നിങ്ങളെ ഏൽപിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിര്‍ബന്‌ധം മൂലമായിരിക്കരുത്‌. ദൈവത്തെപ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്‌ഛയോടെ ആയിരിക്കരുത്‌, തീക്‌ഷ്‌ണതയോടെ ആയിരിക്കണം; അജഗണത്തിന്‍റ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്‌, സന്‍മാതൃക നല്‍കിക്കൊണ്ടായിരിക്കണം. ഇടയൻമാരുടെ തലവൻ പ്രത്യക്ഷപ്പെടുമ്പോൾ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്കു ലഭിക്കും. (1 പത്രോസ് 5 : 2 – 4)

1) "പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും " രേഖപ്പെടുത്തപ്പെട്ടതിനാൽ പട്ടം വലിയൊരു ചോദ്യചിഹ്നമാകുകയും 'ഭക്തിപൂർവം കൊന്ത ചൊല്ലും' എന്നതിനാൽ മാത്രം പട്ടം ലഭിക്കുകയും ചെയ്ത പുണ്യപുരുഷനായ ഒരു പുരോഹിതന്റെ സ്മൃതിദിനത്തിൽ ധ്യാനിക്കാൻ ഇതിലും മികച്ച വചനഭാഗമില്ല.

നിർബന്ധം X സൻമനസ്സ്

ലാഭേച്ഛ X തീക്ഷ്ണത

ആധിപത്യം X സൻമാതൃക

അജഗണത്തെ പരിപാലിക്കുന്നതിന്റെ  ദൈവശാസ്ത്രം എത്ര സരളമായാണ് ആദ്യ മാർപാപ്പ വിശദീകരിക്കുന്നതെന്നു നോക്കൂ. ലളിതമായി പറഞ്ഞാൽ ഈ ദ്വന്ദ്വങ്ങളിലാണ് ഒരു പുരോഹിതന്റെ ജീവിതം വിലയിരുത്തപ്പെടുന്നത്. മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം ലഭിക്കാൻ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് സ്പഷ്ടമാണല്ലോ.

2) പ്രത്യക്ഷത്തിൽ വിചിത്രമെന്നു തോന്നാവുന്ന ഒരു ചോദ്യമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളത്.

സെമിനാരിയിൽ പോയിട്ടുണ്ടോ? Are you an ex- seminarian ?

അൽമായരും സിസ്‌റ്റേഴ്സും പുരോഹിതരുമൊക്കെ അത് ചോദിച്ചിട്ടുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല, ഏറ്റവും ഒടുവിൽ ആ ചോദ്യം ഉന്നയിക്കപ്പെട്ടിട്ട് കഷ്ടിച്ച് 20 മണിക്കൂറുകളേ ആയിട്ടുള്ളൂ !

ഫലിതരസപ്രധാനമായി മറുപടി പറയാൻ കഴിയുന്നവരോടു പറയാറുള്ളത് ഇപ്രകാരമാണ്:

ഉവ്വ്, പോയിട്ടുണ്ട്. കൂടുതൽ തവണ പോയിട്ടുള്ളത് ആലുവ മംഗലപ്പുഴ സെമിനാരിയിലാണ്. വീട്ടിൽ നിന്ന്   10 കിലോമീറ്ററേയുള്ളൂ ദൈവമനുഷ്യരുടെ വിഖ്യാതമായ ആ ഭവനത്തിലേക്ക്. പ്രിയപ്പെട്ടവർ പലരുടെയും തിയോളജി പഠന കാലത്ത് ചില സായന്തനങ്ങളിൽ വീട്ടിലേക്ക് മടങ്ങും വഴി അവിടെ കയറും. കുറെ നേരം സംസാരിക്കും; അവരുടെ വോളിബോൾ കളി കാണും; വായിക്കാനായി അവർ തരുന്ന പുസ്തകങ്ങളുമായി മടങ്ങും. 22 വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. (31 വർഷങ്ങൾക്കു മുമ്പ് ഇടവകയിൽ 'യൂത്ത് ക്ലാസ്' എടുത്തിരുന്ന ഒരു ഡീക്കൻ ഇപ്പോൾ അവിടെ പ്രഫസറായുണ്ട്.   പ്രിയങ്കരനായ ആ വൈദികന്റെ സാന്നിധ്യമാണ് മംഗലപ്പുഴയുമായി ഇപ്പോഴുള്ള ഏക ബന്ധം.)

പിന്നെ, വടവാതൂരിൽ ഒന്നോ രണ്ടോ തവണ പോയിട്ടുണ്ട്. ഇടവകയിൽ   12 വർഷം കളിച്ചും പഠിച്ചും ഒപ്പമുണ്ടായിരുന്ന രണ്ട് ആത്മമിത്രങ്ങൾ ബിരുദപഠനകാലത്ത് സെമിനാരിയിൽ പോയി. ഒരാൾ SVD സഭയിലും മറ്റൊരാൾ MST സഭയിലും. അവരുടെ പഠനകാലത്ത് മൈസൂരിലും ഉജൈനിലുമുള്ള അവരുടെ സെമിനാരികളിലും പോയിട്ടുണ്ട്. അത്രേയുള്ളൂ സെമിനാരിയിൽ പോയതിന്റെ ചരിത്രം.

