വി. കുര്‍ബാന നല്‍കുന്നത് ക്രിസ്തുവിന്റെ സൗഖ്യദായക സ്‌നേഹം

വി. കുര്‍ബാന നല്‍കുന്നത് ക്രിസ്തുവിന്റെ സൗഖ്യദായക സ്‌നേഹം

വി. കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം മുറിവുകളെ സുഖപ്പെടുത്തുകയും കടുത്ത നിഷേധാത്മകതയെ കര്‍ത്താവിന്റെ ആനന്ദമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. പിതാവിന്റെ വിശ്വസ്ത സ്‌നേഹമാണ് ദിവ്യകാരുണ്യം നമുക്കു നല്‍കുന്നത്. അനാഥരെന്ന നമ്മുടെ ചിന്തയെ അതു സൗഖ്യമാക്കുന്നു. കല്ലറയെ ഒരു അന്ത്യം എന്നതില്‍ നിന്ന് ആരംഭമാക്കി മാറ്റിയ യേശുവിന്റെ സ്‌നേഹത്തെ ദിവ്യകാരുണ്യം നമുക്കു പ്രദാനം ചെയ്യുന്നു. നമ്മെ ഒരിക്കലും ഒറ്റയ്ക്കു വിടാത്ത പരിശുദ്ധാത്മാവിന്റെ സമാശ്വാസപ്രദമായ സ്‌നേഹം കൊണ്ട് അതു നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുന്നു.

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഓരോ തവണയും നാം അമൂല്യരാണെന്ന് അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ വിരുന്നിലേയ്ക്കു ക്ഷണിക്കപ്പെട്ടിരിക്കുന്ന അതിഥികളാണു നാം. ഒപ്പം വിരുന്നിനിരിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കളാണു നാം. അവിടുന്ന് ഉദാരമനസ്‌കനായിരിക്കുന്നതു കൊണ്ടു മാത്രമല്ല അത്. മറിച്ച്, അവിടുന്നു നമ്മെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നതുകൊണ്ടാണ്. നമ്മുടെ നന്മയും സൗന്ദര്യവും അവിടുന്നു കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.

വി. കുര്‍ബാന ഒരു അനുസ്മരണ ചടങ്ങു മാത്രമല്ല. കര്‍ത്താവിന്റെ പെസഹ നമുക്കായി വീണ്ടും സന്നിഹിതമാക്കുകയാണ് വാസ്തവത്തിലത്. ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും വി. കുര്‍ബാനയില്‍ നമുക്കു മുമ്പില്‍ വീണ്ടും അരങ്ങേറുന്നു. അപ്പത്തിന്റെ ലാളിത്യത്തില്‍ സ്വയം നമുക്കു നല്‍കുന്ന കര്‍ത്താവ്, വെറും ഭ്രമങ്ങളുടെ പുറകെ പോയി ജീവിതം പാഴാക്കാതിരിക്കാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഭൗതിക വസ്തുക്കളോടുള്ള നമ്മുടെ ആര്‍ത്തിയെ വി. കുര്‍ബാന ശമിപ്പിക്കുകയും സേവനം ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു. അലസവും സുഖകരവുമായ ജീവിതശൈലിയില്‍നിന്ന് അതു നമ്മെ ഉണര്‍ത്തുകയും നാം ആഹാരം സ്വീകരിക്കേണ്ട അധരങ്ങള്‍ മാത്രമല്ല, ആഹാരം നല്‍കേണ്ട കരങ്ങള്‍ കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

(വി. കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു നല്‍കിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org