വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കുന്നു

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കുന്നു

ഏതാണ്ട് മൂന്നു മാസം ദീര്‍ഘിച്ച അടച്ചിടലിനു ശേഷം വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ജൂണ്‍ ഒന്നിനു സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഒരു സമയം പത്തു പേരെ മാത്രമേ മ്യൂസിയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനായി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക് ചെയ്യണം. സന്ദര്‍ശകര്‍ മുഖാവരണം ധരിക്കുകയും ശരീരോഷ്മാവ് പരിശോധനയ്ക്കു വിധേയരാകുകയും വേണം. കഴിഞ്ഞ മാര്‍ച്ച് 8 നാണു മ്യൂസിയങ്ങള്‍ കോവിഡ് മൂലം അടച്ചിട്ടത്. അന്നു മുതല്‍ അവശ്യജോലികള്‍ക്കുള്ള മുപ്പതോളം പേര്‍ മാത്രമാണ് മ്യൂസിയങ്ങളില്‍ എത്തിക്കൊണ്ടിരുന്നത്. ആകെ ആയിരത്തോളം പേര്‍ ജോലി ചെയ്തിരുന്ന സ്ഥാനത്താണിത്.

ലക്ഷകണക്കിനാളുകളാണ് ഓരോ വര്‍ഷവും വത്തിക്കാന്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്നത്. 2015 ല്‍ മ്യൂസിയങ്ങളില്‍ നിന്നുള്ള വത്തിക്കാന്‍റെ വരുമാനം 8.7 കോടി ഡോളറായിരുന്നു. ഈ കണക്കനുസരിച്ചു നോക്കിയാല്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ ദശലക്ഷകണക്കിനു ഡോളര്‍ ഈയിനത്തില്‍ വത്തിക്കാനു വരുമാനനഷ്ടം ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ വിദേശസന്ദര്‍ശകരെ വത്തിക്കാന്‍ പ്രതീക്ഷിക്കുന്നില്ല. ഇറ്റാലിയന്‍ കുടുംബങ്ങളെ മ്യൂസിയങ്ങളും പൂന്തോട്ടങ്ങളും സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുകയാണു വത്തിക്കാന്‍ അധികാരികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org