യു പി യില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്കു നേരെ അതിക്രമം

യു പി യില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്കു നേരെ അതിക്രമം

ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ അമ്പതോളം ക്രൈസ്തവരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ ബലം പ്രയോഗിച്ചു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും രാത്രി വൈകും വരെ സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചു ബജ്‌റംഗ്ദള്‍, ഹിന്ദു യുവവാഹിനി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഇതിനിടെ, ഇവരുമായി ബന്ധമില്ലാത്ത രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ അക്രമികള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബലം പ്രയോഗിച്ചു പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉര്‍സുലൈന്‍ സന്യാസിനീസമൂഹത്തിലെ അംഗങ്ങളായ ഇവരെ രാത്രി പന്ത്രണ്ടര വരെ പോലീസ് സ്റ്റേഷനില്‍ ഇരുത്തി. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണു വിട്ടയച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ സിസ്റ്റര്‍ റോഷ്‌നി മിഞ്ജ് വയോധികനായ പിതാവിനെ സന്ദര്‍ശിക്കാന്‍ സ്വന്തം ഭവനത്തിലേയ്ക്കു പോകാനാണ് ബസ് സ്റ്റാന്‍ഡിലേയ്ക്കു വന്നത്. മറ്റൊരു സിസ്റ്റര്‍ അവരെ യാത്രയാക്കാന്‍ എത്തിയതും. അക്രമിസംഘത്തിന്റെ പിടിയില്‍ തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയചകിതരായിപ്പോയതായി സിസ്റ്റര്‍മാര്‍ പറഞ്ഞു. സിസ്റ്റര്‍മാര്‍ തങ്ങളുടെ കൂട്ടത്തിലുള്ളതല്ലെന്നു പാസ്റ്ററും മറ്റും പറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ല.
വര്‍ഗീയവാദികള്‍ പോലീസ് സ്റ്റേഷനിലെത്തിച്ചവരില്‍ ഒരു പാസ്റ്ററും മൂന്നു വനിതകളും ഉള്‍പ്പെടെ ഏഴു പേരെ ജയിലില്‍ അടച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചു, മയക്കുമരുന്നു കഴിച്ചു, ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചു, പണവും ജോലിയും വാഗ്ദാനം ചെയ്തു മതംമാറ്റം നടത്തി എന്നിവയാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. പ്രധാനമന്ത്രിയെയും യു പി മുഖ്യമന്ത്രിയെയും അധിക്ഷേപിച്ചു എന്ന കുറ്റവും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നു ക്രിസ്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ പാറ്റ്‌സി ഡേവിഡ് പറഞ്ഞു. 2017 നു ശേഷം ക്രൈസ്തവരെ പീഡിപ്പിച്ചതിന്റെ 374 കേസുകള്‍ ഉത്തര്‍പ്രദേശിലുണ്ടായിട്ടുണ്ട്. യു പി യിലെ ഏതാണ്ട് എല്ലാ ജില്ലകളിലും ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. 2020 സെപ്തംബറില്‍ യു പി നിയമസഭ ഒരു മതംമാറ്റനിരോധന നിയമം പാസ്സാക്കിയതിനു ശേഷം ഇത്തരം സംഭവങ്ങള്‍ പല മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രാര്‍ത്ഥനായോഗങ്ങള്‍ നടക്കുന്ന വീടുകളിലേയ്ക്കും കൂടാരങ്ങളിലേയ്ക്കും ഇരച്ചു കയറുക, മുദ്രാവാക്യങ്ങള്‍ വിളിക്കുക. നേതാക്കളെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുക, സംഗീതോപകരണങ്ങളും സൗണ്ട് സിസ്റ്റവും തകര്‍ക്കുക, പ്രാര്‍ത്ഥനാപുസ്തകങ്ങളും ബൈബിളുകളും കത്തിക്കുക, പോലീസില്‍ കള്ളക്കേസ് കൊടുത്ത് ക്രൈസ്തവരെ അറസ്റ്റ് ചെയ്യിപ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഈ അക്രമങ്ങള്‍ക്കെതിരെ പോലീസ് ഉദാസീനത പാലിക്കുകയോ അക്രമികളെ സഹായിക്കുകയോ ചെയ്യുന്നു. അക്രമത്തിനിരകളാകുന്നവര്‍ പരിഭ്രാന്തരായി പോലീസിനെ വിളിച്ചാലും അവര്‍ മൗനം പാലിക്കുകയും പലപ്പോഴും ഇരകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പോലീസ് സ്റ്റേഷനിലും ജയിലിലും മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം മാത്രമേ മിക്കവര്‍ക്കും ജാമ്യം ലഭിക്കാറുള്ളൂ. ഇവാഞ്ചലിക്കല്‍ സഭകളാണ് മിക്കപ്പോഴും ഈ പീഢനങ്ങള്‍ക്കിരകളാകുന്നതെന്നും ഡേവിഡ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org