വത്തിക്കാനിലെ ക്രിസ്മസ് ട്രീയ്ക്കും പുല്‍ക്കൂടിനും പകരാന്‍ സന്ദേശങ്ങളേറെ

വത്തിക്കാനിലെ ക്രിസ്മസ് ട്രീയ്ക്കും പുല്‍ക്കൂടിനും പകരാന്‍ സന്ദേശങ്ങളേറെ

ഡിസംബര്‍ 9 നു ഫ്രാന്‍സിസ് മാര്‍പാപ്പ ദീപം തെളിച്ച വത്തിക്കാന്‍ അങ്കണത്തിലെ ക്രിസ്മസ് ട്രീയും ക്രിബ്ബും പ്രഘോഷിക്കുന്നത് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ നിത്യനൂതന സദ്വാര്‍ത്ത മാത്രമല്ല. കാലാനുസൃതമായ ചില മാനവീകസന്ദേശങ്ങള്‍ കൂടിയാണ്. പരിസ്ഥിതി സംരക്ഷണം, കുടിയേറ്റക്കാര്‍ക്കും രോഗികള്‍ക്കും നല്‍കേണ്ട സവിശേഷ പരിഗണന എന്നീ വിഷയങ്ങള്‍ കൂടി ലോകജനതയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ഉദ്ദേശിച്ചുള്ളതാണ് ആഗോള സഭയുടെ ആസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രീയും ക്രിബ്ബും.

വടക്കന്‍ ഇറ്റലിയിലെ ട്രെന്‍റ് മേഖലയില്‍ നിന്നാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ട്രീയ്ക്കുളള മരം എത്തിച്ചത്. 25 അടി ഉയരമുള്ള ഈ മരം മുറിക്കുന്നതിനു പകരമായി അവിടത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ 40 വൃക്ഷത്തൈകളാണ് നട്ടത്. ഇത്തിക്കണ്ണി പടര്‍ന്നു പിടിച്ച് മരങ്ങള്‍ നശിച്ച ഒരിടത്താണ് വിദ്യാര്‍ത്ഥികള്‍ ഈ മരത്തൈകള്‍ നട്ടു പരിപാലിച്ചു തുടങ്ങിയിരിക്കുന്നത്. വത്തിക്കാനിലെ ക്രിസ്മസ് ട്രീയ്ക്കു വേണ്ടി മരം മുറിച്ചത് അതിനു നിമിത്തമായി.

ട്രീ അലങ്കരിച്ചിരിക്കുന്നത് ഇറ്റലിയിലെ വിവിധ ആശുപത്രികളില്‍ കാന്‍സറിനും മറ്റുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉണ്ടാക്കിയ വിവിധ ആഭരണങ്ങളും അലങ്കാരവസ്തുക്കളും കൊണ്ടാണ്. എല്ലാം തന്നെ കുട്ടികള്‍ സ്വന്തം കൈകള്‍ കൊണ്ടു പരിസ്ഥിതിസൗഹൃദപരമായ വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചത്. ഈ കുട്ടികള്‍ വരച്ച ചിത്രങ്ങളും വത്തിക്കാന്‍ ക്രിസ്മസ് ട്രീയ്ക്ക് അലങ്കാരമാകുന്നു.

വത്തിക്കാനിലെ പുല്‍ക്കൂടിനു പശ്ചാത്തല പ്രമേയമാകുന്നത് മാള്‍ട്ട എന്ന ദ്വീപരാഷ്ട്രമാണ്. ആഫ്രിക്കയ്ക്കും ഇറ്റലിയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുരാജ്യം ആഫ്രിക്കയില്‍ നിന്നു യൂറോപ്പിലേയ്ക്കു കുടിയേറുന്നവരുടെ ഇടത്താവളമാണ്. പുല്‍ക്കൂട്ടിലെ 17 രൂപങ്ങളും മാള്‍ട്ടയിലെ പരന്പരാഗത വസ്ത്രങ്ങള്‍ ധരിപ്പിച്ചവയാണ്. മാള്‍ട്ടയുടെ പാരന്പര്യപ്രതീകമായ ലുസ്സു എന്ന തോണിയും പുല്‍ക്കൂട്ടിലുണ്ടാകും. ഇതു മാള്‍ട്ടയുടെ പ്രതീകമെന്ന നിലയ്ക്കു മാത്രമല്ല പുല്‍ക്കൂടിന്‍റെ ഭാഗമാകുന്നത്. യുദ്ധവും ദാരിദ്ര്യവും മൂലം വലയുന്ന ജനങ്ങള്‍ യൂറോപ്പിലേയ്ക്കു കടക്കാന്‍ സുരക്ഷയില്ലാത്ത ബോട്ടുകളില്‍ കയറി നടത്തുന്ന അപകടകരമായ കടല്‍ യാത്രകളിലേയ്ക്കു ശ്രദ്ധ തിരിക്കാനും അവരെ സഹായിക്കണമെന്ന സന്ദേശം നല്‍കാനും കൂടിയാണെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org