വായന മരിച്ചു എന്നത് അര്‍ദ്ധസത്യം മാത്രം -സത്യന്‍ അന്തിക്കാട്

വായന മരിച്ചു എന്നത് അര്‍ദ്ധസത്യം മാത്രം -സത്യന്‍ അന്തിക്കാട്

തൃശൂര്‍: ബുദ്ധിവികാസവും സാമൂഹ്യപുരോഗതിയും ആഗ്രഹിക്കുന്നവര്‍ വായന കൈവെടിയുകയില്ലെന്ന് സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വായനശീലമില്ലാത്തവര്‍ പണ്ടും ഇന്നും സമൂഹത്തിലുണ്ട്. മനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന അപായകരമായ ശൂന്യതകള്‍ സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വായന ഇതിനെല്ലാം ഒരു പരിഹാരമാണ്. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രിയില്‍ രോഗികള്‍ക്കായി സജ്ജീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ്പരോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ ജീവന്‍ സമര്‍പ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നേഴ്സ് പി.എന്‍. ലിനിയുടെ സ്മരണയിലാണ് ലൈബ്രറി പ്രവര്‍ത്തനമാരംഭിക്കുന്നത്. യോഗത്തില്‍ മദര്‍ പ്രൊവിന്‍ഷ്യല്‍ ഡോ. റോസ് അനിത എഫ്സിസി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡോ. അ ജയ്കുമാര്‍, ഡോ. വര്‍ഗീസ് പഞ്ഞിക്കാരന്‍, കെ.വി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. ആസ്പത്രിയിലെ മുഴുവന്‍ രോഗികള്‍ക്കുമായി പ്രൊഫ. പി.സി. തോമസ് സംഭാവന ചെയ്ത ആര്‍.ഒ. (റിവേഴ്സ് ഓസ്മോസിസ്) സംവിധാനത്തോടെയുള്ള മൂന്ന് ശുദ്ധജല യൂണിറ്റുകള്‍ ഏങ്ങണ്ടിയൂര്‍ പള്ളി വികാരി ഫാ. ജോയ് പുത്തൂര്‍ ആശീര്‍വ്വദിച്ചു. ആസ്പത്രിക്ക് ലൈബ്രറി സമ്മാനിച്ച ജോസ് ആലുക്കയെ യോഗം ആദരിച്ചു. നിര്‍ദ്ധനരോഗികള്‍ക്കായുള്ള തിരുഹൃദയനിധിയുടെ ആദ്യസംഭാവന സലോമി ജോയ് സമര്‍പ്പിച്ചു. ഫാ. സണ്‍ജയ് തൈക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ മ്യൂസിക് തെറാപ്പിയും ഉണ്ടായിരുന്നു. മേട്രന്‍ സിസ്റ്റര്‍ ഫ്ളോറന്‍സ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേയ്സ് മരിയ, ലൈബ്രേറിയന്മാരായ റിയ പോള്‍ സണ്‍, ഷീല ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org