സന്നദ്ധ പ്രവര്‍ത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യന്‍ ജോസഫ്

സന്നദ്ധ പ്രവര്‍ത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യന്‍ ജോസഫ്

വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാര്‍ത്ഥമായ സേവനം എത്തിച്ചു നല്‍കുന്നതാണ് ശരിയായ സന്നദ്ധ പ്രവര്‍ത്തനമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റന്‍സിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തില്‍ ഇടപെടുമ്പോള്‍ തനിക്ക് എന്തു ലാഭം എന്ന കഴുകന്‍ ചിന്തയില്‍ നിന്നു മാറി അപരന്റെ അവസ്ഥയില്‍ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന ആഭിമുഖ്യം പുതിയ തലമുറയ്ക്ക് മാതൃകകളിലൂടെ പകര്‍ന്നു നല്‍കാന്‍ നമുക്കു കഴിയണം. മുന്നിലുള്ള തടസങ്ങളേക്കാള്‍ മനസിലുള്ള തടസങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ ആദ്യം മാറ്റിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ ദര്‍ശനത്തോടെ സന്നദ്ധ പ്രവര്‍ത്തനം ഒരു ജീവിത ശൈലിയായി രൂപപ്പെടുത്തണമെന്നും ജസ്റ്റീസ് ആഹ്വാനം ചെയ്തു.

അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റോഡപകടങ്ങളിലും മറ്റും മുറിവേറ്റ് ആരും സഹായത്തിനില്ലാതെ വഴിയില്‍ കിടന്നു മരിക്കുന്ന സംഭവങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ സന്നദ്ധ പ്രവര്‍ത്തന പരിശീലനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിരൂപത നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടത്തിയ വെബിനാറില്‍ സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍ മോഡറേറ്ററായിരുന്നു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി, സഹൃദയ അസി.ഡയറക്ടര്‍ ഫാ.ജിനോ ഭരണികുളങ്ങര, സമരിറ്റന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ലാല്‍ കുരിശിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org