നിഗൂഢവും അദൃശ്യവുമെങ്കിലും ശക്തവും സവിശേഷവുമായ ചില കാണാച്ചരടുകളിട്ടാണ് ദൈവം ഓരോ മനുഷ്യനെയും തന്നോടു ചേർത്തുബന്ധിക്കുന്നത് എന്ന് നന്നായി അറിയാവുന്നതിനാൽ ആ ചോദ്യത്തിൽ പരിഭവമില്ല.

3) ഏതാനും വർഷങ്ങൾക്കു മുമ്പ് ഗൗരവമുള്ള ഒരു പരിശോധനയ്ക്കായി കുറച്ചു ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. രൂപതയിൽ സുഹൃത്തുക്കളായ അനേകം വൈദികരുണ്ടെങ്കിലും ആരോടും പറഞ്ഞിരുന്നില്ല. അഡ്മിറ്റായ അന്ന് രാത്രി ആയപ്പോൾ ആകെ അസ്വസ്ഥത.

ആശുപത്രിയിൽ ആണെന്നും നാളത്തെ കുർബാന എനിക്കുവേണ്ടി അർപ്പിക്കണമെന്നും പറഞ്ഞ് ആത്മമിത്രമായ അച്ചന് സന്ദേശമയച്ച ശേഷം കിടന്നു. രാവിലെ തിയറ്ററിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഫോൺ നോക്കിയത്. രാത്രി 11 മണിക്ക് ഇപ്രകാരമൊരു മറുപടി വന്നിരുന്നു :

" മനസ്സിന് ചെറിയ ഒരു വിഷമം. അരുതാത്തത് ഒന്നും നിനക്കു വരല്ലേ എന്നു പ്രാർത്ഥിക്കാൻ പോലും പേടിയാകുന്നു. നാളേക്ക് മാറ്റുന്നില്ല. ഇപ്പോൾ , ഈ സമയം സങ്കീർത്തിയിൽ ഞാൻ കുർബാന ചൊല്ലാൻ പോവാണ്….. എന്റെ പൗരോഹിത്യത്തിന്റെ ഏറ്റവും വലിയ സമർപ്പണമായി ഈ കുർബാന മാറും…… നിനക്ക് ഒന്നും സംഭവിക്കില്ല….. "

വായിച്ചു കണ്ണു നിറഞ്ഞു. മോണിംഗ് ഓഡേഴ്സിന് വന്ന നേഴ്സ് പിള്ളേർ കളിയാക്കി :

" സാറിനിത്ര പേടിയാണോ? "

ഒന്നും പറഞ്ഞില്ല. പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലേ പറയാൻ പറ്റൂ

4) "യഥാ ദിവ്യപൂജ തഥാ പുരോഹിത: "എന്ന് പറയുന്നത് സത്യമാണ്.
കുർബാന എങ്ങനെയോ അങ്ങനെ തന്നെ പുരോഹിതനും; ജീവിതമെങ്ങനെയോ അങ്ങനെ തന്നെ കുർബാനയും .

പ്രിയ പുരോഹിതാ,

തക് സയിൽ നോക്കി
നീ ഉരുവിടുന്ന കുറെ
വാക്കുകളല്ലല്ലോ;
നീ തന്നെയല്ലേ കുർബാന ?

ഒരു തമോഗർത്തത്തിനും
വിട്ടുകൊടുക്കാതെ
നിന്നെ സ്വന്തമാക്കിയ
ഒരഗ്നിഗോളത്തിന്റെ ഓർമയല്ലേ കുർബാന?

ഏതു പ്രളയമഴയിലും
നിന്നെ തീ പിടിപ്പിക്കുന്ന
പ്രണയാഗ്നിമുദ്രയല്ലേ?

ഏതാലസ്യത്തിൽ നിന്നും
നിന്നെയുണർത്തുന്ന ഊർജ്ജപ്രവാഹമല്ലേ?

ഏതു കാലുഷ്യത്തിലും കലരാതെ കാക്കുന്ന കരുണാർദ്രസ്നേഹമല്ലേ?

അനുഗ്രഹിക്കാനായി
ആകാശത്തേക്ക് നീയുയർത്തുന്ന കരങ്ങളിൽ,
നീ വെട്ടിവാഴ്ത്തുന്ന കുരിശടയാളങ്ങളിൽ,
നിന്റെ പൂട്ടിയ മിഴിയിണകളിൽ,

നിന്റെ കണ്ണീരിനാൽ
വിയർപ്പിനാൽ
വിലാപങ്ങളാൽ
നീ വിരിയിച്ചെടുക്കുന്ന
ദൈവരാജ്യത്തിന്റെ നിറമുള്ള കിനാക്കളിൽ,
ഒക്കെ പിടഞ്ഞുണരുന്ന
സത്യാഗ്നിസാരമല്ലേ?

