്രിസ്തുവിന്റെ രൂപാന്തരീകരണം : ആഗസ്റ്റ് 6

ക്രിസ്തുവിന്റെ രൂപാന്തരീകരണം : ആഗസ്റ്റ് 6
Published on
ശ്ലീഹന്മാരുമൊത്ത് കഴിഞ്ഞിരുന്ന സമയത്ത് പലപ്പോഴും യേശു മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയജീവിതത്തെപ്പറ്റിയും, തന്റെ രണ്ടാം വരവിനെപ്പറ്റിയുമൊക്കെ അവരോടു സംസാരിച്ചിരുന്നു. ആത്മാവിന്റെ മഹത്വത്തെപ്പറ്റിയും സ്വര്‍ഗ്ഗീയാനന്ദത്തെപ്പറ്റിയുമൊക്കെ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ലോകം മുഴുവന്‍ നേടിയാലും ആത്മാവു നശിച്ചാല്‍ എല്ലാം നഷ്ടപ്പെടുമെന്നു പറഞ്ഞിരുന്നു. ഒന്നും അവര്‍ക്കു വ്യക്തമായിരുന്നില്ല. അതുകൊണ്ടാണ് ഒരു നിമിഷത്തേക്ക് തന്റെ സ്വര്‍ഗ്ഗീയ മഹത്വത്തിന്റെ ദര്‍ശനം അവര്‍ക്കു നല്‍കാന്‍ യേശു തീരുമാനിച്ചത്.

യേശുവിന്റെ കുരിശുമരണത്തിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു അത്. ഏറ്റവും പ്രിയപ്പെട്ട മൂന്നു ശ്ലീഹന്മാരെ-പത്രോസ്, യാക്കോബ്, യോഹന്നാന്‍ – കൂട്ടി ഒരു വലിയ മലയുടെ മുകളിലേക്കു യേശു പോയി. ഗലീലിയിലെ താബോര്‍ മലയിലാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. തിബേരിയാസ് തടാകത്തില്‍ നിന്ന് രണ്ടായിരം അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. അവിടെ യേശു പെട്ടെന്ന് രൂപാന്തരപ്പെട്ടത് അവര്‍ കണ്ടു. അതായത്, അവിടുത്തെ മുഖം സൂര്യനെപ്പോലെ വിളങ്ങി; വസ്ത്രം പ്രകാശം പോലെ ധവളമായി. മോശയും ഏലിയായും യേശുവിനോടു സംസാരിക്കുന്നത് അവര്‍ കണ്ടു. "കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ പണിയാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു" (മത്താ. 17:25).
ഈ സമയത്ത് നിര്‍ണായകമായ ആ സ്വരം അവര്‍ കേട്ടു. "ഇവന്റെ പ്രിയപുത്രനാകുന്നു. ഇവനെ ശ്രവിക്കുവിന്‍" എല്ലാം കണ്ട്, ഭയപ്പെട്ട്, ബോധം കെട്ടുപോയ ശിഷ്യന്മാരെ യേശു തൊട്ട് ഉണര്‍ത്തുകയായിരുന്നു.
ഈശോ, ലോകം കാത്തിരുന്ന ദൈവപുത്രനായ മിശിഹായാണെന്നും അവിടുത്തെ രക്ഷാകരകര്‍മ്മം പൂര്‍ത്തിയാകുന്നത് പീഡാസഹനത്തിനുശേഷമുള്ള ഉയിര്‍പ്പിലാണെന്നുമൊക്കെ ശ്ലീഹന്മാരെ ധരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. പക്ഷേ, ഒന്നും മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവര്‍. അതുകൊണ്ടാണല്ലോ യേശുവിനെയും മൂശയെയും ഏലിയായെയും കുടിയിരുത്താന്‍ കൂടാരം പണിയാമെന്നു പത്രോസ് പറഞ്ഞത്. അവരെ കൂടാരം പണിത് അതിലല്ല, ഹൃദയത്തിലാണ് കുടിയിരുത്തേണ്ടതെന്ന് ഇന്നും വിശ്വാസികള്‍ക്കു ബോധ്യം വന്നിട്ടില്ല. "സ്വര്‍ഗ്ഗരാജ്യം നിന്നില്‍ത്തന്നെയാണ്" എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടും കമ്പിയും സിമന്റും കൊണ്ട് ഭീമാകാരമായ കൂടാരങ്ങള്‍ പണിത് ദൈവപുത്രനെ കുടിയിരുത്താനുള്ള യജ്ഞമാണ് ഇന്നും നമ്മള്‍ തുടരുന്നത്. അധരങ്ങള്‍ കൊണ്ട് ഘോരഘോരം പുകഴ്ത്തുമ്പോഴും ഹൃദയങ്ങള്‍ അവനില്‍ നിന്ന് എത്രയോ അകലെയാണ്! വചന പ്രഘോഷണം വെറും ചടങ്ങാക്കി മാറ്റിയ നമ്മള്‍ അഹങ്കാരത്തോടെ അട്ടഹസിക്കുകയും ഗര്‍ജ്ജിക്കുകയും ചെയ്യുന്നു!
യേശുവിന്റെ രൂപാന്തരീകരണം സഭയില്‍ എന്നു മുതലാണ് അനുസ്മരിച്ചുതുടങ്ങിയതെന്നു വ്യക്തമല്ല. ജറുസലത്ത് ഏഴാം നൂറ്റാണ്ടു മുതലും ബൈസന്റയില്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമ്പതാം നൂറ്റാണ്ടു മുതലും അനുസ്മരണം നടന്നിരുന്നു. ഓര്‍ത്തഡോക്‌സ് സഭയില്‍ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു; സിറിയന്‍സും അര്‍മേനിയന്‍സും പെന്തക്കോസ്തിനുശേഷം ഏഴാം ഞായറാഴ്ച ആറു ദിവസത്തെ ഉപവാസത്തോടുകൂടിയാണ് ഈ തിരുനാള്‍ ആഘോഷിച്ചിരുന്നത്. പാശ്ചാത്യസഭയില്‍ ഒമ്പതാം നൂറ്റാണ്ടിലെ ചില കൃതികളില്‍ ഇതേപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പോപ്പ് കലിസ്റ്റസ് മൂന്നാമനാണ് 1456-ല്‍ ആഗസ്റ്റ് 6 സാര്‍വ്വത്രിക സഭയുടെ തിരുനാള്‍ ദിനമായി പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org