യുവാക്കള്‍ ദേശീയബോധവും പൗരബോധവും ഉള്ളവരാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

യുവാക്കള്‍ ദേശീയബോധവും പൗരബോധവും ഉള്ളവരാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഫോട്ടോ അടിക്കുറിപ്പ് : എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ത്തോമാ മണ്ഡപത്തില്‍ നടന്ന മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ കര്‍മങ്ങള്‍ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടക്കം കുറിക്കുന്നു. വികാരി ജനറല്‍ മോണ്‍ ജോസഫ് മലേപ്പറമ്പില്‍, എസ് എം വൈ എം രൂപതാ ഡയറക്ടര്‍ ഫാ സിറില്‍ തോമസ് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ എന്നിവര്‍ സമീപം

ചേര്‍പ്പുങ്കല്‍ : യുവാക്കള്‍ നാട്ടില്‍ പഠിച്ചു ഗവണ്‍മെന്റ് ജോലികള്‍ കരസ്ഥമാക്കണമെന്നും രാജ്യത്തിനായി സേവനം ചെയ്ത് ദേശസ്‌നേഹം ഉള്ളവരാകണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എസ് എം വൈ എം പാലാ രൂപതയുടെ ചേര്‍പ്പുങ്കല്‍ മാര്‍ത്തോമാ മണ്ഡപത്തില്‍ മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ചരിത്രബോധമുള്ള പുസ്തകങ്ങള്‍ എഴുതിയ പാലാക്കാരെ അനുസ്മരിക്കുകയും പാരമ്പര്യ ബോധ്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സുറിയാനി ഭാഷാ പഠന കേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ അതിനെ യൂണിവേഴ്‌സിറ്റി ആക്കി മാറ്റുകയും ചെയ്യണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. നമ്മുടെ കലാലയങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ ശൈലിക്കു പുറമേ ഏത് ദേശീയ ശൈലിയും വളര്‍ത്തണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രേഷിത പ്രവര്‍ത്തനത്തിനായി മാര്‍ തോമാശ്ലീഹാ ഹെന്ദോയില്‍ വന്നു രൂപംകൊടുത്ത ക്രൈസ്തവ സമൂഹം എന്നും ഒരൊറ്റ ഇന്ത്യ എന്ന കാഴ്ചപ്പാട് കാത്തുസൂക്ഷിച്ച വരായിരുന്നു. ഒന്നായി നിന്ന സുറിയാനിക്രൈസ്തവ സമൂഹം പിന്നീട് വിവിധ കാരണങ്ങളാല്‍ ഭിന്നിച്ചെങ്കിലും ചേര്‍പ്പുങ്കല്‍ പോലുള്ള സഭാ കേന്ദ്രങ്ങളില്‍ ഒന്നിക്കുമ്പോള്‍ ഒന്നിപ്പിന്റെ അരൂപി വ്യാപിക്കുകയാണെന്ന് പിതാവ് അനുസ്മരിച്ചു. മാര്‍ത്തോമാശ്ലീഹായുടെ ചെരുപ്പ് വച്ച സ്ഥലം ചേര്‍പ്പുങ്കല്‍ ആയി മാറിയെന്ന പാരമ്പര്യം വളരെ ബലവത്താണെന്നും വൈദേശിക ശക്തികള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും ഒന്നിച്ചുനിന്ന കാലത്തെ നിലപാടുകള്‍ ക്രൈസ്തവ സഭകള്‍ക്ക് ഇന്നും ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പിച്ചു. ഖുത്താആ നമസ്‌കാരത്തോടുകൂടി തുടങ്ങിയ തിരുനാളില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് മലേപ്പറമ്പില്‍, ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ് എം വൈ എം രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍, ബ്രദര്‍ ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, ഫെബിന്‍ കാഞ്ഞിരത്താനം, അപ്പച്ചന്‍ മൂന്നുപീടികയില്‍, ജിമ്മി ലിബെര്‍ട്ടി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സഭകളെയും നസ്രാണി കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ച് യുവജനങ്ങള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org