കൊടുങ്കാറ്റുകളുടെ ആരവമില്ലാതെ
നീ വിളിച്ചിറക്കുന്ന അഭിനവ അഗ്നിനാവല്ലേ?

രക്തം വിയർക്കാത്ത
നിന്റെ ഗത്സെമനികളിൽ,
ഏകാകിയാകുന്ന പ്രത്തോറിയങ്ങളിൽ, നീ പിടഞ്ഞുതീരുന്ന
ഗൊൽഗോഥാകളിൽ
ഒക്കെയായി നീ മുറിച്ചു വിളമ്പുന്ന കുർബാന നീ തന്നെയല്ലേ?

നീ,

പുസ്തകങ്ങളിലില്ലാത്ത
പ്രാർത്ഥന
സുവിശേഷങ്ങളില്ലാത്ത
സുവിശേഷം
നീ തന്നെ അർപ്പകൻ
നീ തന്നെ ഹവിസ്സ്

5)  ഹെൻറി ന്യൂവൻ വിശേഷിപ്പിച്ചത് സത്യമാണ്:

ഓരോ പുരോഹിതനും wounded healer ആണ് / ആകേണ്ടതാണ്. മുറിവേറ്റ സൗഖ്യദായകൻ. അവർക്ക് മുറിവേൽക്കാതിരിക്കാനല്ല ഇപ്പോൾ പ്രാർത്ഥിക്കാറുള്ളത്; മുറിവേറ്റാലും മുറിവേൽപ്പിക്കാതെ സൗഖ്യദായകരായി മാറാൻ കഴിയണേ എന്നാണ്.

6) കഴിഞ്ഞ ഞായറാഴ്ചയും വീട്ടിൽ ക്ലാസെടുത്തു. മൂത്തവൾ ക്രിസ്റ്റയ്ക്ക്. എട്ടാം ക്ലാസിലെ 'സഭ: ആത്മാവിനാൽ നയിക്കപ്പെടുന്ന സമൂഹം ' എന്ന നാലാം പാഠമാണ് എടുത്തത്. അഞ്ചര മണിക്കൂർ കൊണ്ടാണ് തീർന്നത്. അവൾ കേസ് സ്റ്റഡീസിന്റെയും ഉദാഹരണങ്ങളുടെയും ആളാണ്.

പാഠം തീർന്നപ്പോഴേക്കും തൊണ്ട അടഞ്ഞു.
ക്ലാസിനൊടുവിൽ അവൾ ചോദിച്ച ചോദ്യം ഇതാണ്:

" സത്യത്തിൽ പപ്പയ്ക്ക് സെമിനാരിയിൽ പോകാമായിരുന്നില്ലേ? "

കാണാചരടിന്റെ കാര്യം മുമ്പ് പറഞ്ഞില്ലേ; അതു തന്നെ…..

"അൽമായനാണു പോലും, അൽമായൻ "

എന്നു കൂടി പോകുമ്പോൾ അവൾ പറയുന്നതു കേട്ടു. ഞാൻ കേട്ടില്ലെന്നാണ് അവൾ കരുതിയത്.

7 ) പാസ് വേഡുകളിൽ പലതും PADRE / PRIEST/ ACHAN എന്നൊക്കെയാണ്. കാര്യങ്ങൾ എല്ലാം സുഭദ്രമാണെന്ന് അഭിപ്രായമില്ല. വൈദികർക്കായി തീക്ഷ്ണമായി പ്രാർത്ഥിക്കേണ്ട കാലമാണ്. ഇരുണ്ട കാലത്തിന്റെ കനലുകൾ തീണ്ടി അവർക്കും പൊള്ളലേൽക്കുന്നുണ്ട്. തണലാകേണ്ടത് നമ്മുടെ പ്രാർത്ഥനകളാണ്.

സൂത്രവാക്ക് ഒരു തവണ അമർത്തുമ്പോൾ ഹൃദയം ഇങ്ങനെ മന്ത്രിക്കും:

നിത്യപുരോഹിതനായയേശുവേ, നിന്റെ ഒരു അഭിഷിക്തനെ വിശുദ്ധീകരിക്കണേ,

ഇടറിനിൽക്കുന്ന നിന്റെ ഒരു പുരോഹിതനെ ഉറപ്പിയ്ക്കണേ…..

ആത്മാവിൽ മായാത്ത മുദ്ര പേറുന്ന നിന്റെ ഒരു വൈദികനെ പരിശുദ്ധാത്മാവിനാൽ ഉജ്വലിപ്പിക്കണമെ

ഉവ്വ്, കുർബാനകൾ ഇല്ലെങ്കിലും കൂടുതൽ എരിവോടെ ഇപ്പോൾ പ്രാർത്ഥിച്ചുപോകുന്നുണ്ട്:

നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസൻമാരായ വൈദികർക്ക് ….

പ്രിയപ്പെട്ട എല്ലാ പുരോഹിതർക്കും പ്രണാമം.

സജീവ് പാറേക്കാട്ടിൽ