വത്തിക്കാന്‍ ബാങ്കിന് കഴിഞ്ഞ വര്‍ഷം ലാഭം 3.8 കോടി യൂറോ

വത്തിക്കാന്‍ ബാങ്കിന് കഴിഞ്ഞ വര്‍ഷം ലാഭം 3.8 കോടി യൂറോ

'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ വര്‍ക്‌സ് ഓഫ് റിലീജിയന്‍' എന്ന ഔദ്യോഗിക നാമമുള്ള വത്തിക്കാന്‍ ബാങ്കിന്റെ 2019-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് 3.8 കോടി യൂറോ ആണ് കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ബാങ്കിന്റെ ലാഭം. 2018-ല്‍ ഇത് 1.75 കോടി യൂറോ ആയിരുന്നു. ആഗോള സാമ്പത്തികരംഗത്തുണ്ടായ വളര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍നിന്നു ലഭിച്ച വര്‍ദ്ധിച്ച ആദായമാണ് ലാഭവര്‍ദ്ധനവിന് ഇടയാക്കിയതെന്നു ബാങ്കിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

പലതരം വിവാദങ്ങളെ തുടര്‍ന്ന് വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെയും പ. സിംഹാസനത്തിന്റെയും സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നതിനു പുതിയ ഒരു നിയമം കൂടി ഈ ജൂണ്‍ ഒന്നിനു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. എല്ലാ ഇടപാടുകളും നിക്ഷേപങ്ങളും സുതാര്യവും സഭാപ്രബോധനങ്ങള്‍ക്കു നിരക്കുന്നതും ആക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. പരിസ്ഥിതിയും ജീവന്റെ വിശുദ്ധിയും മനുഷ്യാന്തസ്സും സംരക്ഷിക്കുന്നതരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികളില്‍ മാത്രമേ വത്തിക്കാന്‍ ബാങ്ക് പണം നിക്ഷേപിച്ചിട്ടുള്ളൂവെന്നു ബാങ്ക് പ്രസിഡന്റ് ജാന്‍ ഫ്രാങ്കോ മാമ്മി പറഞ്ഞു. പ്രാബല്യത്തിലുള്ള എല്ലാ വത്തിക്കാന്‍ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ട് മാര്‍പാപ്പയെയും ആഗോള അജപാലകനെന്ന അദ്ദേഹത്തിന്റെ ദൗത്യത്തെയും വത്തിക്കാന്‍ ബാങ്ക് പിന്തുണച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2019 ഡിസംബറില്‍ 14,996 കക്ഷികളാണ് വത്തിക്കാന്‍ ബാങ്കിനുള്ളത്. ഇതില്‍ പകുതിയോളം വിവിധ സന്യാസ സമൂഹങ്ങളാണ്. വത്തിക്കാന്‍ കാര്യാലയങ്ങള്‍, സ്ഥാനപതി കാര്യാലയങ്ങള്‍, മെത്രാന്‍ സംഘങ്ങള്‍, ഇടവകകള്‍, വൈദികര്‍ തുടങ്ങിയവയാണ് മറ്റു ഇടപാടുകാര്‍.

1942-ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് വര്‍ക്‌സ് എന്ന പേരില്‍ വത്തിക്കാന്‍ ബാങ്ക് സ്ഥാപിച്ചത്. എങ്കിലും 1887 മുതല്‍ ഇതിനാധാരമായ ഒരു സംവിധാനം പ്രവര്‍ത്തനക്ഷമമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org