വത്തിക്കാന്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു; കാര്‍ഡിനല്‍മാരെ കീഴ്‌കോടതികളിലും വിചാരണ ചെയ്യാം

വത്തിക്കാന്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു; കാര്‍ഡിനല്‍മാരെ കീഴ്‌കോടതികളിലും വിചാരണ ചെയ്യാം

വത്തിക്കാന്‍ കോടതി നിയമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പരിഷ്‌കരിച്ചു. നിലവിലുള്ള നിയമമനുസരിച്ച് കാര്‍ഡിനല്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമെതിരായ കേസുകള്‍ പരമോന്നത കോടതിയായ അപ്പസ്‌തോലിക് സിഞ്ഞത്തൂരയ്ക്കു മാത്രമേ കൈകാര്യം ചെ യ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അതില്‍ കാര്‍ഡിനല്‍മാരാണ് ജഡ്ജിമാര്‍. അതായത് കാര്‍ഡിനല്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമെതിരായ കേസുകള്‍ കാര്‍ഡിനല്‍മാരുടെ മുമ്പില്‍ മാത്രമേ വിചാരണയ്ക്കായി എത്തുമായിരുന്നുള്ളൂ. ഈ സ്ഥിതി മാറുകയാണ്. ഇനി വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ അല്മായരായ ജഡ്ജിമാരുള്‍പ്പെടുന്ന കോടതിയുടെ മുമ്പില്‍ ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടും.
ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്ന വിശ്വാസികളെല്ലാവരും അടിസ്ഥാനപരമായി തുല്യരാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം (ജനതകളുടെ പ്രകാശം) ഉദ്ധരിച്ചുകൊണ്ടാണ് നിയമഭേദഗതിയുടെ ഉത്തരവ് മാര്‍പാപ്പ ആരംഭിക്കുന്നത്. ഒരേ ഉത്ഭവവും പ്രകൃതവും ഉള്ളവരും ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവരുമായ എല്ലാവരും ഒരേ വിളിയും ദൈവികഭാഗധേയവും അനുഭവിക്കുന്നവരുമാണു വിശ്വാസികളെല്ലാവരുമെന്നും അതിനാല്‍ എല്ലാവരുടെയും തുല്യത കൂടുതലായി അംഗീകരിക്കേണ്ടതുണ്ടെന്നും 'ജനതകളുടെ പ്രകാശം' ഉദ്ധരിച്ചുകൊണ്ടു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഈ മൂല്യങ്ങളുടെയും തത്വങ്ങളുടെയും അവബോധം സഭാസമൂഹത്തില്‍ കൂടുതലായി പക്വതയാര്‍ജിക്കുകയും വത്തിക്കാന്‍ സംവിധാനത്തിനുള്ളില്‍ തന്നെ അതിനു പര്യാപ്തമായ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org