ദരിദ്രരാഷ്ട്രങ്ങളുടെ കടം റദ്ദാക്കണമെന്നു വത്തിക്കാന്‍

ദരിദ്രരാഷ്ട്രങ്ങളുടെ കടം റദ്ദാക്കണമെന്നു വത്തിക്കാന്‍

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു ദരിദ്രരാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കടബാദ്ധ്യതകള്‍ ഇളച്ചു നല്‍കണമെന്നു ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടു. കടബാദ്ധ്യതയും പകര്‍ച്ചവ്യാധിയും മൂലം ദരിദ്രരാഷ്ട്രങ്ങള്‍ അവരുടെ ദുര്‍ല്ലഭമായ വിഭവ സ്രോതസ്സുകള്‍ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ നിന്നു വക മാറ്റുകയാണെന്നും ഇതു ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുമെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. കടബാദ്ധ്യതകളെ പുനഃക്രമീകരിച്ചും ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളുടെ കാര്യത്തില്‍ അവ റദ്ദാക്കി കൊടുത്തും ഈ പ്രശ്‌നത്തെ നേരിടാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നു യു എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ചിയ ആവശ്യപ്പെട്ടു.
കയറ്റുമതിയിലെ തകര്‍ച്ച, വിലത്തകര്‍ച്ച, മൂലധനരാഹിത്യം എന്നിവയ്ക്കു പുറമെ അപര്യാപ്തമായ ആരോഗ്യസംവിധാനങ്ങളെ കൊണ്ടു പകര്‍ച്ചവ്യാധിയെ നേരിടേണ്ട സാഹചര്യം കൂടി ഉണ്ടായതോടെ ദരിദ്രരാഷ്ട്രങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭകര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവര്‍ക്ക് ധനലഭ്യതയും സുരക്ഷയും ഏര്‍പ്പാടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. -ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org