ഉന്നത പ്രതീക്ഷകളുമായി യുവജനസിനഡിനു തുടക്കം

ഉന്നത പ്രതീക്ഷകളുമായി യുവജനസിനഡിനു തുടക്കം

"യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ വിവേചനം" എന്ന വിഷയത്തെക്കുറിച്ച് ആഗോള സിനഡിനു വത്തിക്കാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാരംഭ ദിവ്യബലി അര്‍പ്പിച്ചു. മെത്രാന്‍ സിനഡിന്‍റെ സെക്രട്ടറി ജനറല്‍ കാര്‍ഡിനല്‍ ലോറെന്‍സോ ബാല്‍ദിസേരി സിനഡിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് തൊട്ടുമുമ്പ് ഒരു പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സഭയുടെ ഭാവിയെ സംബന്ധിച്ചു നിര്‍ണായകമായിരിക്കുന്നത് യുവജനങ്ങളാണെന്നും അതുകൊണ്ടു തന്നെ കാലാനുസൃതമായി സഭയെ നവീകരിക്കാന്‍ യുവജനങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ അത്യാവശ്യമാണെന്നും കാര്‍ഡിനല്‍ വ്യക്തമാക്കി

സിനഡില്‍ മെത്രാന്മാര്‍ക്കു പുറമെ 49 ഓഡിറ്റര്‍മാരും അഞ്ചു വന്‍കരകളിലെ തങ്ങളുടെ സമപ്രായക്കാരെ പ്രതിനിധീകരിക്കുന്ന 36 യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. ആകെ 300 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്. ഇവരില്‍ കാര്‍ഡിനല്‍മാരും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ വിദഗ്ദ്ധരും ഉണ്ട്. ചൈനയില്‍നിന്നു രണ്ടു മെത്രാന്മാര്‍ പങ്കെടുക്കുന്നു എന്നത് ഈ സിനഡിന്‍റെ ഒരു സവിശേഷതയാണ്. 1965-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡ് സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ചൈനയില്‍ നിന്നുളള മെത്രാന്മാര്‍ സിനഡിനെത്തുന്നത്. ചൈനയുമായുള്ള വത്തിക്കാന്‍റെ ബന്ധം സുഗമമാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതിന്‍റെ ഫലമാണിത്.

സിനഡിലെ ചര്‍ച്ചകളും അതിന്‍റെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന അന്തിമപ്രസ്താവനയും മാര്‍പാപ്പ പുറപ്പെടുവിക്കുന്ന മറ്റു രേഖകളും സഭയുടെ ഭാവിക്കു ദിശാസൂചകങ്ങളായി മാറുമെന്ന പ്രത്യാശ സിനഡിനെത്തിയ അംഗങ്ങള്‍ പങ്കുവയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org