വനിതാകമ്മീഷന്‍ ശിപാര്‍ശ: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെസിബിസി നിവേദനം സമര്‍പ്പിച്ചു

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് കെസിബിസി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. ക്രിസ്തീയ സഭകളെയും അവയുടെ മതാഭ്യസനങ്ങളുടെ പ്രതിഛായയെയും താറടിച്ചു കാണിക്കുകയെന്ന നിഗൂഢലക്ഷ്യം വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഉണ്ടായിരുന്നതായി അവരുടെ പ്രവൃത്തിയും പെരുമാറ്റവും തോന്നിപ്പിക്കുന്നതായും കമ്മീഷന്‍ അധ്യക്ഷയുടെ പ്രവൃത്തിയുടെയും പെരുമാറ്റത്തിന്‍റെയും പിന്നില്‍ രാഷ്ട്രീയവും സാമുദായികവുമായ അജണ്ട ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുകയില്ലെന്നും കെസിബിസി സൂചിപ്പിച്ചു.

കുമ്പസാരം അഥവാ ഏറ്റുപറച്ചില്‍ ഒരു വിശുദ്ധ കൂദാശയാണ്. അത് ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഇരുപതു നൂറ്റാണ്ടായി തുടര്‍ന്നുവരുന്ന മതാഭ്യസനമാണ്. കുമ്പസാരരഹസ്യം അഥവാ കുമ്പസാരമുദ്ര സൂക്ഷിക്കുകയെന്നത് പുരോഹിതനെ സംബന്ധിച്ചിടത്തോളം അലംഘനീയമായ കടമയാണ്. കേരളത്തിലെ വിവാഹിതയായ ഒരു സ്ത്രീയുടെ കുറ്റാരോപണമല്ലാതെ ഒരു പുരോഹിതന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തിയതായി മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. നേരേമറിച്ച് കുമ്പസാരരഹസ്യം സൂക്ഷിച്ചതിന്‍റെ പേരില്‍ ജീവിതം ബലിയര്‍പ്പിക്കേണ്ടിവന്ന പുരോഹിതരെ ചരിത്രത്തില്‍ കണ്ടുമുട്ടാവുന്നതാണ്. അത്തരമൊരു വിശുദ്ധാഭ്യസനത്തെയാണ് ചെളിവാരി എറിയാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തിരഞ്ഞെടുത്തിരിക്കുന്നത്.

കുമ്പസാരമെന്ന വിശുദ്ധ കൂദാശയുടെ ദൈവശാസ്ത്രപരവും മനശ്ശാസ്ത്രപരവും ധാര്‍മികവുമായ മാനങ്ങളെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഒന്നും അറിഞ്ഞുകൂടാ. ഇതിനെ സംബന്ധിച്ച സഭയുടെ നിലപാട് വിശദീ കരിക്കാന്‍ കഴിവുള്ള സഭാധികാരികളോടോ മറ്റുള്ളവരോടോ അവര്‍ അന്വേഷണം നടത്തിയിട്ടില്ല. കുമ്പസാരാഭ്യസനം ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായിട്ടോ ഇന്ത്യന്‍ ഭരണഘടന ഗ്യാരന്‍റി ചെയ്തിട്ടുള്ള മതസ്വാതന്ത്ര്യത്തിന്‍റെ അഭ്യസനമായിട്ടോ അവര്‍ കരുതുന്നില്ല. കേരളത്തില്‍ സംഭവിച്ച ഒറ്റപ്പെട്ട ഒരു ആരോപണത്തെ അടിസ്ഥാനപ്പെടുത്തി ക്രൈസ്തവ സഭകളെയും അവരുടെ മതാഭ്യസനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ക്ക് കൂടുതല്‍ താത്പര്യമെന്നു തോന്നുന്നു. അവര്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കുള്ള അധികാരങ്ങളെ അതിലംഘിച്ചിരിക്കുന്നു. അവരുടെ നിയമപ്രകാരമുള്ള അധികാരത്തിന് അപ്പുറം പോയിരിക്കുന്നു. അതുകൊണ്ട് അവരുടെ ശിപാര്‍ശ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യണം – കെസിബിസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org